Friday 13 May 2022 10:17 AM IST : By സ്വന്തം ലേഖകൻ

ലോക്ഡൗണ്‍ കാലത്ത് കയ്യിലെ പണമെല്ലാം തീര്‍ന്നു, പ്രതിസന്ധിയിലായി: തുറന്നു പറഞ്ഞ് സരിക

sarika

നടിയും നടൻ കമൽഹാസന്റെ മുൻഭാര്യയുമായ സരിക അഭിനയരംഗത്ത് വീണ്ടും സജീവമാകാനുള്ള തയാറെടുപ്പിലാണ്. ‘മോഡേണ്‍ ലൗ മുംബൈ’ എന്ന വെബ് സീരീസിലൂടെയാണ് താരത്തിന്റെ പുതിയ തുടക്കം.

ഇപ്പോഴിതാ, കോവിഡ് ലോക്ഡൗണില്‍ താന്‍ അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ച് താരം പറഞ്ഞതാണ് ശ്രദ്ധേയമാകുന്നത്.

‘സിനിമയില്‍ ഏറെ തിരക്കുള്ള സമയത്താണ് ഒരു വര്‍ഷത്തെ ഇടവേളയെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അത് അഞ്ച് വര്‍ഷത്തോളം നീണ്ടു. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാമെന്ന് കരുതി നാടകരംഗത്തേക്ക് മടങ്ങി. അത് നന്നായി ആസ്വദിച്ചുവെങ്കിലും അതിനിടെയാണ് ലോക്ഡൗണ്‍ വന്നത്. അതോടെ കയ്യിലുള്ള പണമെല്ലാം തീര്‍ന്നു. നാടകത്തില്‍ നിന്ന് 2000-2700 രൂപയാണ് ലഭിക്കുന്നത്. അതുകൊണ്ട് ഒന്നും തികയുമായിരുന്നില്ല’.- സരിക പറഞ്ഞു.

1988 ല്‍ നടന്‍ കമല്‍ ഹാസനുമായുള്ള വിവാഹശേഷം സരിക പത്ത് വര്‍ഷത്തോളം സിനിമയില്‍ അഭിനയിച്ചിരുന്നില്ല. 2004ല്‍ കമല്‍ ഹാസനുമായുള്ള ബന്ധം അവസാനിപ്പിച്ചു. 2005ല്‍ ‘പര്‍സാനിയ’ എന്ന ചിത്രത്തിലൂടെ സരിക അഭിനയരംഗത്തേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി. രാഹുല്‍ ദലോക്കിയ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും സരിക സ്വന്തമാക്കി.