Tuesday 18 June 2019 04:35 PM IST : By സ്വന്തം ലേഖകൻ

‘ഞങ്ങളുടെ വഴക്കുകൾ പതിനഞ്ചു ദിവസം വരെയൊക്കെ നീണ്ടു നിൽക്കും’! തുറന്നു പറഞ്ഞ് ഷാഹിദ് കപൂർ

shahid-new

ബോളിവുഡിലെ പ്രിയ ദമ്പതിമാരാണ് ഷാഹിദ് കപൂറും മിറയും. പരസ്പരം എന്തും തുറന്നു പറയാവുന്ന നല്ല സുഹൃത്തുക്കളാണ് തങ്ങളെന്ന് പലപ്പോഴും തെളിയിച്ചിട്ടുള്ള ഷാഹിദും മിറയും ഇപ്പോള്‍ തങ്ങള്‍ക്കിടയിലെ പിണക്കങ്ങളെക്കുറിച്ചാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

തങ്ങള്‍ക്കിടയിലെ വഴക്കുകള്‍ ദിവസങ്ങളോളം നിലനില്‍ക്കുമെന്നാണ് ഷാഹിദ് പറയുന്നത്. നേഹ ധൂപിയ അവതാരകയായെത്തുന്ന ചാറ്റ് ഷോയിലാണ് ഷാഹിദിന്റെ തുറന്നു പറച്ചിൽ.

‘‘ഞങ്ങൾ തമ്മില്‍ വഴക്കിടുമ്പോള്‍ ഞാന്‍ വലിയ ദേഷ്യത്തിലാകും. അതെന്നെ ബുദ്ധിമുട്ടിക്കുമെന്നതിനാൽ, അതില്‍ നിന്നു പുറത്തു കടക്കാന്‍ ഏറെ സമയം വേണ്ടി വരും. മാസങ്ങള്‍ കൂടുമ്പോഴാണ് ഞങ്ങള്‍ തമ്മില്‍ വഴക്കിടുക. പക്ഷെ അത് ഏറെ ദിവസം നീണ്ടു നില്‍ക്കും. ഏതാണ്ട് പതിനഞ്ച് ദിവസം വരെയൊക്കെയാകാം. ഒടുവിൽ അത് സംസാരിച്ചു തീര്‍ക്കും’’.– ഷാഹിദ് പറയുന്നു.

മറ്റൊരാളുടെ അഭിപ്രായത്തെ എതിര്‍ക്കാനും പിന്നീട് ഓരോരുത്തരുടേയും വ്യത്യസ്തതയെ കൈകാര്യം ചെയ്യാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും വഴക്കിടുന്നത് നല്ലതാണെന്ന് ഷാഹിദ് പറയുന്നു.

2015 ലായിരുന്നു മിറ രാജ്പുത്– ഷാഹിദ് കപൂർ വിവാഹം. ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട്, മിഷയും സെയ്നും.