Wednesday 09 October 2024 11:29 AM IST : By സ്വന്തം ലേഖകൻ

‘റേസിങ് ഡ്രൈവറായി നിങ്ങളെ വീണ്ടും കാണുന്നതില്‍ അതിയായ സന്തോഷം’: ആശംസകളുമായി ശാലിനി

ajith

തെന്നിന്ത്യയുടെ പ്രിയതാരം അജിത് പുതിയ റേസിങ് ക്ലബ് രൂപീകരിച്ചത് അടുത്തിടെയാണ്. ‘അജിത്കുമാര്‍ റേസിങ്’ എന്നാണ് ടീമിന്റെ പേര്. അഭിനയത്തോടൊപ്പം തന്നെ റേസിങ്ങിലും ക്രേസ് ഉള്ള നടനാണ് അജിത്. ദുബായിലെ ഓട്ടോഡ്രോമിൽ അജിത് ഫെരാരി 488 ഇവിഒ ടെസ്റ്റ് ഡ്രൈവ് ചെയ്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു കൊണ്ട് അജിത്തിന്റെ മാനേജരായ സുരേഷ് ചന്ദ്രയാണ് റേസിങ് ടീമിന്റെ വിവരങ്ങൾ പങ്കുവച്ചത്. പോർഷെ 992 ജിടി3 കപ്പിനുവേണ്ടിയുള്ള യൂറോപ്യൻ സീരിസായ 24 എച്ച് സീരീസിലായിരിക്കും ടീം ആദ്യം മത്സരിക്കുക. 24 എച്ച് സീരീസില്‍ ഫാബിയാൻ ഡുഫിയക്സ് ആയിരിക്കും ഒഫീഷ്യൽ ഡ്രൈവർ.
ഇപ്പോഴിതാ, അജിത്തിന്റെ പുതിയ സംരംഭത്തിന് ഭാര്യ ശാലിനി സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ നേര്‍ന്നിരിക്കുന്നു.

‘നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള, റേസിങ് ഡ്രൈവറായി വീണ്ടും നിങ്ങളെ കാണുന്നതില്‍ അതിയായ സന്തോഷമുണ്ട്. നിങ്ങള്‍ക്കും നിങ്ങളുടെ ടീമിനും വളരെ സുരക്ഷിതമായ വിജയാശംസകള്‍ നേരുന്നു’ എന്നാണ് ശാലിനി ഇന്‍സ്റ്റയി കുറിച്ചത്.

പ്രേക്ഷകരുടെ പ്രിയദമ്പതികളാണ് അജിത് കുമാറും ശാലിനിയും. ഇരുവരും ഒന്നിച്ചുള്ള ഒരു സെൽഫി വിഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. വിദേശ യാത്രയ്ക്കിടെ ഒരു സ്ട്രീറ്റിൽ കൂടി ഇരുവരും ഒന്നിച്ചു നടക്കുമ്പോൾ ശാലിനിയാണ് സെൽഫി വിഡിയോ പകർത്തുന്നത്. ഇടയ്ക്കിടെ അജിത് ശാലിനിയെ ചേർത്തുപിടിച്ച് ക്യാമറയിലേക്ക് നോക്കുന്നുണ്ട്. ഇരുവരുടെയും ആരാധകർ വിഡിയോ ഏറ്റെടുത്തു.