Saturday 11 August 2018 02:17 PM IST : By സ്വന്തം ലേഖകൻ

‘നമ്മൾ ഒരുമിച്ചില്ലാത്ത ആദ്യ പിറന്നാൾ’; ഉള്ളുപിടയുന്ന വേദനയൊളിപ്പിച്ച് മകന് സൊണാലിയുടെ പിറന്നാൾ ആശംസ

sonali-son

ലൈം ലൈറ്റിൽ താരറാണിയായി നിറഞ്ഞാടിയിരുന്ന സൊണാലി ബേന്ദ്ര നമുക്കിന്നൊരു നൊമ്പരക്കാഴ്ച്ചയാണ്. അർബുദം നൽകിയ വേദന ഉള്ളിലൊതുക്കി സൊണാലി ചിരിക്കുന്നുണ്ടാകും. എന്നാൽ അവരെ ഹൃദയത്തിലേറ്റു വാങ്ങിയ ആരാധകർക്ക് അവരെ ഓരോ വട്ടവും കാണുമ്പോൾ ഉള്ളു പിടയും.

വേദനകളെ ഒരു വശത്തേക്ക് മാറ്റിനിർത്തി ചിരിച്ചുകൊണ്ട് ജീവിതത്തെ നേരിടുകയാണ് സൊണാലി. അവരുെട ആത്മവിശ്വാസത്തിന്റെ കഥകൾ സോഷ്യൽ മീഡിയ വഴി നമ്മുടെ മുന്നിലേക്ക് എത്തുന്നുമുണ്ട്. ഇപ്പോഴിതാ മകന്റെ പതിമൂന്നാം ജന്മദിനത്തിൽ സൊണാലി പങ്കുവച്ച ഒരു വിഡിയോയാണ് ഏവരുടേയും കണ്ണുനിറയിക്കുന്നത്.

സൊണാലിയുടെ വാക്കുകൾ ഇങ്ങനെ;

“രണ്‍വീര്‍, എന്റെ സൂര്യന്‍, ചന്ദ്രന്‍, താരങ്ങള്‍, ആകാശം… ഞാന്‍ അല്പം മെലോഡ്രമാറ്റിക് ആവുകയാണ്. നിന്റെ പതിമൂന്നാം പിറന്നാള്‍ ഇത് അര്‍ഹിക്കുന്നുണ്ട്. നീ ഇപ്പോള്‍ ഒരു ടീനേജറാണ്. ആ അറിവ് എന്റെ തലയിലേക്ക് ഇറങ്ങാന്‍ കുറച്ചു സമയം വേണ്ടി വരും. ഞാന്‍ നിന്നില്‍ എത്ര അഭിമാനിക്കുന്നു എന്ന് എനിക്ക് പറഞ്ഞറിയിക്കാന്‍ കഴിയില്ല. നിന്റെ ബുദ്ധി, ഫലിതങ്ങള്‍, ശക്തി, കരുണ… എന്തിന് നിന്റെ കുസൃതി പോലും. കുട്ടിയല്ലാത്ത എന്റെ മകന് ജന്മദിനാശംസകള്‍. നമ്മള്‍ ഒരുമിച്ചല്ലാത്ത ആദ്യ പിറന്നാള്‍. ഞാന്‍ നിന്നെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു. ഒരു പാട് സ്നേഹം, എല്ലായ്പ്പോഴും”, എന്നാണ് സൊനാലി കുറിച്ചത്.

രോഗാവസ്ഥയിലിരിക്കേ മകനൊപ്പമുള്ള ചിത്രം സൊണാലി പങ്കുവച്ചിരുന്നു. തന്റെ പന്ത്രണ്ടു വയസുകാരനായ മകനോട് രോഗ വിവരത്തെക്കുറിച്ച് തുറന്നു പറഞ്ഞ നിമിഷത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ ഒരു കുറിപ്പ് പങ്കു വച്ചിരുന്നു സൊനാലി. പന്ത്രണ്ടു വയസ്സുകാരനായ മകന്‍ തന്റെ അസുഖ വിവരം അറിഞ്ഞതില്‍ പിന്നെ മുതിര്‍ന്ന ഒരാളെപ്പോലെ തന്റെ കാര്യങ്ങള്‍ എല്ലാം നോക്കുന്നു എന്നാണ് സൊനാലി കുറിച്ചത്.