Monday 13 August 2018 04:45 PM IST : By സ്വന്തം ലേഖകൻ

ശ്രീയുടെ ജന്മനാളിൽ ഓർമ്മകളുടെ കടലിരമ്പം; അമ്മയുടെ ഓർമ്മയിൽ ജാൻവി

sreedevi

വിടപറഞ്ഞ് നാളുകളേറെയായെങ്കിലും ശ്രീദേവിയെന്ന അഭിനയ പ്രതിഭയുടെ ഓർമ്മകൾക്ക് ആരാധകരുടെ മനസിൽ ഇന്നും മരണമില്ല. വെള്ളിത്തിരയിൽ അവർ പകർന്നാടിയ വേഷങ്ങളും ജ്വലിക്കുന്ന ഒരുപിടി ഓർമ്മകളും ആരാധകർക്കും കുടുംബാംഗങ്ങൾക്കും ഇന്നും കൂട്ടായുണ്ട്.

ഇപ്പോഴിതാ ശ്രീദേവി ബാക്കി വച്ചു പോയ ഓർമ്മകളിലേക്ക് ഒരിക്കൽ തിരികെ നടക്കുകയാണ് മകൾ ജാൻവി കപൂർ. ശ്രീദേവിയുടെ അൻപത്തിയഞ്ചാം പിറന്നാൾ ദിനമായ ഇന്ന് ഒരു പഴയകാല ഓർമ്മ ചിത്രം പങ്കുവയ്ക്കുകയാണ് ജാൻവി. ചിത്രത്തില്‍ പുഞ്ചിരിച്ചുകൊണ്ടു നില്‍ക്കുന്ന ശ്രീദേവിയും കുഞ്ഞു ജാന്‍വിയും ബോണി കപൂറുമാണ് ഉള്ളത്. ജാന്‍വി ചിത്രം പങ്കുവച്ചതിന്റെ തൊട്ടുപിന്നാലെ ശ്രീദേവിയുടെ അടുത്ത സുഹൃത്തുക്കളും ആരാധകരും തങ്ങളുടെ ആശംസകള്‍ അറിയിക്കുകയും ശ്രീദേവിയെ ഓര്‍ക്കുകയും ചെയ്തു.

കഴിഞ്ഞ വർഷത്തെ ശ്രീദേവിയുടെ പിറന്നാൾ, ഫാഷന്‍ ഡിസൈനറും ശ്രീയുടെ അടുത്ത സുഹൃത്തുമായ മനീഷ് മൽഹോത്രയുടെ വസതിയിൽ വച്ചായിരുന്നു ആഘോഷിച്ചത്. രേഖ, ഷബാന ആസ്മി, ഐശ്വര്യ റായ്, റാണി മുഖര്‍ജി, വിദ്യാ ബാലന്‍, ടിന അമ്പാനി, കരണ്‍ ജോഹര്‍ തുടങ്ങിയവരെല്ലാം ആഘോഷത്തിൽ പങ്കെടുത്തു. മനീഷ് മല്‍ഹോത്രയായിരുന്നു ശ്രീദേവിയുടെ പിറന്നാള്‍ ആഘോഷങ്ങളുടെ സൂത്രധാരന്‍.

ശ്രീദേവിയുടെ സ്വപ്നമായിരുന്നു മകൾ ജാൻവിയുടെ സിനിമാ അരങ്ങേറ്റം. ജാൻവിയുടെ ആദ്യ ചിത്രമായ ധടക്കിന്റെ ചിത്രീകരണ സമയത്തായിരുന്നു ശ്രീദേവി മരണത്തിന് കീഴടങ്ങുന്നത്.