Thursday 21 March 2019 10:27 AM IST : By സ്വന്തം ലേഖകൻ

അനീസ് സലിമിന്റെ ‘ദി സ്മോള്‍ ടൗണ്‍ സീ’ സിനിമയാകുന്നു! മറ്റൊരു സാഹിത്യകൃതി കൂടി സ്ക്രീനിലെത്തിക്കാൻ ശ്യാമപ്രസാദ്

anees

മറ്റൊരു സാഹിത്യകൃതി കൂടി സിനിമയാക്കാനൊരുങ്ങി ശ്യാമപ്രസാദ്. ഇത്തവണ, മലയാളിയായ പ്രശസ്ത ഇന്ത്യൻ–ഇംഗ്ലീഷ് എഴുത്തുകാരന്‍ അനീസ് സലീമിന്റെ, ‘ദി സ്മോള്‍ ടൗണ്‍ സീ’ എന്ന നോവലാണ് ശ്യാമപ്രസാദിന്റെ സംവിധാനത്തിൽ സ്ക്രീനിലെത്തുക.

കടലോര പട്ടണത്തിന്റെ പശ്ചാത്തലത്തിൽ ഒരു കുട്ടിയുടെ കഥയാണ് നോവൽ.

പുസ്തകം വായിച്ചപ്പോള്‍ തന്നെ അത് സിനിമയാക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് സംവിധായകന്‍ പറയുന്നു. ചിത്രം ഈ വര്‍ഷം പാതിയോടെ ഷൂട്ടിങ് ആരംഭിക്കുമത്രേ.

ശ്യാമപ്രസാദ് തിരക്കഥയൊരുക്കുന്ന ചിത്രം മലയാളി പ്രേക്ഷകരെ മാത്രം മുന്നില്‍ കണ്ടായിരിക്കില്ല ഒരുക്കുക.

ശ്യാമപ്രസാദിന്റെ പ്രശസ്ത ചിത്രം ‘അഗ്നിസാക്ഷി’ ലളിതാംബിക അന്തര്‍ജനത്തിന്റെ അതേ പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കി ഒരുക്കിയതായിരുന്നു. ടെന്നീസീ വില്യംസിന്റെ ‘ദ ഗ്ലാസ് മെനാജിരി’യാണ് ‘അകലെ’യായത്. ‘ആര്‍ടിസ്റ്റ്’ പരിതോഷ് ഉത്തമിന്റെ ‘ഡ്രീംസ് ഇന്‍ പ്രഷന്‍ ബ്ലൂ’ എന്ന പുസ്തകമാണ്.

പ്രശസ്തമായ പരസ്യകമ്പനിയിൽ ജോലി ചെയ്യുന്ന അനീസ് സലിം ഇന്ത്യയിലെ പ്രശസ്തരായ ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരിൽ ഒരാളാണ്. വാനിറ്റി ബാഗ്, വിക്സ് മാംഗോ ട്രീ, ബ്ലൈന്‍ഡ് ലേഡീസ് ഡിസന്റന്‍സ്, ടെയില്‍സ് ഫ്രം എ വെന്‍ഡിങ് മെഷീന്‍ എന്നിവയാണ് അനീസിന്റെ പ്രശസ്ത രചനകൾ. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് കൂടിയാണ് അനീസ്.