Thursday 19 October 2023 04:17 PM IST

‘പെറ്റിക്കോട്ടിട്ട് കൂടെ പോകാൻ വാശി പിടിച്ചു; ഇന്നുമുണ്ട് മനസ്സിൽ, അച്ഛന്റെ വിരൽത്തുമ്പ് പിടിച്ചു മഞ്ഞിലൂടെ ആ യാത്ര’; അനുമോൾ പറയുന്നു

Tency Jacob

Sub Editor

A63I6410-copy

മറ്റാരോ തെളിക്കുന്ന വഴികളിലൂടെ സഞ്ചരിച്ചു മടുത്തിട്ടാകണം നമ്മുടെ പെണ്ണുങ്ങൾ ഇപ്പോൾ ‘യാത്രകൾ ഒറ്റയ്ക്കു മതി’ യെന്ന് തീരുമാനിക്കുന്നത്. മനസ്സ് പതറി നിൽക്കുമ്പോൾ, വീട്ടിലെയും ജോലി സ്ഥലത്തെയും  വേഷങ്ങൾ തീർത്തും മടുക്കുമ്പോൾ, പേരറിയാ സങ്കടം വന്നു പൊതിയുമ്പോൾ, സങ്കടദിനങ്ങൾ കരഞ്ഞു തീർക്കുന്നത് പഴങ്കഥ. ചേഞ്ച് വേണമെന്നു തോന്നിയാൽ സഞ്ചിയും തൂക്കി ഇറങ്ങുകയായി. ‘കൂടെ വാ’ എന്നു പറഞ്ഞ് കൈ പിടിക്കുന്നത് മറ്റാരെയുമല്ല തന്നെത്തന്നെയാണ്. ഒറ്റയ്ക്കു യാത്ര ചെയ്യുന്നത് ഇഷ്ടപ്പെടുന്ന താരങ്ങളെ പരിചയപ്പെടാം. ഇത്തിരി ദിവസം തനിച്ചു നടന്ന് ഒത്തിരി ദിവസത്തേക്കുള്ള ഊർജം സമ്പാദിക്കുന്ന അവരുടെ അദ്ഭുത സഞ്ചാരവഴികളും.

‘ഇനിയും ഒറ്റയ്ക്കൊരു യാത്ര പോയില്ലേ’ എന്നു പെണ്ണുങ്ങൾ പെണ്ണുങ്ങളോട് ‌ചോദിക്കുന്ന കാലമാണ്. യാത്രയുടെ അപൂർവ അനുഭൂതികൾ പങ്കുവയ്ക്കുകയാണ് നടി അനുമോള്‍. 

ഓർമയിലെ ആദ്യ സഞ്ചാരം നാലാം ക്ലാസിലെ ഊട്ടി യാത്രയാണ്. അച്ഛന് അവിടെ ബിസിനസ്സായിരുന്നു. ഒരിക്കൽ അച്ഛൻ കാറിൽകയറി പോകാനൊരുങ്ങുമ്പോൾ കണ്ണുംതിരുമ്മി ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു വന്ന ഞാൻ കൂടെ പോകാൻ വാശി പിടിച്ചു. പെറ്റിക്കോട്ടായിരുന്നു ഞാനിട്ടിരുന്നത്. പിന്നെ, ടൗണിൽ പോയി ഉടുപ്പ് വാങ്ങി അച്ഛൻ എന്നെയും കൂടെ കൊണ്ടുപോയി. ആ വർഷം തന്നെയായിരുന്നു അച്ഛന്റെ മരണവും. ഇന്നുമുണ്ട് മനസ്സിൽ, അച്ഛന്റെ വിരൽത്തുമ്പ് പിടിച്ചു മഞ്ഞിലൂടെ ആ യാത്ര.

ഒറ്റയ്ക്ക്, ധാരാളം മനുഷ്യരെ കണ്ടും മിണ്ടിയും യാത്ര ചെയ്യാനാണ് എനിക്കിഷ്ടം. കൈനകരിയിലൂടെയുള്ള സഞ്ചാരം അത്തരത്തിലൊന്നായിരുന്നു. രാവിലെ  വള്ളത്തിൽ കയറി കറങ്ങാനിറങ്ങിയപ്പോൾ കറിക്കുള്ള മീനിനായി ചൂണ്ടയിട്ട് കാത്തിരിക്കുന്ന അമ്മമാർ. വെള്ളത്തിൽ കുത്തിമറിയുന്ന കുട്ടികൾ. നല്ല കുളിർമയുള്ള ജീവിതക്കാഴ്ചകൾ. യാത്രകളിൽ ഞാനൊരിക്കലും തിടുക്കപ്പെടാറില്ല. കാണാനിറങ്ങിയ ദേശങ്ങളോടും മനുഷ്യരോടും ‘എനിക്കു കണ്ടു മതിയായില്ല,വീണ്ടും വരാം’ എന്നു പറഞ്ഞാണ് തിരികെ പോരുക. യാത്രയാണ് എന്റെ ലഹരി.

Tags:
  • Manorama Traveller