Thursday 29 September 2022 02:46 PM IST : By സ്വന്തം ലേഖകൻ

അമേയയുടെ ആദ്യത്തെ സോളോ യാത്ര; രസകരമായ കുറിപ്പുകളോടെ തായ്‌ലൻഡ് വിശേഷങ്ങൾ

ameya-mathew-solo-trip-thailand-cover

ഇനി കുറച്ചു ദിവസം അങ്ങ് സുഖിക്കണം ദാസാ', ‘ഇൻബോക്സിൽ കോഴീ സംഹാരം.... ഔട്ട്‌സൈഡിൽ സീതാ പ്രയാണം…!’ ഫ്ലോട്ടിംഗ് മാർക്കറ്റ് & ഫ്ലൈയിംഗ് മീ!, മീറ്റിംഗ് കിംഗ് ഖാൻ & ക്വീൻ Elizabeth II (Late) ഇൻ തായ്ലാന്റ് !... വെറുതെ സഞ്ചാര ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയല്ല, രസകരമായ ക്യാപ്ഷനുകൾ കൊണ്ട് അവയെ ശ്രദ്ധേയമാക്കുകയും ചെയ്യുന്നു മോഡലും നടിയുമായ അമേയ മാത്യു. തിരുവനന്തപുരം സ്വദേശിായ അമേയയ്ക്ക് അഭിനയം കഴിഞ്ഞാൽ കൂടുതൽ ഇഷ്ടം യാത്രകളാണ്. പോകുന്നയിടത്തെ ചിത്രങ്ങളും വിഡിയോയും രസകരമായ അടിക്കുറിപ്പോടെ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാനും താരം മറക്കാറില്ല. തന്റെ തായ്‍‍ലന്‍ഡ് യാത്രയുടെ ഫോട്ടോകളും വിഡിയോകളും പതിവുപോലെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. തമാശ നിറഞ്ഞ ക്യാപ്ഷനുകളാണ് പോസ്റ്റുകളുടെ ഹൈലൈറ്റ്. 'ഇനി കുറച്ചു ദിവസം അങ്ങ് സുഖിക്കണം ദാസാ' എന്ന ക്യാപ്ഷനോടെയുള്ള വിഡിയോ പോസ്റ്റോടെയാണ് തായ്‌ലൻഡ് സോളോ യാത്രയുടെ തുടക്കം.

ഫ്ലോട്ടിങ് മാര്‍ക്കറ്റ്

ameya-mathew-solo-trip-thailand-floating-market

തായ്‌ലൻഡിലേക്കുള്ള യാത്രകളില്‍ തീർച്ചയായും കണ്ടിരിക്കേണ്ട ഫ്ലോട്ടിങ് മാർക്കറ്റ് ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്. ചെറിയ ബോട്ടുകളില്‍ ഒഴുകി നടന്ന്, ഭക്ഷണസാധനങ്ങളും മറ്റും വില്‍ക്കുന്ന കച്ചവടക്കാരാണ് ഇത്തരം മാർക്കറ്റിൽ ഉണ്ടാവുക. തായ്‌ലൻഡ് കൂടാതെ ഇന്തോനേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിലാണ് പ്രധാനമായും ഇത്തരം ഫ്ലോട്ടിങ് മാർക്കറ്റുകൾ കാണപ്പെടുന്നത്.

ഇപ്പോൾ ടൂറിസ്റ്റ് ആകര്‍ഷണമായാണ് ഇത്തരം മാര്‍ക്കറ്റുകള്‍ ഉയര്‍ത്തിക്കാണിക്കുന്നതെങ്കിലും ബാങ്കോക്ക് നഗരത്തില്‍ ഇവ പണ്ടേയുണ്ട്. ബാങ്കോക്ക് വികസിക്കുന്നതിനു മുന്‍പുതന്നെ, ജലപാതകളിലൂടെ സാധനങ്ങള്‍ കൊണ്ടുനടന്നു വില്‍പ്പന നടത്തുന്നവര്‍ ഇവിടെ ധാരാളമുണ്ടായിരുന്നു. കനാലുകൾ ഒരു ജനപ്രിയ വ്യാപാര മാർഗമായി ഇന്നും തുടരുന്നു. ഇവിടെ വിനോദസഞ്ചാരികള്‍ക്കുള്ള ടൂറുകളും ലഭ്യമാണ്. ഡാംനോൻ സദുവാക്ക്, ബാംഗ് കച്ചാവോ, അംഫവ ഫ്ലോട്ടിംഗ് മാർക്കറ്റ് മുതലായവയാണ് ബാങ്കോക്കിലെ ഏറ്റവും പ്രശസ്തമായ ഫ്ലോട്ടിംഗ് മാര്‍ക്കറ്റുകള്‍. വിനോദസഞ്ചാരികളുടെ തിരക്ക് ഒഴിവാക്കാന്‍ ഉച്ചഭക്ഷണത്തിന് മുമ്പാണ് ഇത്തരം മാര്‍ക്കറ്റുകള്‍ സന്ദര്‍ശിക്കാനുള്ള ഏറ്റവും നല്ല സമയം.

വാട്ട് അരുണിന് മുന്നില്‍

ameya-mathew-solo-trip-thailand-watarun

‘ഇൻബോക്സിൽ കോഴീ സംഹാരം.... ഔട്ട്‌സൈഡിൽ സീതാ പ്രയാണം…!’ ക്യാപ്ഷനോടെയാണ് അമേയ തായ്‌ലൻഡിലെ വാട്ട് അരുണിന് മുന്നില്‍ നിന്നെടുത്ത ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ബാങ്കോക്കിലെ യായി ജില്ലയിൽ ചാവോ ഫ്രയ നദിയുടെ തൻബുരി പടിഞ്ഞാറ് തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ബുദ്ധക്ഷേത്രമാണ് വാട്ട് അരുൺ റച്ചവാറരം റച്ചവാറരമഹാവിഹാൻ എന്ന വാട്ട് അരുൺ. പ്രഭാതത്തിലെ ആദ്യ വെളിച്ചം ക്ഷേത്രത്തിന്റെ ഉപരിതലത്തിൽ നിന്ന് തൂവെള്ള നിറത്തിൽ പ്രതിഫലിക്കുന്ന കാഴ്ച ഏറെ മനോഹരമാണ്.

അങ്ങനെ അതും ഒരു ഹിസ്റ്ററി

ameya-mathew-solo-trip-thailand-wax-museum

‘ഹിസ്റ്ററിയിൽ താല്പര്യമില്ലാത്ത ഞാനും കിങ്ങ്ഡം ഓഫ് തായ്‌ലാന്റ് എന്ന സ്വപ്ന നഗരത്തിലെ "Madame Tussauds" എന്ന ഹിസ്റ്റോറിക്കൽ വാക്സ് മ്യൂസിയത്തിൽ.. അങ്ങനെ അതും ഒരു ഹിസ്റ്ററി...’ എന്ന കുറിപ്പോടെയാണ് മാഡം ട്യുസോ വാക്സ് മ്യൂസിയത്തിൽ പോയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. ലോകപ്രശസ്തമായ മാഡം ട്യുസോ വാക്സ് മ്യൂസിയങ്ങളുടെ തായ്‌ലൻഡ് ശാഖയിൽ അന്തരിച്ച എലിസബത്ത് രാജ്ഞി മുതൽ ബോളിവുഡ് ബാദ്ഷാ ഷാരൂഖാൻ വരെയുണ്ട്. മറ്റു മെഴുകു മ്യൂസിയങ്ങളിൽ നിന്നു വ്യ‌ത്യസ്തമായി പ്രതിമകളെ തൊടാനും അവ നിർമിക്കുന്ന രൂതി മനസ്സിലാക്കാനുമുള്ള സൗകര്യം തായ്‌ലൻഡിലെ മാഡം ട്യുസോ വാക്സ് മ്യൂസിയത്തിലുണ്ട്.