Thursday 17 November 2022 03:47 PM IST

മരത്തിൽ നിന്ന് കളിപ്പാട്ടങ്ങൾ ജനിക്കുന്ന നാട്; ചന്നപട്ടണ എന്ന ചിന്നപ്പട്ടണം

Vijeesh Gopinath

Senior Sub Editor

channapatna-wooden-toys-story2-factory

ബെംഗളൂരുവിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ചന്നപട്ടണ എന്ന കുഞ്ഞുപട്ടണം. കർണാടകയിലെ രാമനഗര ജില്ലയുടെ താലൂക്കാസ്ഥാനമാണ് ഈ കുഞ്ഞുപട്ടണം. ഇവിടുത്തെ തെരുവുകളിലെ കടകളിലും വീടുകളോടു ചേർന്നുള്ള ഫാക്ടറികളിലും നിരത്തി വച്ചിരിക്കുന്ന കളിപ്പാട്ടങ്ങളും പാവകളും അതു നിർമിക്കുന്ന മനുഷ്യരും നമ്മളോടു കഥകൾ പറയും, പാവകൾ ജന്മമെടുക്കുന്ന കഥകൾ... കർണാടകയിലെ ഈ കൊച്ചുപട്ടണത്തിൽ കാലുകുത്തുന്നതോടെ എത്ര മുതിർന്ന ആളുകളും മനസ്സു കൊണ്ട് കുട്ടികളായി മാറും. പ്ലാസ്റ്റിക്കോ, സിന്തറ്റിക് നിറങ്ങളോ ഉപയോഗിക്കാതെ തടിയിൽ കടഞ്ഞെടുക്കുന്ന കളിപ്പാട്ടങ്ങൾ... കളിപ്പാട്ടങ്ങൾ പിറക്കുന്ന നാട്ടിലേക്ക് നമുക്ക് പോകാം...

എങ്ങനെ എത്തിച്ചേരാം...

മൈസൂർ-ബെംഗളൂരു റോഡിലാണ് ചന്നപട്ടണ. മൈസൂരിൽ നിന്ന് എൺപതു കിലോമീറ്ററും. ബെംഗളൂരുവിൽ നിന്ന് അറുപതു കിലോമീറ്ററുമുണ്ട്. ഒറ്റ ദിവസത്തെ യാത്രയ്ക്ക് അനുയോജ്യം. ചെറിയ ‍നഗരം ആയതു കൊണ്ടു തന്നെ താമസസൗകര്യമുള്ള ഹോട്ടലുകൾ കുറവാണ്. ചന്നപട്ടണയുടെ വഴികൾ നമ്മളെ കളിപ്പാട്ടങ്ങൾ തേടുന്ന കുട്ടികളാക്കി മാറ്റും.

ചരിത്രമുറങ്ങുന്ന പാവ വഴികൾ

channapatna-wooden-toys-musician

ദേശപരമായ പ്രത്യേകതകളാലും പരമ്പരാഗത മേന്മകൊണ്ടും ലഭിക്കുന്ന ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ‌ (ജിെഎ ടാഗ്) ചന്നപട്ടണ കളിപ്പാട്ടങ്ങൾക്കും പാവകൾക്കുമുണ്ട്. ടിപ്പു സുൽത്താനാണ് ചന്നപട്ടണയെ കളിപ്പാട്ടങ്ങളുടെ നാടാക്കാൻ കാരണമായത്. പേർഷ്യയിൽ നിന്ന് കളിപ്പാട്ട കലാകാരന്മാരെ ടിപ്പുസുൽത്താൻ ചന്നപട്ടണയുടെ മണ്ണിലേക്ക് കൊണ്ടുവന്നതത്രേ. െഎവറി വൂഡ് ധാരാളമായി ഉള്ള സ്ഥലമായിരുന്നു ഇത്. പേർഷ്യൻ കലാകാരന്മാരുടെ കരവിരുതു കണ്ടുപഠിച്ച് ചന്നപട്ടണക്കാർ അതു സ്വായത്തമാക്കി. പിന്നെയെല്ലാം ചരിത്രം. മരപ്പാവകളുടെ നിർമാണത്തിൽ അഞ്ചു തലമുറകളുടെ ചരിത്രമുള്ള ഭാരത് ആർട് ആൻഡ് കഫെ ഇപ്പോള്‍ അഞ്ചാം തലമുറയുടെ കൈകളിലാണ്. ഡിസൈനിങ് കോഴ്സ് പാസായി ജോലി തിരയുന്ന സുഹേൽ പർവേസിനോട് ബാപ്പ പറഞ്ഞു, ‘നീ മറ്റൊരു സ്ഥാപനത്തിൽ ജോലിക്കു പോവുകയാണെങ്കിൽ നിന്റെ കുടുംബം മാത്രം രക്ഷപ്പെടും. എന്നാൽ, ഈ സ്ഥാപനം നീയും അനുജൻ രൂഹേലും ഏറ്റെടുക്കുകയാണെങ്കിൽ ഒരുപാടു പേരുടെ ജീവിതമാണ് രക്ഷപ്പെടുക.’ സുഹേലും അനുജൻ രുഹേലും പറയുന്നു, ‘‘നേരിട്ടും അല്ലാതെയും അൻപതോളം പേർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. കുട്ടികളുടെ മൊബൈൽ അഡിക്‌ഷൻ മുതൽ ചൈന കളിപ്പാട്ടങ്ങൾ വരെ ഭീഷണിയായി നിൽക്കുന്നുണ്ടെങ്കിലും ചന്നപട്ടണ കളിപ്പാട്ടങ്ങൾ പിടിച്ചു നിൽക്കുന്നത് അതിന്റെ പെരുമയിലും ഗുണമേന്മയിലുമാണ്. ’’ പഠന ആവശ്യങ്ങൾക്കുള്ള കളിപ്പാട്ടങ്ങളും ഇവിടെയുണ്ടാക്കുന്നു. ഡിസൈൻ കൊടുക്കുകയാണെങ്കിൽ ഏതു തരം കളിപ്പാട്ടങ്ങളും ഇവർ നിർമിച്ചു തരും.

30 സെക്കന്‍ഡിൽ പമ്പരം

channapatna-wooden-toys-story2-pambaram

പമ്പരം ഉണ്ടാക്കാൻ അര മിനിറ്റ് മതിയെങ്കിലും അതിനായി മരം ഒരുക്കുന്നതിനു മാസങ്ങളെടുക്കും. െഎവറി മരം അറുത്തു കഴിഞ്ഞ് മൂന്നു മാസം ഉണങ്ങാനിടും. വെള്ളം വലിഞ്ഞ ശേഷം ഉണ്ടാക്കേണ്ട പാവയുടെ വലുപ്പം അനുസരിച്ച് മുറിക്കുന്നു. ചതുരത്തിലുള്ള മരക്കഷണത്തിന്റെ രൂപത്തിലാണ് മുറിക്കുക. പിന്നെയും ഒരു മാസത്തോളും ഉണങ്ങണം. പിന്നീടാണ് മെഷീനിലേക്ക് കൊണ്ടു പോവുന്നത്. മരക്കറയാണ് നിറമുണ്ടാക്കാൻ ഉപയോഗിക്കുക. കറ തീയിൽ ഉരുക്കും, ഇതിലേക്ക് സസ്യ നിർമിത ചായങ്ങൾ ചേർക്കും, മഞ്ഞ നിറത്തിന് മഞ്ഞൾ, ചുവപ്പിന് കുങ്കുമം. ഉണങ്ങി കഴിഞ്ഞാൽ മുറിച്ചെടുക്കും. മെഷീനിൽ പാവയുണ്ടാവുന്ന സമയത്ത് സ്റ്റിക് ഉപയോ ഗിച്ച് നിറം നൽകും. അതിനു പുറമേ ബ്രഷ് ഉപയോഗിച്ച് കണ്ണും കാതും വസ്ത്രങ്ങളുമെല്ലാം വരയ്ക്കും.