Tuesday 13 April 2021 03:23 PM IST

വിഷുവിന് കുട്ടികൾ നൽകും കൈനീട്ടം; ഓണാട്ടുകരയുടെ ഗുരുവായൂരായ ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക്...

Vijeesh Gopinath

Senior Sub Editor

Picture-015-(1) ഫോട്ടോ ശ്രീകാന്ത് കളരിക്കൽ

വിഷുവിന് കുട്ടികൾ കൈനീട്ടം നൽകുന്ന, ഒാണാട്ടുകരയുെട ഗുരുവായൂര്‍ ആയ ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക്, കുട്ടിമനസ്സോടെ ഒരു യാത്ര...

കഥയുടെ മൺമണമുള്ള കരയിലേക്കാണ് യാത്ര.  എന്നും ഒാണമുണ്ണുന്ന നാടെന്നു പേരുള്ള ഒാണാട്ടുകരയിലൂടെയാണ് പോകുന്നത്. ആകാശം കുളിച്ചൊരുങ്ങി  സ്വർണക്കുപ്പായവുമിട്ട് കൂടെ വരുന്നുണ്ട്. വെളിച്ചം പരക്കുന്നേയുള്ളൂ. ഇലകളിൽ മഞ്ഞിന്റെ ഇതളുകൾ പറ്റിയിരിക്കുന്നുണ്ട്. പാടവും തോടുമൊക്കെയായി നാടിന്റെ നന്മനിറഞ്ഞ കാഴ്ചകൾ കൺമുന്നിലൂടെ കടന്നു പോവുന്നു... അമ്പലമെത്തും മുന്നേ  ഒരു കഥ പറയാം, ഏവൂരിന്റെ കഥ, ഒാണാട്ടുകരയുടെ ഗുരുവായൂരായ ഏവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ ഉൽപ്പത്തിയുടെ കഥ.

പണ്ട് പണ്ട്, എന്നു വച്ചാൽ  വളരെപ്പണ്ട്, നമ്മൾ ഇപ്പോള്‍ പോകുന്ന ഏവൂരെന്ന നാട് കാടായിരുന്നു. ഒൗഷധഗുണമുള്ള സസ്യങ്ങളും വലിയ വൃക്ഷങ്ങളും ധാരാളം മൃഗങ്ങളും തിങ്ങി നിറഞ്ഞ െകാടുംകാട്.

പണ്ടൊരിക്കൽ ശ്വേതകി  എന്ന രാജാവ് നൂറുവർഷം നീണ്ടു നിന്ന യാഗം നടത്തി.  ശിവന്‍റെ നിർദേശപ്രകാരം ദുര്‍വാസാവ് മഹര്‍ഷിയുെട നേതൃത്വത്തില്‍ ആയിരുന്നു യാഗം. അനേക വർഷം ആ യാഗത്തിലെ ഹോമകുണ്ഡത്തിൽ വീണ ഹവിസ്സ് സേവിച്ച അഗ്നിദേവന് ഉദരരോഗം ബാധിച്ചു. അഗ്നിദേവൻ ബ്രഹ്മാവിനെ അഭയം പ്രാപിച്ച് സങ്കടം പറഞ്ഞു. ഖാണ്ഡവവനം ഭക്ഷിച്ചാൽ രോഗശാന്തി ഉണ്ടാകുമെന്നു ബ്രഹ്മാവ് ഉപദേശിച്ചു.

അങ്ങനെ വനത്തെ ദഹിപ്പിക്കാന്‍ അഗ്നി എത്തി. പക്ഷേ, ഇന്ദ്രന്റെ സുഹൃത്ത് തക്ഷകൻ ആ കാട്ടിലാണ് വസിച്ചിരുന്നത്. അഗ്നി പടരാൻ തുടങ്ങിയപ്പോഴേക്കും സുഹ‍ൃത്തിനെ രക്ഷിക്കാൻ ഇന്ദ്രൻ‌ മഴ െപയ്യിച്ചു.

അതോടെ അഗ്നി സങ്കടവുമായി വീണ്ടും  ബ്രഹ്മാവിന്റെ മുന്നിലെത്തി. ദേവൻ ആശ്വസിപ്പിച്ചു. കൃഷ്ണനെയും അർജുനനെയും കണ്ട് കാര്യങ്ങൾ പറയാൻ അഗ്നിയോട് ആവശ്യപ്പെട്ടു. എന്നിട്ടോ? കഥയുടെ ബാക്കി അമ്പലമുറ്റത്തെത്തിയിട്ട്.

തുളസീദളമാക്കുമോ കണ്ണാ...

_REL9513

കിഴക്കേ ഗോപുരവാതിലിലൂടെ അകത്തേക്കു കടന്നു. ചെമ്പു പൊതിഞ്ഞ മേൽക്കൂരയിൽ വെയില്‍ വീണു തുടങ്ങി. അഞ്ചുവയസുകാരനെ മടിയിലുരുത്തി നാമം ജപിക്കുന്ന മുത്തശ്ശിയെ പോലെ കാറ്റ് അരയായിലകളെ പിടിച്ച് നാരായണമന്ത്രം ചൊല്ലിക്കുന്നു.

നടയടച്ചിരിക്കുകയാണ്. അകത്തു നിന്ന് ഇടയ്ക്കയുടെ നാദം പുറത്തേക്കൊഴുകുന്നുണ്ട്. കണ്ണനു മുന്നിൽ നെയ്‍വിള ക്കു പോലെ എരിഞ്ഞ് ഭക്തർ കാത്തു നിൽക്കുന്നു.

നട തുറക്കുമ്പോഴേക്കും കഥയുടെ ബാക്കി കേൾക്കാം.  ഏ വൂർ ശ്രീകൃഷ്ണ സ്വാമീക്ഷേത്രത്തിലെ ‘അനുഷ്ഠാനം ക്ഷേത്ര കലാ പുനരുദ്ധാരണ സമിതി’ പ്രവർത്തകനായ ചന്ദ്രസേനൻ നായർ പറഞ്ഞു തുടങ്ങി.

‘‘അങ്ങനെ ബ്രഹ്മാവിന്റെ നിർദേശപ്രകാരം കൃഷ്ണനെയും അർജുനനെയും വന്നു കണ്ട് അഗ്നിദേവൻ സഹായം അ ഭ്യർഥിച്ചു. സംരക്ഷണം ഒരുക്കാൻ അർജുനന്‍ തയാറായി. അ ഗ്നി ആളിത്തുടങ്ങിയപ്പോഴേക്കും ഇന്ദ്രൻ മഴ പെയ്യിക്കാൻ തുടങ്ങി. അർജുനൻ ഖാണ്ഡവവനത്തിനു മീതെ ശരമെയ്ത് ശരകൂടമുണ്ടാക്കി മഴ താഴേക്കു പതിക്കുന്നതു തടഞ്ഞു. അങ്ങനെ  ഖാണ്ഡവ വനം ഭക്ഷിച്ച് അഗ്നിയുടെ രോഗം ശമിച്ചു എന്നുമാണ് പുരാണം പറയുന്നത്.

ശരം എയ്ത ഊര് എയ്തൂരും പിൽക്കാലത്ത് അതു ലോപിച്ച് ഏവൂരുമായി. ഞങ്ങളുടെ നാടിന് ഏവൂരെന്നു പേരു വന്നത് ഇങ്ങനെയെന്നാണ് വിശ്വാസം. രോഗശാന്തിയിൽ സംപ്രീതനായ അഗ്നി വൈഷ്ണവചൈതന്യം നിറഞ്ഞു നിൽക്കുന്ന ചതുർബാഹു വിഗ്രഹം പ്രതിഷ്ഠിക്കാന്‍ ആഗ്രഹം അറിയിച്ചു.  കൃഷ്ണഭഗവാൻ അതിന് അനുവാദം നൽകി. അർജുനൻ എവിടെ നിന്നാണോ അമ്പുകള്‍ എയ്തത് അവിടെ വിഗ്രഹം പ്രതിഷ്ഠിക്കാനാണ് ഭഗവാൻ നിർദേശിച്ചത്.

അങ്ങനെ അഗ്നിയും അർജുനനും ചേർന്നു വിഗ്രഹം പ്രതിഷ്ഠിച്ചെന്നും ഭഗവാൻ സ്വമേധയാ അതിലേക്ക് ചൈതന്യത്തെ നൽകി എന്നുമാണ് െഎതിഹ്യം. ശ്രീകൃഷ്ണൻ നേരിട്ടു ചൈതന്യം നൽകിയ ക്ഷേത്രമായതു കൊണ്ടാണ് വിഷുക്കാലത്ത് ഇത്രയേറേ പ്രാധാന്യം ലഭിച്ചത്. വിഗ്രഹത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ടെന്ന് പല രേഖകളും പറയുന്നു.’’  ശ്രീകോവിലിലേക്കുള്ള വഴി കാണിച്ച് ചന്ദ്രസേനൻ.

നട തുറന്നു. അനുഗ്രഹ തീർഥത്തണുപ്പ് നെറുകയിൽ ചൂടി   പ്രദക്ഷിണം വയ്ക്കുന്ന ഭക്തർ. തൊഴുകയ്യോടെ ക്ഷേത്രത്തിനകത്തേക്ക് നടന്നു. ആൾപ്പൊക്കത്തിൽ ഉയർന്നു നിൽക്കുന്ന വലിയ ബലിക്കൽ പുര. മുകളിൽ കൊത്തുപണിയുടെ വിസ്മയക്കൊട്ട് കണ്ടാൽ ഒരു നിമിഷം നിന്നു പോകും.

 രണ്ടു തട്ടിലായി രാമായണവും മഹാഭാരതവും കരവിരുതിന്റെ കവിതയായി വിരിഞ്ഞിട്ടുണ്ട്. അവതാരം മുതൽ ശ്രീരാമ പട്ടാഭിഷേകം വരെയുള്ള രാമായണ ഭാഗങ്ങളാണ് മുകൾ തട്ടിലുള്ളത്. നാലു ദിക്കിലേക്കും നോക്കി ഒന്നു ചുറ്റി വരുമ്പോഴേക്കും രാമായണ കഥ കൺമുന്നിലൂടെ കടന്നു പോകും.

ചുവടെ, ശിവഭഗവാൻ പാശുപതാസ്ത്രം നൽകി അർജുനനെ അനുഗ്രഹിക്കുന്ന കഥ. മഹാദേവൻ കാട്ടാളവേഷത്തിൽ ഭക്തനെ പരീക്ഷിക്കാനെത്തുന്നതും ഒടുവിൽ അസ്ത്രം നൽകി അനുഗ്രഹിക്കുന്നതും ഉളിയിൽ രൂപമെടുത്തിരിക്കുന്നു.  

ശ്രീകോവിലിനു മുന്നിലെത്തി. കൽപ്പടവുകളിൽ തുളസിയിതളുകളായി വീണുകിടക്കുന്ന പ്രാർഥനകൾ, ഭഗവാൻ കാതോർത്ത് എല്ലാം കേൾക്കുന്നുണ്ട്.

ചതുർബാഹുവായ ഭഗവാന്റെ ചന്ദനചർച്ചിത രൂപം.  കര്‍പ്പൂരഗന്ധത്തിൽ മുങ്ങി നിവർന്ന്  മിഴികളടച്ചു. കണ്ണു തുറക്കുമ്പോൾ ശ്രീകോവിലിൽ നിന്നു പുറത്തേക്കൊഴുകിയെത്തിയ മന്ദസ്മിതത്തണുപ്പ് മനസ്സിൽ തൊട്ടു.  

കുട്ടികളുടെ കൈനീട്ടം

_REL9520

ചുറ്റമ്പലത്തിൽ നിന്നു പുറത്തേക്കിറങ്ങി. വെയിലിന്റെ കന ൽച്ചൂടിൽ കൊന്ന വിഷുക്കാലം കാത്ത് മഞ്ഞപ്പൂവുടുപ്പ് ഇട്ടു കഴിഞ്ഞു. ഇലപ്പച്ച കാണാതെ മഞ്ഞയുടെ ഉത്സവം. ക്ഷേത്രത്തിനു വലം വയ്ക്കുമ്പോൾ വിഷുക്കണി ദർശനത്തെക്കുറിച്ച് ചന്ദ്രസേനൻ പറഞ്ഞു തുടങ്ങി.

‘‘എല്ലായിടത്തും മുതിർന്നവർ കൈനീട്ടം നൽകുമ്പോൾ ഏവൂർ ക്ഷേത്രത്തിൽ ഒരു വ്യത്യാസമുണ്ട്. ഇവിടെ കുട്ടികളാണ് മുതിർന്നവർക്ക് വിഷുക്കൈനീട്ടം നൽകുന്നത്. കാൽ‌നൂറ്റാണ്ടായി തുടരുന്ന ചടങ്ങിന് ഇന്ന് പതിനായിരങ്ങളാണ് എത്തുന്നത്. ഏതാണ്ട് ഇരുപതിനായിരം രൂപയുടെ നാണയങ്ങളാണ് കഴിഞ്ഞവർഷം കൈനീട്ടമായി നൽകിയത്. ഈ ചടങ്ങ് തുടങ്ങിയതിനു പിന്നിലും ഒരു കഥയുണ്ട്.

ക്ഷേത്രം കാരാഴ്മ കുടുംബത്തിലെ ഒരു ഭക്തന് സ്വപ്നദർശനമുണ്ടായി, ശ്രീകോവിലിൽ നിന്നിറങ്ങി വന്ന ഒരു കുട്ടി ഉരുളിയിൽ നിന്നു നാണയമെടുത്ത് വിതരണം ചെയ്യുന്നതായിട്ട്. സ്വപ്നത്തിൽ വന്നതു ഭഗവാൻ തന്നെയാണെന്നു തിരിച്ചറിഞ്ഞ്  അദ്ദേഹം ഇക്കാര്യം ക്ഷേത്ര അധികാരികളോടു പറഞ്ഞു.

അപ്പോഴാണ് മുടങ്ങിക്കിടന്ന തൃമധുരം വഴിപാടിനെ കുറിച്ച് പഴയ തലമുറയിലുള്ളവർ ഒാർമിക്കുന്നത്. പണ്ട് ഭക്തർക്ക് വാഴയില കുമ്പിളിൽ കദളിപ്പഴവും ശർക്കരയും തേനും നെയ്യുമെല്ലാം ചേർന്ന തൃമധുരം നൽകുമായിരുന്നു. കാലാന്തരത്തിൽ അതില്ലാതായി. ഭഗവാൻ എല്ലാം ഒാർമിപ്പിച്ചതാണെന്നു തിരിച്ചറിഞ്ഞ് വിഷു ദർശന സമയത്ത് കുട്ടികളെ കൊണ്ട് കൈനീട്ടവും തൃമധുരവും നൽകാൻ  തീരുമാനിച്ചു.  

തലേ ദിവസം തന്നെ ഉരുളിയിൽ കൈനീട്ടമായ് നൽകേണ്ട നാണയങ്ങൾ ശ്രീകോവിലിൽ വയ്ക്കും. വിഷുദർശനത്തിനു ശേഷം നാണയവും തൃമധുരവും വിതരണം ചെയ്യും. കുറച്ചു വർഷമായി ‘വിഷുത്തൈനീട്ട’മായി വൃ‍ക്ഷത്തൈകളും വിതരണം ചെയ്യുന്നുണ്ട്. കാർഷികവൃത്തിയുമായി ബന്ധപ്പെട്ട  ഉത്സവം കൂടിയാണല്ലോ വിഷു. ഒപ്പം വിഷുസദ്യയും  നടത്തും. പന്ത്രണ്ടു വർഷത്തിലധികമായി അന്യമതത്തിലുള്ള ഒരു ഭക്തനാണ് വിഷുസദ്യ നടത്തുന്നത്.’’ ചന്ദ്രസേനൻ പറഞ്ഞു.

അഗ്നിയാളിയ സ്വപ്നം

evoorbbjy566

വലംവച്ചെത്തിയത് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഊട്ടുപുരയ്ക്കു മുന്നിലാണ്. ആലുംമൂട്ടിൽ ശേഖരന്‍ ചാന്നാരാണ് ഇതു നിർമിച്ചത്. ക്ഷേത്ര പ്രവേശന വിളംബരത്തിനു മുന്‍പുള്ള കാലമായതിനാല്‍ അദ്ദേഹത്തിന് അന്നു ക്ഷേത്രത്തില്‍ കയറാൻ അനുവാദം ഉണ്ടായിരുന്നില്ല. എന്നിട്ടും ക്ഷേത്രത്തിനു പുറത്തു നിന്ന് അദ്ദേഹം നിർമാണത്തിനു മേൽനോട്ടം നടത്തി.

ഇപ്പോൾ കാണുന്ന ചെമ്പുപാകിയ  ക്ഷേത്രം നിർമിച്ചത് ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്താണെന്ന് ക്ഷേത്രം സബ് ഗ്രൂപ്പ് ഒാഫിസർ സുനിൽകുമാർ പറഞ്ഞു.  

ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാശി യാത്രയുടെ സമയം. ഒാടക്കുഴൽ വായിക്കുന്ന ശ്രീകൃഷ്ണനു ചുറ്റും തീനാളങ്ങൾ ഉയരുന്നതായി അദ്ദേഹം സ്വപ്നം കണ്ടത്രെ. പിറ്റേ ദിവസം തന്നെ ഏവൂർ ക്ഷേത്രത്തിനു തീപിടിച്ചെന്ന വാർത്തയുമായി ദൂതൻ എത്തി. ശ്രീകോവിലിനെ തീ വിഴുങ്ങും മുൻപ് കിഴക്കേ മഠത്തിലെ തിരുമേനി കുളത്തില്‍ മുങ്ങി വന്ന് വിഗ്രഹം എടുത്ത് ഊട്ടുപുരയില്‍ വച്ചെന്നും വിഗ്രഹം സുരക്ഷിതമാണെന്നും  ദൂതൻ അറിയിച്ചു. സ്വപ്നദർശനം ഉണ്ടായതുകൊണ്ടു തന്നെ മഹാരാജാവ് ക്ഷേത്രം മനോഹരമായി പുതുക്കിപ്പണിയാൻ ഉത്തരവിടുകയും ചെയ്തു.

മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരൊറ്റ  ഉപദേവനേ ഉള്ളൂ ഇവിടെ. കിരാതമൂർത്തിയായ പരമശിവൻ. അരികിൽ പീഠപ്രതിഷ്ഠയായി പാർവതീദേവിയും. ക്ഷേത്രത്തിനു പുറത്ത് ശ്രീകോവിലില്ലാതെയാണ് ഭൂതനാഥന്റെ പ്രതിഷ്ഠ. മ ഞ്ഞും മഴയും വെയിലും കൊണ്ടാണ് കിരാതമൂർത്തിയായ ഭഗവാൻ കുടികൊള്ളുന്നത്.

ഭഗവാന്റെ ഇഷ്ടവഴിപാടുകളിലൊന്ന് കഥകളിയാണ്.  ആ ഗ്രഹസിദ്ധിക്കായി ഭക്തർ ഭഗവാനു മുന്നിൽ കഥകളി നടത്തിക്കൊള്ളാമെന്നു പ്രാർഥിക്കുന്നു. നൂറ്റി എഴുപത്ത‍ഞ്ചോളം കഥകളികൾ ഒരു വർഷം അങ്ങനെ നടക്കാറുണ്ട്. അവതാരപൂജ നടക്കുന്ന സമയത്ത് കൃഷ്ണവേഷമുള്ള കഥകളിയാടുകയും പതിവുണ്ട്.

ഉച്ചപ്പൂജകഴിഞ്ഞ് നടയടയച്ചു കഴിഞ്ഞു. ക്ഷേത്രമുറ്റത്ത് ഭക്തരുടെ കാൽപ്പാടുകൾ മാത്രം ബാക്കിയായി. അതുവരെ കേട്ടിരുന്ന ഹരേ രാമ മന്ത്രം കാതിൽ മുഴങ്ങുന്നുണ്ട്. അകത്ത് കണ്ണൻ കളിയാടുന്നുണ്ട്. കാറ്റു പിടിച്ച അരയാലിലകൾ കണ്ണന്റെ കുസൃതികൾക്കൊപ്പം ചുവടുവയ്ക്കുകയാണോ?

വേലകളിയും പപ്പടം പറപ്പിക്കലും

IMG_3304

മൂന്നാം ഉത്സവം മുതൽ ഒൻപതാം  ഉത്സവം വരെയാണ് ഏവൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വേലകളി നടക്കുന്നത്.  ഭഗവാൻ എഴുന്നള്ളി ആനക്കൊട്ടിലിൽ എത്തുമ്പോൾ‌ വേലകളി കിഴക്കു നിന്നു വരുന്നു.

പിന്നീട് ക്ഷേത്രം ചുറ്റി വന്ന ശേഷമാണ് കുളത്തിൽ വേല. ക്ഷേത്രത്തിനടുത്തുള്ള വേലക്കുളത്തിൽ ഭഗവാൻ അവരെ ചാടിക്കുന്നു. തുടർന്ന് വേലകളിക്കാർ കുളത്തിന്റെ അങ്ങേ കരയിൽ പോയി വേലകളിക്കുന്നു. ദുഷ്ടശക്തികളെ ഭഗവാൻ തുരത്തിയോടിച്ചു എന്നതാണ്  വേലകളിയുെട സങ്കൽപം.

ശ്രീഭൂതനാഥനു മുന്നിൽ വെറ്റിലയും പപ്പടവും  പറപ്പിക്കുന്ന ചടങ്ങുണ്ട്. ഭക്തർ ഭഗവാനു മുന്നിൽ വെറ്റിലയും പപ്പടവും സമർപ്പിക്കും. വഴിപാടുകാരൻ തന്നെ ഭഗവാനു മുന്നിൽ നിന്ന് ആകാശത്തേക്ക് പറപ്പിക്കും.  ഇത് ഭക്തർ വീടുകളിലേക്ക് കൊണ്ടുപോകാറുണ്ട്.

എന്നാൽ ആറാട്ടിനെഴുന്നള്ളിക്കുമ്പോൾ മാത്രമേ  ഭഗവാനു മുന്നിൽ  പപ്പടം  പറപ്പിക്കാറുള്ളൂ.  ആയിരക്കണക്കിനു കെട്ടു പപ്പടമാണ് അന്ന് ഭക്തർ പറപ്പിക്കുന്നത്.

ഈശ്വര കാരുണ്യം

velakali_01

പൂജകൾ കഴിഞ്ഞ് നടയടച്ച ശേഷം മേൽ‌ശാന്തി  കണ്ടിയൂർ നീലമന പരമേശ്വരൻ നമ്പൂതിരി ഊട്ടുപുരയ്ക്ക് അരികിലെ മുറിയിലേക്കെത്തി. രണ്ടുവർഷത്തിലധികമായി അദ്ദേഹം ഈ ക്ഷേത്രത്തിലുണ്ട്.

‘‘ഇവിടെ മേൽശാന്തിയാകാനും ശ്രീചക്രധാരിയായ ഭഗവാന്റെ തൃപ്പാദത്തിൽ ചിട്ടകളോടെ പൂജ ചെയ്യാനുമാകുന്നത് ഈശ്വരകാരുണ്യം കൊണ്ടു മാത്രമാണ്.’’ തിരുമേനി കൈകൾ കൂപ്പി പറഞ്ഞു. ‘‘അതിപുരാതനമായ എല്ലാ മഹാക്ഷേത്രങ്ങളിലുമുള്ള പൂജാദി അടിയന്തരങ്ങ ൾ ഇവിടെയുമുണ്ട്. വലിയ പാരമ്പര്യവും െഎതിഹ്യവും ഉറങ്ങിക്കിടക്കുന്ന ക്ഷേത്രമാണിത്. മകരസംക്രമത്തിനു കൊടിയേറി പത്തു ദിവസമാണ് ഉത്സവം. അഷ്ടമിരോഹിണിയും വളരെ പ്രധാനമാണ്. ഉള്ളുരുകി വിളിച്ചാൽ കാരുണ്യമേകുന്ന ഭഗവാനാണ്. എത്രയോ ഉദാഹരണങ്ങൾ‌.’’