നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തിനു സന്നദ്ധസംഘടന വീട് വച്ചു നൽകിയിരുന്നു. എന്നാൽ ഈ വീട് ചോരുന്നു എന്ന ആരോപണവുമായി സുധിയുടെ ഭാര്യയും സോഷ്യൽ മീഡിയ താരവുമായ രേണു സുധി രംഗത്തെത്തിയത് ഇതിനോടകം ചർച്ചയാണ്. ഇപ്പോഴിതാ, ഈ വിവാദത്തിൽ പ്രതികരണവുമായി രംഗത്തിയിരിക്കുകയാണ് വീട് വയ്ക്കാൻ സ്ഥലം കൊടുത്ത ബിഷപ്പ് നോബിൾ ഫിലിപ്പ് അമ്പലവേലിൽ.
സുധിയുടെ രണ്ട് മക്കളുടെ പേരിലാണ് താൻ സ്ഥലം നൽകിയതെന്നും അല്ലാതെ രേണുവിന്റെയും കുടുംബത്തിന്റെയും പേരിലല്ലെന്നും അധ്വാനിക്കാൻ ആരോഗ്യമുള്ളവരാണ് അവരെന്നും ഒരു യൂ ട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ബിഷപ്പ് പറഞ്ഞു. രേണു സുധി പബ്ലിക് പ്ലാറ്റ്ഫോമിൽ വന്ന് ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞത് തന്നെ വിഷമിപ്പിച്ചെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.
അവശത അനുഭവിക്കുന്ന കലാകാരൻമാർക്കോ അറിയപ്പെടുന്നവർക്കോ സഹായം ചെയ്യാൻ എനിക്ക് ഭയമാണ്. ദേഷ്യം കൊണ്ടല്ല. കലയെ ആസ്വദിക്കുന്ന മനുഷ്യനാണ് ഞാൻ. പക്ഷെ ഈ വീട് കൊടുത്തതോടെ കുറേ പ്രശ്നങ്ങൾ എനിക്കുണ്ടായി. അതിൽ രേണു സുധിയുടെ പേര് ഞാൻ പറയുന്നില്ല. പക്ഷെ കുഞ്ഞുങ്ങൾക്ക് സ്ഥലമെഴുതി കൊടുത്തതിന്റെ പേരിൽ ഒത്തിരി മനപ്രയാസം അനുഭവിച്ചു. കരയേണ്ട അനുഭവങ്ങൾ വന്നിട്ടുണ്ട്. രേണു സുധി എന്നെ പേഴ്സണലി ഒന്നും പറഞ്ഞിട്ടില്ല. അതേസമയം തന്നെക്കുറിച്ച് വ്ലോഗർ തെറ്റായി പറയുമ്പോൾ ഒറ്റ വാക്കിൽ തിരുത്തിക്കൊടുക്കാമായിരുന്നെന്നും ബിഷപ്പ് പറയുന്നു.