Friday 03 May 2024 03:54 PM IST

ശരീരത്തിലെ നീരു കുറയാൻ മഞ്ഞൾപൊടി മാജിക്, ഹെയർ ഡൈയും മേക്കപ്പുമില്ലാതെ സൗന്ദര്യ സംരക്ഷണം: രാജിനി ചാണ്ടിയുടെ ഹെൽത് സീക്രട്ട്

Sruthy Sreekumar

Sub Editor, Manorama Arogyam

rajinie2343

‘ഒരു മുത്തശ്ശി ഗദ’ എന്ന സിനിമ ഇറങ്ങിയപ്പോൾ മലയാളികൾ ഒന്നടങ്കം പറഞ്ഞു, ‘ ഈ മുത്തശ്ശി സൂപ്പറാ’... ചട്ടയും മുണ്ടും ഉടുത്ത് ആരെയും കൂസാത്ത ചട്ടമ്പിയായ, തന്റേടിയായ മുത്തശ്ശി. സിനിമയിൽ മുത്തശ്ശിയായി പകർന്നാടിയ രാജിനി ചാണ്ടി ജീവിതത്തിലും തന്റേടിയാണ്.. എ ന്തു കാര്യത്തിനും മുന്നിട്ടിറങ്ങാൻ ധൈര്യമുള്ള സ്ത്രീ.

ജിം പുരുഷന്മാരുടേത് മാത്രം എന്ന് സമൂഹം വിശ്വസിച്ചിരുന്ന കാലത്തു നമ്മുെട നാട്ടിൽ സ്ത്രീകൾക്കായി ജിം ആരംഭിച്ച വ്യക്തിയാണ് രാജിനി. 72ാം വയസ്സിലും മനസ്സും ശരീരവും ഫിറ്റ് ആക്കി നിലനിർത്തണം എന്ന നിർബന്ധം രാജിനിക്ക് ഉണ്ട്. അതുകൊണ്ടു തന്നെ ദിവസവും ജിമ്മിൽ പോയി ഉള്ള വർക്ക് ഔട്ട് മുടക്കാറില്ല. വ്യായാമത്തെ ആവേശമായി കാണുന്ന കേരളത്തിന്റെ സൂപ്പർ മുത്തശ്ശി തന്റെ ആരോഗ്യവിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

കളിയിലൂെട ആരോഗ്യം

തൊടുപുഴയിലാണ് ഞാൻ ജനിച്ചതും വളർന്നതും. എട്ടു മക്കളിൽ ഏഴാമത്തെ ആളായിരുന്നു. നല്ല ആരോഗ്യത്തിനായുള്ള അടിത്തറ ചെറുപ്പകാലത്തു ത ന്നെ അന്നത്തെ ജീവിതരീതികളിലൂ
െട ലഭിച്ചിട്ടുണ്ട്. പറമ്പിലുടെയുള്ള ഒാട്ടം, മരത്തിൽ കയറി മാങ്ങാ പറിക്കുക, നല്ല നാടൻ ഭക്ഷണം... ഇന്നത്തെ മിക്ക കുട്ടികൾ ഇതെല്ലാം മിസ് െചയ്യുന്നുണ്ട്.

സ്കൂളിൽ പഠിക്കുമ്പോൾ എല്ലാം സ്‌പോർട്സ് ഐറ്റത്തിനും പങ്കെടുക്കും. ഒാട്ടം. ചാട്ടം...ഒന്നിനും മടിച്ചു നിന്നിട്ടില്ല. സമ്മാനമൊന്നും കിട്ടാറില്ലായിരുന്നു. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം അതൊരു വിഷയമേ അല്ലായിരുന്നു. പങ്കെടുക്കുക, അത്രേയുള്ളൂ. ഫുൾ പാവാട ഇട്ട് ഫുട്ബോൾ വരെ കളിച്ചിട്ടുണ്ട്.

ബാഡ്മിന്റനും നീന്തലും

വിവാഹശേഷമാണ് മുംബൈയിൽ എ ത്തുന്നത്. ആ സമയത്താണ് ഏയ്റോബിക്സ് ഒക്കെ പഠിക്കുന്നത്. 21 വർഷം അവിെട ഉണ്ടായിരുന്നു. തുടർന്ന് മൂന്നു വർഷം ദുബായിലും. മുംബൈയിൽ എത്തിയശേഷം ആദ്യം ബാഡ്മിന്റൻ പരിശീലനത്തിനു പോയി. പിന്നീടു നീന്തലിനും. പതിയെ ഇവയെല്ലാം ദിനചര്യയുെട ഭാഗമായി.

രാവിലെ നേരത്തെ എഴുന്നേറ്റു കളിക്കാനും നീന്താനും പോകും. ദുബായി ൽ എത്തിയശേഷവും നീന്തൽ തുടർന്നു. എവിെടയാണെങ്കിലും എപ്പോഴും ആക്ടീവ് ആയി ഇരിക്കാൻ ഞാൻ ശ്രമിക്കുമായിരുന്നു. വെറുതെ ഇരിക്കുന്ന പരിപാടിയേ ഇല്ല.

സ്വന്തമായി ജിം

1995ൽ കേരളത്തിലേക്കു മടങ്ങി. ആലുവയിൽ സെറ്റിൽ െചയ്തു. 1997 ലാണ് ആലുവയിൽ സ്ത്രീകൾക്കായി ഹെൽത് ക്ലബ് തുടങ്ങുന്നത്. ഏയ്റോബിക്സ് ആയിരുന്നു പ്രധാനം. ഞാൻ ത ന്നെയായിരുന്നു പരിശീലിപ്പിച്ചിരുന്നത്. ട്രെഡ്മിൽ പോലെ കുറച്ചു ഉപകരണങ്ങളെ ഉണ്ടായിരുന്നുള്ളൂ. ചെറി യ രീതിയുള്ള വർക്ക്‌ ഔട്ടുകളും പരിശീലിപ്പിക്കുമായിരുന്നു. ഒരു സ്ത്രീയു
െട 30 കിലോ ശരീരഭാരം പരിശീലനത്തിലൂെട കുറച്ചുകൊടുത്തിട്ടുണ്ട്. 2004 വരെ അതു നടത്തി. ജിമ്മും ഒരു ബിസിനസ് ആണ്. എനിക്കു ബിസിനസ് ചെയ്യാൻ വശമില്ല. ഫീസ് ഒക്കെ കർശനമായി വാങ്ങിക്കാറില്ലായിരുന്നു. അങ്ങനെയാണ് അതു നിർത്തിയത്. എന്നാലും ഞാൻ വ്യായാമം െചയ്യുന്നതു തുടർന്നു.

വീഴ്ചയെ തുടർന്നു വിശ്രമം

കുറച്ചു നാൾ മുൻപ് ഞാനൊന്നു വീ ണു. തോളിലെ ടെൻഡൻ പൊട്ടിപ്പോയി. ശസ്ത്രക്രിയ വേണ്ടിവന്നു. അതുകഴിഞ്ഞു പൂർണ വിശ്രമവും. ശസ്ത്രക്രിയയ്ക്കു ശേഷം എന്റെ കൈ പഴയതുപോലെ സ്മൂത്ത് ആയി പൊങ്ങുമെന്നു ഡോക്ടർമാർക്കു വരെ സംശയമായിരുന്നു. കാരണം പ്രായം ഒരു ഘടകമാണല്ലോ. പക്ഷേ ഞാൻ ഇപ്പോൾ പഴയതുപോലെ ഭാരമൊക്കെ പൊക്കും. എല്ലാം െചയ്യും. ഒന്നേകാൽ വർഷത്തോളം ഫിസിയോതെറപ്പി ചെയ്തിരുന്നു. ഈ സ മയത്ത് ശരീരഭാരം വർധിച്ചു. അതുകഴിഞ്ഞാണ് വീണ്ടും വ്യായാമം െചയ്യാനും ജിമ്മിൽ പോകാനും തുടങ്ങിയത്.

ജിമ്മിലെ ഒരു ദിവസം

ദിവസവും രാവിലെ അഞ്ച് മണിയോടെ ജിമ്മിൽ പോകും. ആലുവ മാർക്കറ്റിനടുത്തുള്ള എഫ് ത്രീ ഫിറ്റ്നസ് ജിമ്മിലാണ് പോകുന്നത്. എനിക്കു പേഴ്സനൽ ട്രെയ്നർ ഉണ്ട്. ആദ്യം ട്രെഡ്മില്ലിൽ നടക്കും. വാം അപ് പോലെ. 15 മിനിറ്റ്. ഓരോ ദിവസവും ഓരോ ശരീരഭാഗം കേന്ദ്രീകരിച്ചാണ് വ്യായാമപദ്ധതി തയാറാക്കിയിരിക്കുന്നത്. ഒരു ദിവസം കൈകൾക്കു വേണ്ടിയാണെങ്കിൽ അടുത്ത ദിവസം കാലിനു വേണ്ടി... ഇത് ഒരു മണിക്കൂർ കാണും. പിന്നീട് സൈക്ലിങ് പോലെ ആക്ടിവിറ്റി ചെയ്തു വ്യായാമം അവസാനിപ്പിക്കും. ഒരു ദിവസം ഒന്നേകാൽ മണിക്കൂർ ജിമ്മിൽ ചെലവഴിക്കും. ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും ജിമ്മിൽ പോകാറുണ്ട്.

ഇപ്പോൾ താമസിക്കുന്ന ഫ്ലാറ്റിന്റെ അടുത്ത് കുറച്ച് പറമ്പ് വെറുെത കിടന്നിരുന്നു. ഞാനും സഹായിയായ പയ്യനും കൂടി അവിെട പച്ചക്കറി കൃഷി െചയ്യുന്നുണ്ട്. പ്രഭാതഭക്ഷണം കഴിഞ്ഞശേഷമാണ് കൃഷി. രണ്ടു മണിക്കൂറോളം അവിടെ ചെലവിടും. ലോക്ഡൗൺ സമയത്താണെങ്കിലും കൃഷിയും മറ്റുമായി എപ്പോഴും ആ ക്ടീവ് ആയിരുന്നു.

ആഹാരം കുറച്ചു മതി

ഭക്ഷണകാര്യങ്ങളിൽ കാര്യമായ നിയന്ത്രണങ്ങൾ ഒന്നും ഞാൻ പാലിക്കാറില്ല. എന്നു കരുതി വലിച്ചുവാരി ഭക്ഷണം കഴിക്കുന്ന ആളുമല്ല ഞാൻ. ദോശ, ഇഡ്‌ലി എന്നിവയൊക്കെ രണ്ടെണ്ണം കഴിക്കും. ഉച്ചയൂണിനു നല്ല കറിയാണെങ്കിലും ചോറ് ഒന്നോ രണ്ടോ സ്പൂൺ മാത്രമെ എടുക്കൂ. വൈകുന്നേരം മധുരം ചേർക്കാതെ ചായ കുടിക്കും. കൂടെ പലഹാരം കഴിക്കുന്ന ശീലമൊന്നുമില്ല. രാവിലെ ജിമ്മിൽ പോകുന്നതിനു മുൻപ് ഒരു ഗ്ലാസ് വെള്ളമോ മധുരം ചേർക്കാതെ കട്ടൻ കാപ്പിയോ കുടിക്കും. ദിവസവും രാവിലെ അഞ്ച് ബദാം കഴിക്കും.

രണ്ടോ മൂന്നോ ടേബിൾസ്പൂൺ പാൽ ചൂടാക്കി അതിൽ അൽപ്പം മഞ്ഞൾപ്പൊടി ഇട്ടു കുടിക്കുമായിരുന്നു. വീട്ടിൽ തന്നെ വളർത്തിയ മഞ്ഞൾ ഉണക്കിപ്പൊടിച്ച് എടുത്തതാണ് ഉപയോഗിക്കാറ്. ശരീരത്തിലെ നീരൊക്കെ പോകാൻ ഇതു നല്ലതാണ്. ഹെയർ ഡൈ, മേക്കപ് എന്നിവ ഉപയോഗിക്കാറില്ല. നമ്മുടെ ത്വക്കിന് അതു ദോഷമാണെന്ന് ഞാൻ വിശ്വസിക്കുന്നു.

സൗന്ദര്യ സംരക്ഷണത്തിനായി പ്രത്യേകമായി ഞാൻ ഒന്നും െചയ്യാറില്ല. മാസത്തിലൊരിക്കൽ ബ്യൂട്ടി പാർലറി ൽ പോയി ഹെഡ് മസാജും ഫെയ്സ് മസാജും െചയ്യും. ഒരു റിലാക്സേഷനുവേണ്ടി. ഫേഷ്യൽ പോലുള്ള ട്രീറ്റ്മെന്റുകൾ െചയ്യാറില്ല.

ഇപ്പോൾ കൊളസ്ട്രോൾ ഉണ്ട്. പ ക്ഷേ ഗുളിക എടുക്കേണ്ട സാഹചര്യമില്ല. അടുത്തിടെ ഗൈനക് ഉൾപ്പെടെ ഫുൾ ബോഡി ചെക്കപ്പ് നടത്തിയിരുന്നു. അതിലെല്ലാം ഒക്കെ ആണ്. രാത്രി 9 മണിയോടെ ഉറങ്ങും. രാവിലെ മൂന്നര കഴിയുമ്പോൾ എണീക്കും. ഇപ്പോൾ ജിമ്മിൽ നിന്നു വന്നു കഴിഞ്ഞാൽ അര മണിക്കൂർ ഉറങ്ങും.

ഒരു കാര്യത്തിലും ചിട്ടയൊന്നുമില്ലാത്ത ആളാണ് ഞാൻ, ഒന്നിൽ ഒഴിച്ച് - വ്യായാമം. അതിൽ ഞാൻ അഡിക്റ്റ് ആയിപ്പോയി. എപ്പോഴും ഹാപ്പി ആയി ഇരിക്കുക. ആ സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കുക - എന്റെ കാഴ്ചപ്പാടിൽ ആരോഗ്യത്തിന്റെ നിർവചനം ഇതാണ്.

Tags:
  • Fitness Tips
  • Manorama Arogyam