ADVERTISEMENT

താരജാഡയില്ലാതെ ജീവിച്ച സാധാരണക്കാരി. സെറ്റിലെത്തിയാലും ആരോടും അധികം മിണ്ടാതെ അത്യാവേശമില്ലാതെ ഒതുങ്ങിക്കൂടുന്ന പ്രകൃതം. ഒന്നിനോടും ആരോടും പരാതിയില്ലാതെ ജീവിച്ച ആർട്ടിസ്റ്റ്. സീരിയൽ താരം അപർണ നായരുടെ മരണം വേദനയാകുമ്പോൾ ഹൃദയംതൊടുന്ന ചില ഓർമകൾ കൂടി പ്രിയപ്പെട്ടവര്‍ പങ്കുവയ്ക്കുന്നുണ്ട്. മരണത്തിന്റെ ലാഞ്ചനയോ വിഷാദമോ ആ മുഖത്തില്ലായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. മറിച്ചായിരുന്നുവെങ്കിൽ ജീവനെടുക്കാൻ പോന്ന ആ വേദന ശമിപ്പിക്കാൻ തങ്ങൾ ഒപ്പമുണ്ടായിരുന്നേനെയെന്ന് പ്രിയപ്പെട്ടവർ പറയുന്നു.

താരപ്രഭയെല്ലാം മാറ്റിവച്ച് ജീവിതത്തിൽ ആശുപത്രി ജീവനക്കാരിയുടെ റോൾ കൂടി അപർണയ്ക്കുണ്ടായിരുന്നു. തിരുവനന്തപുരം കരമനയിലെ സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റായിരുന്നു അപർണ ഒരു വർഷത്തോളമായി. എന്നാൽ 15 ദിവസം മുൻപ് അപ്രതീക്ഷിതമായി ജോലി രാജിവച്ചു. കുട്ടികളെ നോക്കാൻ മറ്റാരുമില്ലെന്നാണ് രാജി വയ്ക്കാൻ കാരണമായി പറഞ്ഞത്. എന്നാൽ പിന്നീട് അതേ ആശുപത്രിയിലേക്ക് അപർണ തിരിച്ചുവന്നത് ജീവനില്ലാതെയായി എന്നതും വേദനകളുടെ ആഴം ഇരട്ടിയാക്കി.

ADVERTISEMENT

പട്ടം സെന്റ് മേരീസ് സ്കൂളിൽ കഴിഞ്ഞ വർഷം പിടിഎയുടെ എക്സിക്യൂട്ടീവുമാരിൽ ഒരാൾ ആയിരുന്നു. കലാരംഗത്തും മറ്റു മേഖലകളിലുമെല്ലാം സജീവ സാന്നിധ്യമായിരുന്നു അപർണ.

കരമന തളിയിലെ വീട്ടില്‍ തൂങ്ങി മരിച്ചനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വീട്ടുകാര്‍ ഉടനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തു.

ADVERTISEMENT

ആത്മസഖി, ചന്ദനമഴ,ദേവസ്പർശം, മൈഥിലി വീണ്ടും വരുന്നു തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. കോടതി സമക്ഷം ബാലൻ വക്കീൽ, കല്‍ക്കി, മേഘതീർഥം,അച്ചായൻസ്, മുദ്ദുഗൗ എന്നീ സിനിമകളിലും അഭിനയിച്ചു. സഞ്ജിതാണ് ഭര്‍ത്താവ്. രണ്ടുമക്കളുണ്ട്.

ADVERTISEMENT
ADVERTISEMENT