മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയും ടെലിവിഷൻ താരവുമാണ് അശ്വതി ശ്രീകാന്ത്. എഴുത്തുകാരി എന്ന നിലയിലും അശ്വതി ശ്രദ്ധേയയാണ്. ഇപ്പോഴിതാ, ഷാർജ ബുക് ഫെയറിൽ അതിഥിയായി പങ്കെടുത്തതിന്റെ സന്തോഷം പങ്കുവച്ച് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.
‘ചില സ്വപ്നങ്ങൾ അങ്ങനെയാണ്, നമ്മൾ പോലുമറിയാതെ പ്രപഞ്ചം അവയെ ഏറ്റെടുക്കും’ എന്നാണ് വിഡിയോയ്ക്കൊപ്പം അശ്വതി കുറിച്ചത്.
‘13 വർഷങ്ങൾക്ക് മുമ്പാണ് ദുബായ് നഗരത്തിൽ ഞാൻ കാലുകുത്തുന്നത്. അപരിചിതമായൊരു നഗരത്തിൽ ആർ ജെ ആയിട്ട് ജോലി ചെയ്യാൻ. അവിടുന്നങ്ങോട്ട് ജീവിതം കൊണ്ടുപോയിട്ടുള്ള വഴികൾ വളരെ വ്യത്യസ്തവും വിചിത്രവുമാണ്.
ഇങ്ങോട്ടുള്ള ഇത്തവണത്തെ വരവ് വളരെ സ്പെഷ്യൽ ആണ്. പണ്ട് ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ നടക്കുന്ന സമയത്ത് അവിടെ കാഴ്ചകാരിയായും വായനക്കാരിയായും കയറി ഇറങ്ങി നടക്കുമായിരുന്നു. അന്ന് അവിടെ തന്റെ ബുക്ക് എന്ന് പബ്ലിഷ് ചെയ്യാൻ കഴിയും എന്ന് ചിന്തിച്ചിട്ടുണ്ട്. പിന്നീട് രണ്ട് പുസ്തകങ്ങൾ അവിടെ വെച്ച് പബ്ലിഷ് ചെയ്തു. പക്ഷേ ഇത്തവണ എത്തിയത് അവരുടെ അതിഥിയാണ്.
ലോക പ്രശസ്ത എഴുത്തുകാർ അവരുടെ വായനക്കാരോട് സംവദിച്ച ഹാളിലിരുന്ന് ഞാനും സംവദിച്ചു. ജീവിതത്തിൽ ശരിക്കും സ്വപനം കണ്ട നിമിഷം’ എന്നാണ് വിഡിയോയിൽ താരം പറയുന്നത്.