പരസ്പരം ട്രോളിയും തമാശകൾ പങ്കുവച്ചുമുള്ള ആദ്യ രാത്രിയിലെ രസകരമായ വിഡിയോ പങ്കുവച്ച് ദിയ കൃഷ്ണയും ഭർത്താവ് അശ്വിനും. ടെലിവിഷനിൽ സിനിമ കണ്ടുകൊണ്ടിരുന്ന ഭർത്താവ് അശ്വിൻ ഗണേശിനെ കാണിച്ചുകൊണ്ടായിരുന്നു ദിയയുടെ വിഡിയോ.
ആദ്യ രാത്രിയിൽ വളരെ താൽപര്യത്തോടെ സിനിമ കണ്ടു കൊണ്ടിരിക്കുകയായിരുന്നു അശ്വിൻ. ഇത് വിഡിയോയിൽ പകർത്തിക്കൊണ്ട് ഏതു പടമാണ് കാണുന്നതെന്ന് ദിയ ചോദിക്കുന്നു. 'ഭാര്യ' എന്ന അശ്വിന്റെ മറുപടിയിൽ പൊട്ടിച്ചിരിച്ചുകൊണ്ട് ദിയയുടെ അടുത്ത ചോദ്യമെത്തി. 'ഇനി അങ്ങനത്തെ പടങ്ങൾ മാത്രമെ കാണാൻ പറ്റൂ' എന്നായിരുന്നു ദിയയുടെ തഗ് മറുപടി. ജഗദീഷും ഉർവശിയും അഭിനയിച്ച ഭാര്യ എന്ന സിനിമയായിരുന്നു അശ്വിൻ കണ്ടുകൊണ്ടിരുന്നത്.
ആഡംബരങ്ങളും അതിഥികളുടെ വലിയ കൂട്ടവും ഒഴിവാക്കി തീർത്തും ലളിതമായിട്ടായിരുന്നു നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ വിവാഹം. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ക്ഷണിക്കപ്പെട്ട ചുരുക്കം അതിഥികളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ഐവറി നിറത്തിലുള്ള സാരിയായിരുന്നു ദിയയുടെ ഔട്ട്ഫിറ്റ്. പിങ്ക് നിറത്തിലുള്ള ബോര്‍ഡറും സീക്വിന്‍ വര്‍ക്കുകളും ചെയ്ത സാരിയില്‍ സുന്ദരിയായിരുന്നു ദിയ അഹാനയും ഇഷാനിയും ഹൻസികയും അമ്മ സിന്ധു കൃഷ്ണയും അച്ഛൻ കൃഷ്ണകുമാറും ഇളം പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളാണ് അണിഞ്ഞത്. കുടുംബത്തോട് വളരെ അടുത്ത അതിഥികൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
തികച്ചും ലളിതമായിട്ടായിരുന്നു വിവാഹ ചടങ്ങുകള്‍. 'നമ്മള്‍ ആഗ്രഹിച്ചതുപോലെ തന്നെ വിവാഹം സന്തോഷത്തോടെ കഴിഞ്ഞു. അനാവശ്യ ധൂര്‍ത്തെല്ലാം ഒഴിവാക്കി ലളിതമായിട്ടാണ് വിവാഹം നടത്തിയത്. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും അനുഗ്രഹത്തില്‍ സന്തോഷത്തോടെ എല്ലാം ശുഭകരമായി അവസാനിച്ചു.' വിവാഹശേഷം അശ്വിനും ദിയയും പ്രതികരിച്ചു. മകളുടെ കല്യാണം കഴിഞ്ഞതിൽ അതിയായ സന്തോഷമെന്നാണ് കൃഷ്ണ കുമാർ പറഞ്ഞത്.ഇനി ചടങ്ങുകള്‍ ഒന്നുമില്ലെന്നും കോവിഡ് നമ്മളെ പഠിപ്പിച്ചതുപോലെ ലളിതമായി വിവാഹം നടന്നുവെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി.
വിവാഹം ഒരു സ്വകാര്യ ചടങ്ങായി നടത്താനാണ് ആഗ്രഹിച്ചതെന്ന് ദിയയും വ്യക്തമാക്കിയിരുന്നു. "പണ്ടു മുതലെ വിവാഹം ഒരു സ്വകാര്യ ചടങ്ങായി നടത്താനാണ് ആഗ്രഹിച്ചത്. എനിക്ക് ഇഷ്ടമുള്ളവരും എന്നെ ഇഷ്ടമുള്ളവരും മാത്രം വന്ന് അനുഗ്രഹിച്ച് പോകണം എന്നായിരുന്നു. അതുപോലെ തന്നെ നടന്നു. മനോഹരമായിരുന്നു എല്ലാ ചടങ്ങുകളും," ദിയ പറഞ്ഞു.
തിരുനെൽവേലി അംബാസമുദ്രം സ്വദേശിയായ അശ്വിൻ ഗണേശാണ് ദിയയുടെ വരൻ. സോഫ്ട്‍വെയർ എൻജിനീയറായ അശ്വിൻ ബെംഗളൂരുവിൽ ജോലി ചെയ്യുന്നു. രണ്ടു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു ഇരുവരും.