നാൽപതോളം വിനോദ ചാനലുകൾ ഉള്ള കേരളത്തിൽ ദലിതന്റെയോ മുസ്‌ലിമിന്റെയോ അവഗണന അനുഭവിക്കുന്ന ജനവിഭാഗത്തിന്റെയോ കഥ പറയാറില്ലെന്നും സവർണ മേധാവിത്വമാണ് എവിടെയും നടമാടുന്നതെന്നും നടി ഗായത്രി വർഷ. സീരിയൽ പോലെയുള്ള കലകൾ ന്യൂനപക്ഷങ്ങളെ അവഗണിക്കുകയാണെന്നും ഇതൊക്കെ നിയന്ത്രിക്കുന്നത് കോർപറേറ്റുകളാണെന്നും നവകേരളസദസ്സിന് മുന്നോടിയായി നാദാപുരം നിയോജകമണ്ഡലത്തിൽ നടത്തിയ പ്രസംഗത്തില്‍ താരം തുറന്നടിച്ചു. ഗായത്രിയുടെ രൂക്ഷ വിമർശനം ഇതിനകം ചർച്ചയാണ്.
‘ഒരു ദിവസം 35 ഓളം സീരിയലുകൾ കാണിക്കുന്നുണ്ട്. ഓരോരുത്തരും അത്രയും കാണുന്നു എന്നല്ല, അവർ നമ്മളെ കാണിക്കുന്നു എന്നാണ്. ആറ് മണി മുതൽ പത്തുമണി വരെയുള്ള എല്ലാ സീരിയലുകളും കാണുന്നവർ നമുക്കിടയിൽ തന്നെയുണ്ട്. ഇതിനകത്ത് ഏതെങ്കിലും സീരിയലിൽ ഒരു മുസ്‌ലിം കഥാപാത്രമുണ്ടോ ? ഒരു ചട്ടയും മുണ്ടുമുടുത്ത അമ്മ കഥാപാത്രമുണ്ടോ ?, ഒരു പള്ളീലച്ചനുണ്ടോ ? ഒരു ദലിതനുണ്ടോ ? മാറ് മുറിച്ച് എന്റെ നഗ്നത മറയ്ക്കാനുള്ള അവകാശം എനിക്കു വേണമെന്ന് പറഞ്ഞ നങ്ങേലിയേയും അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ കൊയ്ത്തരിവാൾ പാട്ടുപാടുന്ന ഒരു പെണ്ണിനെയും ടെലിവിഷനിൽ നമ്മൾ കാണുന്നുണ്ടോ?. ഇല്ല. എന്തുകൊണ്ടാണത് ? അവരാരും കാണാൻ കൊള്ളില്ലേ ?
നരേന്ദ്ര മോദിയുടെ ഭരണകൂടം കോർപറേറ്റ് ലോകത്തിനു മുന്നിൽ ചെന്ന് നട്ടെല്ല് വളച്ചുനിന്ന് വേണ്ടതെല്ലാം ചെയ്തുകൊടുക്കുകയും നമ്മുടെ സാംസ്‌കാരിക ലോകത്തെ കോർപറേറ്റുകൾക്ക് മുന്നിൽ അടിയറവ് വയ്ക്കുകയും ചെയ്യുന്നു. എന്ത് കാണിക്കണം ടിവിയിൽ എന്ന് കേന്ദ്ര ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഉത്തരവിറക്കും. കോർപറേറ്റുകളുടെ കച്ചവട സാധ്യതകളെ ശക്തിപ്പെടുത്തുന്ന പരസ്യങ്ങളും സിനിമകളും പാട്ടുകളും കാണിക്കുക എന്നതാണ് ഒന്നാമത്തെ ആവശ്യം. പ്രൊപ്പഗണ്ട വാർത്തകൾ മാത്രമേ കാണിക്കാൻ പാടുള്ളൂ എന്നതാണ് മറ്റൊന്ന്. അമേരിക്കയെന്ന ലോക ബോംബിന് വേണ്ടി, ലോക ആയുധ കച്ചവടത്തിന് വേണ്ടി ഇന്ത്യ കൂട്ടുനിൽക്കുകയാണെന്ന് പറയുന്ന ഏതെങ്കിലുമൊരു ചാനലിനെ നമ്മളിവിടെ കണ്ടോ ? ’’– ഗായത്രി ചോദിക്കുന്നു.
മീശ മാധവനിലെ പട്ടാളം പുരുഷുവിന്റെ ഭാര്യയായ സരസു എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പരിചിതയായ നടിയാണ് ഗായത്രി വർഷ. നൂറോളം സിനിമകളിലും നാൽപ്പതിൽപ്പരം സീരിയലുകളിലും വേഷമിട്ടു. അവതാരകയായും പ്രവർത്തിച്ചിട്ടുണ്ട്.