ഓർക്കുന്തോറും നെഞ്ചുനീറുന്ന വിയോഗ വാർത്ത. കൊല്ലം സുധിയുടെ മുഖം മനസിൽ പതിപ്പിച്ച മലയാളിക്ക് ആ വിയോഗ വാർത്ത ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. സ്വന്തം വീട്ടിലെ ഒരാളെപ്പോലെ മലയാളി സ്നേഹിച്ച കൊല്ലം സുധിക്ക് കണ്ണീർപൂക്കൾ അർപ്പിക്കുന്ന വേളയിൽ ഹൃദയംതൊടും കുറിപ്പ് പങ്കുവയ്ക്കുകയാണ് പ്രിയ സഹപ്രവർത്തകനും ഗായകനുമായ കൊല്ലം ഷാഫി.
‘പ്രിയപ്പെട്ട സുധിയണ്ണാ ...നിങ്ങളിനി ഇല്ലെന്ന യാഥാർത്യത്തോട് പൊരുത്തപ്പെടാൻ എനിക്കാവുന്നില്ല .. അപ്രതീക്ഷിതമായ ഈ വിയോഗം അങ്ങയുടെ കുടുംബത്തെപ്പോലെ ഞങ്ങളെയും തളർത്തിയിരിക്കുന്നു.’– കണ്ണീരുറയുന്ന വാക്കുകൾ ഷാഫി ഫെയ്സ്ബുക്കിൽ കുറിച്ചു.
ഇന്നു പുലർച്ചെ 4.30ന് തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചാണ് സുധി സഞ്ചരിട്ട കാർ അപകടത്തിൽപെട്ടത്. കോഴിക്കോട് വടകരയിൽ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങുകയായിരുന്നു. കാർ എതിരെ വന്ന പിക്കപ്പ് വാനുമായി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ ടെലിവിഷൻ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്ക് പരുക്കേറ്റു.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
പ്രിയപ്പെട്ട സുധിയണ്ണാ ...
നിങ്ങളിനി ഇല്ലെന്ന യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ എനിക്കാവുന്നില്ല .. അപ്രതീക്ഷിതമായ ഈ വിയോഗം അങ്ങയുടെ കുടുംബത്തെപ്പോലെ ഞങ്ങളെയും തളർത്തിയിരിക്കുന്നു ...
കൂടെയുണ്ടാവാൻ ഭാഗ്യംചെയ്ത നിമിഷങ്ങളൊക്കെയും ഒരു ജ്യേഷ്ഠസഹോദരസ്ഥാനീയനായി നിങ്ങളെന്നെ ചേർത്തുനിർത്തിയ ഓർമകൾക്കൊപ്പം മനസ്സ് വല്ലാതെ വിങ്ങുന്നുണ്ട് ...
പ്രണാമം