ചിത്രശലഭങ്ങളെ മൈക്കിൾ ജാക്സൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടാണ് അ ദ്ദേഹത്തിന്റെ പ്രണയഗാനങ്ങളിൽ പലപ്പോഴും ചിത്രശലഭങ്ങൾ പാറിപ്പറന്നത്.
അദ്ദേഹത്തിന്റെ പ്രണയാർദ്രമായ നൃത്തച്ചുവടുകളെ ആരാധനയോടെ നോക്കി നിന്ന ഒരു കുട്ടിയുണ്ടായിരുന്നു. വളർന്നപ്പോൾ മൈക്കിൾ ജാക്സനെ മാനസഗുരുവായി സ്വീകരിച്ച അയാൾ യുട്യൂബിന്റെ സഹായത്തോടെ ഡാൻസ് പഠിച്ചു. പറഞ്ഞുവരുന്നത് ഋഷിയെക്കുറിച്ചാണ്. മുടി സ്വന്തം കിരീടമാക്കി മാറ്റിയ ഋഷി കുമാ ർ കെ. എസ്.
മഴവിൽ മനോരമയിലെ ഡി.ഫോർ ഡാൻസ് എന്ന പരിപാടിയിലൂടെയാണ് ഋഷിയെ പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഉപ്പും മുളകും എന്ന സീരിയലിലൂടെയും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും പ്രിയങ്കരനായ ‘മുടിയൻ’ ഈ അടുത്തു വിവാഹിതനായി. വധു ഡോ. ഐശ്വര്യ ഉണ്ണി. സിനിമയിലൂടെയും ജനപ്രിയ സീരിയലുകളിലൂടെയും ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണു ഐശ്വര്യയും.
‘‘വിവാഹത്തിനുശേഷം ഒന്നിച്ചൊരു അഭിമുഖവും ഫോട്ടോഷൂട്ടും ആദ്യമായിട്ടാണ്. അതു വ നിത’യ്ക്കു വേണ്ടിയായതിൽ സന്തോഷം. ഈശ്വരാ മിന്നിച്ചേക്കണേ....’’ എന്നു പറഞ്ഞാണ് ഋഷി തുടങ്ങിയത്.
‘ആറു വർഷമായി ഞങ്ങൾ പ്രണയത്തിലായിരുന്നു. അടുത്ത സുഹൃത്തുക്കൾ പോ ലും അറിഞ്ഞില്ല. വിവാഹനിശ്ചയ ശേഷം അറിഞ്ഞാൽ മതിയെന്നു തന്നെയായിരുന്നു ആഗ്രഹവും തീരുമാനവും.’ ഐശ്വര്യയും കൂ ടെ ചേർന്നു.
ഋഷി: ഞാൻ പാറുവിനെ (ഋഷി അങ്ങനെയാണു ഐശ്വര്യയെ വിളിക്കുന്നത്. തിരികെ നന്ദു എന്നും. രണ്ടുപേരുടെയും വീട്ടിലെ വിളിപ്പേരാണ്) കണ്ടെത്തിയത് ഒരു ഓഡിഷനിലൂടെയാണ്. ആറു വർഷം മുമ്പ് ഞാനൊരു ആൽബം സോങ് ചെയ്തു. ഞാൻ തന്നെ എഴുതിയ സോങ്ങായിരുന്നു അത്. ‘ബോധം പോയി’ എന്നാണു പേര്. അതിൽ അഭിനയിക്കാൻ കുറച്ചുപേരെ കണ്ടു. അതിൽ ഒരാളായിരുന്നു പാറു. ഓഡിഷന് വന്നവരിൽ എനിക്ക് ഇഷ്ടപ്പെട്ട ആളും ഞാൻ െസലക്റ്റ് ചെയ്ത ആളും പാറുവായിരുന്നു.
ഐശ്വര്യ: അതിനുശേഷം ഞങ്ങളുടെ സൗഹൃദം മുറിഞ്ഞതേയില്ല. അധികം വൈകാതെ അത് പ്രണയത്തിലേക്കു മാറി. എനിക്കറിയാമായിരുന്നു നന്ദുവിന് പ്രണയമുണ്ടെന്ന്. എങ്കിലും കുറേനാൾ കൂടി ഞങ്ങൾ സുഹൃത്തുക്കൾ മാത്രമായി അഭിനയിച്ചു. പിന്നീടാണ് പ്രണയം തുറന്നു പറയുന്നത്.
ഞാൻ കാണുമ്പോഴൊക്കെ ഋഷി ഡാൻസ് കളിച്ചു നടക്കുകയാണ്. എനിക്ക് ഒരുപാടു സുഹൃത്തുക്കളുണ്ടെങ്കിലും അവരിൽ നിന്നു വളരെ വ്യത്യസ്തനായതുകൊണ്ടാണ് ഞാൻ ഇയാളെ പ്രണയിച്ചത്. പിന്നെ ആ മുഖത്തു നോക്കിയാൽ പ്രായം പറയാൻ പറ്റില്ലല്ലോ?
ഋഷി: റിയാലിറ്റി ഷോയ്ക്കിടയിൽ ലാലേട്ടൻ എന്നോടു ചോദിച്ചു. എത്ര വയസ്സാെയന്ന്. ഞാൻ വയസ്സു പറഞ്ഞിട്ടും ലാലേട്ടന് വിശ്വാസം വരുന്നില്ല.
ഐശ്വര്യ: വിവാഹത്തിനു മുൻപ് ഞങ്ങൾ കാമുകീകാമുകന്മാർ മാത്രമല്ല നല്ല സുഹൃത്തുക്കൾ കൂടിയായിരുന്നു. ഇപ്പോൾ ഭാര്യാഭർത്താക്കന്മാർ ആയെങ്കിലും നല്ല സുഹൃത്തുക്കൾ തന്നെയാണ്. ആ വൈബാണ് ഞങ്ങളെ മുന്നോട്ടു നയിക്കുന്നത്. ജീവിതകാലം മുഴുവൻ അത് ഉണ്ടാകണേ എന്നാണു പ്രാർഥന.
ഋഷി: സുഹൃത്തുക്കളായിരിക്കുക എന്നതിന് വേറൊരു സൗന്ദര്യമുണ്ട്.
ഐശ്വര്യ: നന്ദു ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുമ്പോൾ ഞങ്ങൾ കടുത്ത പ്രണയത്തിലാണ്. ഞാൻ നന്ദുവിനോട് ഒരു കാര്യമേ പറഞ്ഞുള്ളൂ; ‘ഈ ഷോയ്ക്കിടയിൽ മറ്റൊരാളുമായി ഇമോഷണൽ അറ്റാച്ച്മെന്റ് പറ്റില്ല. എനിക്ക് അതു സഹിക്കാനാകില്ല.’
അഭിമുഖത്തിന്റെ പൂർണരൂപം വനിത ഒക്ടോബർ 12–25 ലക്കത്തിൽ