അകാലത്തിൽ പിരിഞ്ഞുപോയ പ്രിയപ്പെട്ടവരുടെ ഓർമകളില്‍ ജീവിക്കുന്നവരാണ് ഏറെപേരും. നമ്മെ വിട്ടു പിരിഞ്ഞവർ ഉപയോഗിച്ച വസ്തുക്കൾ, അവരുടെ വസ്ത്രം തുടങ്ങിയവയെല്ലാം നിധിപോലെ സൂക്ഷിച്ചു വയ്ക്കുന്ന നിരവധി പേരുണ്ട്. അത്തരത്തിലൊന്നായിരുന്നു കൊല്ലം സുധി ഈ മണ്ണിൽ ബാക്കിയാക്കി പോയ അദ്ദേഹത്തിന്റെ ജീവൻ തുടിക്കുന്ന ഗന്ധം. സുധിയുടെ വിയർപ്പു കലർന്ന വസ്ത്രത്തിൽ നിന്നും ആ മണം പെർഫ്യൂമായി പുനഃസൃഷ്ടിക്കാനുള്ള ലക്ഷ്മി നക്ഷത്രയുടെ ശ്രമം നിരവധി പേരാണ് മനസു കൊണ്ടേറ്റെടുത്തത്. എന്നാൽ സംഭവം ലക്ഷ്മിയുടെ വിഡിയോ ആക്കി പുറത്തു വിട്ടതോടെ വിമർശന സ്വരവുമായി നിരവധി പേരെത്തി. സുധിയുടെ ഓർമകൾ വിറ്റു കാശാക്കുകയാണെന്ന വിമർശനങ്ങളോട് ലക്ഷ്മി പ്രതികരിക്കുകയും ചെയ്തു. സുധിയുടെ ഭാര്യ രേണു ആവശ്യപ്പെട്ടതു പ്രകാരമാണ് ലക്ഷ്മി നക്ഷത്ര ആഗ്രഹം സാധിച്ചു കൊടുത്തത് എന്നായിരുന്നു വിശദീകരണം.
ഇപ്പോഴിതാ വിഷയത്തിൽ കൊല്ലം സുധിയുടെ സുഹൃത്തു കൂടിയായ സാജു നവോദയ പങ്കുവച്ച പ്രതികരണം ശ്രദ്ധ നേടുകയാണ്. ജനങ്ങളുടെ വിമർശനങ്ങളും ചീത്തയും കേൾക്കാൻ പാകത്തിന് എന്തെങ്കിലും സോഷ്യൽ മീഡിയ കാൺകെ ഇട്ട് കൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്നേ താൻ പറയൂ എന്ന് സാജു പറയുന്നു. സുധിയുടെ കാര്യത്തിന് ഞാൻ, രാജേഷ് പറവൂർ തുടങ്ങിയവർ ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. പക്ഷെ ഞങ്ങള്‍ക്കാർക്കും സൈബർ അറ്റാക്ക് നേരിടേണ്ടി വന്നിട്ടില്ല. ഒരാൾക്ക് അല്ലെങ്കിൽ അയാളുടെ കുടുംബത്തിന് നന്മ ചെയ്യണം എന്ന് ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ രഹസ്യമായി ചെയ്യുക. പബ്ലിസിറ്റിക്ക് വേണ്ടിയല്ലാതെ ഒരു നന്മ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ വീട്ടില്‍ കൊണ്ടുപോയി കൊടുക്കുക.
‘‘അയ്യോ ഞങ്ങള്‍ അറിയാതെ വേറൊരാള്‍ ഷൂട്ട് ചെയ്ത് ഇട്ടതാണ്’’ എന്ന വിശദീകരണമാണ് പറയുന്നതെങ്കിൽ അത് ഓക്കെയാണ്. അല്ലാതെ ഒരാൾ തന്നെ എല്ലാം ചെയ്തിട്ട് പിന്നെ. അത് ആര് ചെയ്താലും. അതുപോലെ തന്നെ മുമ്പ് സുധിക്കെതിരെ സൈബർ അറ്റാക്ക് നടന്ന സമയത്ത് സുധിക്ക് വേണ്ടി വിഡിയോ ഇടാൻ ആരും മുന്നിട്ടു വന്നതായി കണ്ടിട്ടില്ല. പക്ഷേ ഇങ്ങനൊരു അവസ്ഥ വന്നപ്പോള്‍ അതൊക്കെ സാഹചര്യം മുതലാക്കിയുള്ളതാണെന്നാണ് എല്ലാവരും ചിന്തിച്ചത്. സാധാരണ ഒരു ബുദ്ധിയുള്ളവർക്ക് അങ്ങനെയാണ് തോന്നുക. അതിന് പബ്ലിക്കിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജെനുവിൻ ആയിരുന്നുവെങ്കില്‍ അത് രഹസ്യമായി ചെയ്യണമായിരുന്നു.
മുമ്പ് സുധിയെ പറ്റി മോശമായി നിരവധി യുട്യൂബ് ചാനലുകള്‍ പലതും എഴുതിപിടിപ്പിച്ച് വിട്ടിരുന്നു. സുധിയുടെ മരണശേഷം അതെല്ലാം മാറി ഞങ്ങളുടെ സുധി ചേട്ടൻ എന്ന രീതിക്ക് എഴുതി തുടങ്ങി. സുധി എന്താണ്, എങ്ങനെയാണ് എന്നത് ഞങ്ങള്‍ക്ക് അറിയാം. അഞ്ച് വർഷത്തോളം ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ആളാണ്. അന്നൊക്കെ എന്റെ വീട്ടിലായിരുന്നു സുധി കിടന്നിരുന്നത്. ആ ഫാമിലിയുമായി അത്രയും ബന്ധമുള്ളവരാണ് ഞങ്ങള്‍
‘‘സുധി പോയി... ഇനി ആ കുഞ്ഞുങ്ങളുടെ കാര്യം രേണുവിന് നോക്കണം. ചേട്ടൻ പോയിയെന്നും പറഞ്ഞ് ഇരുന്നിട്ട് കാര്യമില്ലല്ലോ. കുറച്ച് ബോള്‍ഡായി നില്‍ക്കുന്നതാകും എപ്പോഴും നല്ലത്. മക്കളില്‍ ഒരാള്‍ കൈകുഞ്ഞാണ്. അവനെ ഇപ്പോഴത്തെ സാഹചര്യത്തില്‍ വളർത്തി വലുതാക്കണമെങ്കില്‍ മൂലയ്ക്ക് ഒതുങ്ങി നിന്നിട്ട് കാര്യമില്ല. നമ്മള്‍ക്ക് ഉള്ള വിഷമത്തിന്റെ ഇരട്ടിയുടെ ഇരട്ടി രേണുവിന്റെ മനസിലുണ്ടാകും. പിന്നെ രേണുവിനെ കുറ്റം പറയാൻ വരുന്നവർ അവരുടെ ഭാഗം കൂടി ശരിയാണോ എന്നു നോക്കിയിട്ട് വേണം കമന്റുകള്‍ എഴുതി കൂട്ടിവയ്ക്കാൻ. ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാൻ നല്ല രസമാണെന്ന് പറയാറില്ലേ... ഇതൊക്കെ അവനവന്റെ ജീവിതത്തില്‍ സംഭവിക്കുമ്പോഴെ മനസിലാകൂ.
.എല്ലാം ഒരു ചിരിയിലൂടെ തള്ളിക്കളയുകയാണ് ഞാൻ. സുധിയെ കുറിച്ച് പറയാനാണെങ്കില്‍ ഞങ്ങള്‍ എല്ലാവർക്കും കുറേ പറയാനുണ്ട്. പക്ഷേ അതൊക്കെ ഞങ്ങളില്‍ ഒതുങ്ങുന്ന കാര്യങ്ങളാണ്. പിന്നെ ലക്ഷ്മിക്ക് ശരിയെന്ന് തോന്നുന്നതാവും ലക്ഷ്മി ചെയ്തത്. അതിന് താഴെ വന്ന കമന്റുകള്‍, ആ കമന്റിട്ടവരുടെ ശരികളാണ്...’’–സാജു പറയുന്നു.