Thursday 16 November 2023 03:33 PM IST : By സ്വന്തം ലേഖകൻ

പറ്റിച്ചിട്ടു പോയ കാമുകൻ പെണ്ണുകാണാന്‍ വന്നാൽ എന്തു സംഭവിക്കും? രസകരമായ മുഹൂർത്തങ്ങളുമായി ‘സോന നമ്പർ 1’: ഹ്രസ്വചിത്രം

sona-number-1

പ്രണയവും സംഗീതവും ഇഴചേരുന്ന മനോഹരമായൊരു ഹ്രസ്വ ചിത്രം. ആധുനിക കാലത്തെ പ്രണയത്തിന്റെ നൈമിഷികത പ്രമേയമാകുന്ന സോന നമ്പർ 1 സോഷ്യൽ മീഡിയയുടെ ഹൃദയം കവരുകയാണ്.

ഉദാത്തമായ പ്രണയത്തേക്കാൾ വലുതല്ല സ്വാർത്ഥതയെന്ന സന്ദേശം കൂടി പങ്കുവയ്ക്കുന്ന ചിത്രം ഹൃദ്യമായ സംഗീതം കൊണ്ടു കൂടി സമ്പന്നമാണ്. ഒരു പെണ്ണുകാണൽ സീനിൽ സംഭവിക്കുന്ന ട്വിസ്റ്റാണ് ഷോർട്ട് ഫിലിമിന്റെ ഹൈലൈറ്റ്.

ജോണ്‍ പി കോശി മടുക്കമൂട്ടില്‍ നിര്‍മിച്ച ചിത്രം സംവിധാനം ചെയ്യുന്നത് മാധ്യമ പ്രവര്‍ത്തകന്‍ ബിജു ഇളകൊള്ളൂരാണ്. പി വി രഞ്ജിത്താണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

ചിത്രത്തിലെ ‘നാരൂഴി പാലില്ല.... നാലാള് കാണാനില്ല’ എന്ന ഗാനവും ശ്രദ്ധേയമാണ്. മാധ്യമ പ്രവര്‍ത്തകനും കവിയുമായ സജീവ് സി വാര്യരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് സാബു ശ്രീധറാണ്. ഗാനം ആലപിച്ചിരിക്കുന്നത് രമാദേവി ത്യാഗരാജന്‍. ഭര്‍ത്താവിന്റെ സംഗീതത്തിന് ഭാര്യ ഗായികയായി എന്ന സവിശേഷതയും ഈ ഗാനത്തിനുണ്ട്.

ഗോവിന്ദ് അനീഷ്, മഹിമാ അഭിലാഷ്, ഷിജി ശ്രേയസ്, വിജയകുമാര്‍ കൊട്ടാരത്തില്‍, ബിനു പള്ളിമണ്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. എഡിറ്റിംഗ് മനീഷ് മോഹന്‍, ഗാഫിക്സ്: അന്‍വര്‍ വെള്ളൂര്‍കോണം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അനില്‍ നായര്‍ അമ്പലപ്പുഴ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്രീലാല്‍ കെ സത്യന്‍.