35 വർഷത്തെ അഭിനയ ജീവിതത്തിലെ സന്തോഷങ്ങളുമായി സോനാ നായർ
ശബ്ദത്തിലും മുഖത്തും എപ്പോഴും സന്തോഷം നിറഞ്ഞാണു കാണാറുള്ളത്. ഈ പോസിറ്റീവ് എനർജിയുടെ രഹസ്യമെന്താണ് ?
സജീന ഷംനാദ്, സംരംഭക, കിളിമാനൂർ,
തിരുവനന്തപുരം
പ്രത്യേകതയുള്ള ശബ്ദമാണെന്നു മിക്കവരും പറയുമ്പോഴും ഈ ശബ്ദത്തിലൂടെ എന്നെ തിരിച്ചറിയുമ്പോഴും വലിയ സന്തോഷമാണ്. പോസിറ്റീവ് എ നർജിയുടെ രഹസ്യം എനിക്കു ചുറ്റും ഒട്ടും നെഗറ്റിവിറ്റി ഇ ല്ല എന്നതാണ്. അതായതു നെഗറ്റീവ് കാര്യങ്ങളെ അടുപ്പിക്കാറില്ല.
വിഷമവും പ്രയാസങ്ങളും ഉണ്ടായാലും അതിൽ നിന്നു മനസ്സിനെ മനഃപൂർവം വഴിതിരിച്ചു വിടും. പുസ്തകം, പാട്ട്.. എല്ലാം എനിക്ക് സന്തോഷമരുന്നാണ്. പിന്നെ, ഒരുപാടു സിനിമകൾ കാണും പ്രത്യേകിച്ചും ചിരിപ്പടങ്ങൾ. ഇപ്പോഴും ഡോ.ഗായത്രി സുബ്രഹ്മണ്യനു കീഴിൽ നൃത്തപഠനവും തുടരുന്നുണ്ട്.
കുടുംബത്തെ കുറിച്ചു പറയാമോ?
അഖിലേഷ് കുമാർ എസ്.എസ്,
പൂന്തുറ, തിരുവനന്തപുരം
ഭർത്താവ് ഉദയൻ അമ്പാടി സിനിമട്ടോഗ്രഫറാണ്. എനിക്കു മുൻപേ സിനിമയിലെത്തിയ അദ്ദേഹവുമായി ലൊക്കേഷനിൽ വച്ചുള്ള പരിചയമാണു പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്.
27 വർഷമായി വിവാഹം കഴിഞ്ഞിട്ട്, ഞങ്ങൾക്കു മക്കളില്ല. അച്ഛൻ സുധാകറും അമ്മ വസുന്ധരാ ദേവിയും കലാജീവിതത്തിന് എല്ലാ പിന്തുണയും തന്നു. അച്ഛനാണു ലൊക്കേഷനിൽ കൂട്ടുവന്നിരുന്നത്. അനിയൻ ദീപുവിനു ബിസിനസ്സാണ്. സിനിമയിലും സീരിയലിലും ഒരുപാടു കഥാപാത്രങ്ങൾ ചെയ്തു. എപ്പോഴെങ്കിലും
ഇനി സീരിയൽ വേണ്ട, സിനിമ മതി എന്നു തോന്നിയിട്ടുണ്ടോ ?
എം. നസീബ്,
വക്കം, തിരുവനന്തപുരം
സിനിമയിലും സീരിയലിലും തിരക്കിട്ട് ഓടിനടന്ന കാലം ഉണ്ടായിരുന്നു. അന്നു സീരിയൽ വേണ്ടെന്നു വച്ചിട്ടുണ്ട്, പക്ഷേ, അതൊരിക്കലും ഇഷ്ടക്കുറവു കൊണ്ടല്ല. അഭിനയത്തിന്റെ തുടക്കത്തിലുള്ളവർക്കു ലൈറ്റും ലൊക്കേഷനും കഥാപാത്രവുമൊക്കെ മാനേജ് ചെയ്യാൻ പഠിക്കാൻ സീരിയൽ പറ്റിയ ഇടമാണ്.
മെഗാസീരിയലുകളിൽ വർഷങ്ങളോളം അഭിനയിക്കുമ്പോൾ ചിലപ്പോൾ വിരസത തോന്നാം. പക്ഷേ, സിനിമയി ൽ അങ്ങനെയല്ല. മികച്ച സംവിധായകർക്കൊപ്പവും സൂപ്പർ താരങ്ങൾക്കൊപ്പവും മാസത്തിൽ നാലോ അഞ്ചോ വേഷങ്ങൾ ചെയ്യാം.
അവാർഡുകളേക്കാൾ മനസ്സിൽ തങ്ങി നിൽക്കുന്ന കോംപ്ലിമെന്റ് കിട്ടിയത് ആരിൽ നിന്നാണ് ?
അനുമോൾ സി.ജി,
ഐടിഐ അധ്യാപിക, പാലാ, കോട്ടയം
സീരിയലും സിനിമയുമായി മൂന്നു സംസ്ഥാന അവാർഡും ഒട്ടേറെ മറ്റ് അവാർഡുകളും കിട്ടിയെങ്കിലും പ്രേക്ഷകരുടെ മനസ്സിലെ സ്നേഹമാണ് ഏറ്റവും വലിയ അവാർഡെന്നു വിശ്വസിക്കുന്ന ആളാണു ഞാൻ.
മറക്കാനാകാത്ത രണ്ട് അഭിനന്ദനങ്ങൾ പറയാം. സൂര്യ ഫെസ്റ്റിവലിൽ നെയ്ത്തുകാരൻ പ്രദർശിപ്പിച്ചതിനു ശേഷം കൃഷ്ണമൂർത്തി സാർ അദ്ദേഹത്തിന്റെ ലെറ്റർപാഡിൽ ഒരു അഭിനന്ദന കത്തെഴുതി. അവാർഡിനെക്കാൾ സന്തോഷമാണ് ഇപ്പോഴുമത്.
മറ്റൊന്നു സംവിധായകൻ പ്രിയദർശന്റെയാണ്. നെയ്ത്തുകാരൻ അവാർഡിനു മൽസരിക്കുമ്പോൾ ജൂറിയിൽ പ്രിയൻ സാറുമുണ്ട്. അവാർഡു പ്രഖ്യാപിച്ചയന്നു വൈകിട്ടു സാർ വിളിച്ചു, ‘എവിടെയായിരുന്നു ഇത്രയും കാലം’ എന്നു ചോദിച്ചു ചിരിച്ചു. ആ വിളിയിൽ നിന്നാണു വെട്ടത്തിലെ ദിലീപിന്റെ ചേച്ചി റോൾ എന്നിലേക്കെത്തിയത്.
35 വർഷത്തെ കരിയറിനിടെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം ഏതാണ് ?
ദീപ എസ്,
മയ്യനാട്, കൊല്ലം
നെയ്ത്തുകാരനിലെ ഗീത എന്ന കഥാപാത്രമാണത്. സംവിധായകൻ പ്രിയന ന്ദനനും മുരളി സാറും ഞാനുമൊക്കെ അത്ര സ്ട്രെയ്ൻ എടുത്ത സിനിമയാണത്.
ആദ്യ ടേക്കിൽ തന്നെ എല്ലാം ഓക്കെയായി എന്നു ന മുക്കു തോന്നും. പക്ഷേ, മനസ്സിൽ കണ്ട ഷോട്ട് കിട്ടുന്നതു വരെ പ്രിയനന്ദൻ റീടേക് എടുക്കും. പെർഫെക്ട് ആകാതെ കട്ട് പറയില്ല. അതിനു ഫലവുമുണ്ടായി, മുരളി സാറിനു ദേശീയ അവാർഡും എനിക്കും പ്രിയനന്ദനനും സംസ്ഥാന അവാർഡും ആ സിനിമയ്ക്കു കിട്ടി.
നരനിലെ കുന്നുമ്മൽ ശാന്തയെയും മറക്കാനാകില്ല. അത്ര ഉജ്വലമായൊരു കഥാപാത്രമായിട്ടും കുന്നുമ്മൽ ശാന്തയാകാൻ ആദ്യം ചെറിയ മടി തോന്നിയിരുന്നു.
പക്ഷേ, സംവിധായകൻ ജോഷി സാറിന്റെ സിനിമയെന്ന വിശ്വാസമാണു ‘യെസ്’ പറയാൻ കാരണം. പിന്നെ ലാലേട്ടനൊപ്പമാണു മിക്ക സീനുകളും. ആളുകളുടെ മനസ്സിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്ന കഥാപാത്രങ്ങളിൽ ഒന്നാം സ്ഥാനത്തു കുന്നുമ്മൽ ശാന്തയുണ്ട്.
രൂപാ ദയാബ്ജി