Monday 05 June 2023 04:09 PM IST : By സ്വന്തം ലേഖകൻ

കരയാതെ പിടിച്ചു നിന്നു, ഒടുവിൽ ആ മുഖം കണ്ട് നെഞ്ചുനീറി കരഞ്ഞു: സങ്കടക്കാഴ്ചയായി സുധിയുടെ മകൻ

rahul-sudhi

സങ്കടക്കടലിനു സമാനമാണ് സുധിയുടെ കോട്ടയം ഞാലിയാക്കുഴിയിലെ വീട്. ചിരിയോടെ വീട്ടിൽ നിന്നും യാത്ര പറഞ്ഞു പോയ സുധി മരണപ്പെട്ടുവെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ ഇനിയും ഈ വീട്ടുവാർക്ക് കഴിഞ്ഞിട്ടില്ല. കരഞ്ഞു കലങ്ങിയ കണ്ണുമായി സുധിയുടെ പ്രിയപ്പെട്ടവർ വീടിന്റെ ഓരം ചേർന്നു നിൽക്കുന്ന കാഴ്ച ഹൃദയഭേദകം. കൂട്ടത്തിൽ ഏറ്റവും വേദനിപ്പിക്കുന്നത് സുധിയെ അവസാനമായി കാണാനെത്തിയ മകന്റെ ദൃശ്യങ്ങളാണ്. അച്ഛനെ ഒരുനോക്ക് കണ്ട് അന്ത്യ ചുംബനം നൽകാൻ ആശുപത്രിയിലെത്തിയ മകന്‍ രാഹുലിന്റെ വിഡിയോ പ്രിയപ്പെട്ടവർക്ക് സങ്കടക്കാഴ്ചയായി. ധിയുടെ സഹപ്രവർത്തകർക്കൊപ്പമാണ് രാഹുൽ ആശുപത്രിയിലേക്കുവന്നത്. അച്ഛനെ കണ്ട ശേഷം വിങ്ങിപ്പൊട്ടുന്ന രാഹുലിനെ വിഡിയോയിൽ കാണാം.

സുധിയുടെ ആദ്യ വിവാഹം പ്രണയവിവാഹമായിരുന്നു എന്നാൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ സുധിയോടൊപ്പം ഉപേക്ഷിച്ച് ആദ്യഭാര്യ മറ്റൊരാളോടൊപ്പം പോയി. ഏറെ വേദനയും കഷ്ടപ്പാടും സഹിച്ചാണ് സുധി രാഹുലിനെ വളർത്തിയത്. കുഞ്ഞിനെ കൈകളിലേന്തി വണ്ടിക്കൂലിക്കു പോലും കാശില്ലാതെ ലോറിയിൽ കയറി പരിപാടി അവതരിപ്പിക്കാൻ പോയ അനുഭവം സുധി വേദനയോടെ വേദികളിൽ പറഞ്ഞിട്ടുണ്ട്. കുഞ്ഞിനെ പരിപാടി നടക്കുന്ന സ്റ്റേജിനു പുറകുവശത്ത് ഉറക്കി കിടത്തി സ്കിറ്റ് കളിച്ച അനുഭവവും ഈ കലാകാരനുണ്ട്. രാഹുലിന് അഞ്ച് വയസ്സൊക്കെ ആയപ്പോൾ കർട്ടൻ പിടിക്കാൻ തുടങ്ങിയതാണ്. സുധിയുടെ സന്തോഷത്തിലും ദുഃഖത്തിലും ഒന്നിച്ചുണ്ടായിരുന്ന മകനാണ് രാഹുൽ. ഒടുവിൽ ആ മകനുൾപ്പെടുന്ന കുടുംബത്തിന് തലചായ്ക്കാനൊരു വീടു വേണമെന്ന സ്വപ്നം കൂടി ബാക്കിയാക്കിയാണ് സുധി മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞത്.

ഇന്നു പുലർച്ചെ 4.30നാണ് നടനും ഹാസ്യകലാകാരനുമായ കൊല്ലം സുധി (39), ടെലിവിഷൻ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർ സഞ്ചരിച്ച കാർ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരുക്കേറ്റവരെയും കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ബിനു അടിമാലിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് വിവരം. ഓടിക്കൂടിയ നാട്ടുകാരും ശിഹാബ് തങ്ങൾ ആംബുലൻസ്, എസ്‌വൈഎസ്, സാന്ത്വനം, ആക്ട്സ് ആംബുലൻസ് പ്രവർത്തകരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിന്റെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. വടകരയിൽ ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയിൽ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു സുധിയും സംഘവും.