അമ്പരപ്പിക്കുന്ന ശരീരസൗന്ദര്യവും അഭിനയമികവുമായി ‘ബാഹുബലി’യിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ റാണാ ദഗുപതി ഇപ്പോൾ തെലുങ്കിലെ മുൻനിര നായകൻമാരിൽ ഒരാളാണ്. പക്ഷേ, കഴിഞ്ഞ ദിവസം പുറത്തു വന്ന താരത്തിന്റെ ഒരു ചിത്രം കണ്ട് ആരാധകർ ഞെട്ടിപ്പോയി.
ശരീരമാകെ മെലിഞ്ഞ്, രോഗിയെന്നു തോന്നിപ്പിക്കുന്നതാണ് ചിത്രത്തില്‍ കാണുന്ന റാണയുടെ രൂപം. ചിത്രം വൈറലായതോടെ, താരം ഗുരുതരമായ ഏതോ രോഗത്തിന്റെ പിടിയിലാണെന്നും പ്രചരണമുണ്ടായി.
എന്നാൽ അത്തരം ആശങ്കകൾ തകർത്ത് ചിത്രത്തിനു പിന്നിലെ സത്യം പുറത്തുവന്നിരിക്കുന്നു. തന്റെ പുതിയ ചിത്രത്തിനായുള്ള താരത്തിന്റെ മേക്കാവറാണ് ഫോട്ടോയിൽ കാണുന്നതത്രേ.
പ്രഭു സോളമൻ സംവിധാനം ചെയ്യുന്ന ‘കാടൻ’ എന്ന ചിത്രത്തിനു വേണ്ടിയാണ് റാണയുടെ തകർപ്പൻ മേക്കോവർ. മൂന്ന് ഭാഷയിലാണ് ചിത്രം ഒരുങ്ങുന്നത്. ഹിന്ദിയിൽ ഹാത്തി മേരെ സാത്തി എന്ന പേരിലും തെലുങ്കിൽ ആരണ്യ എന്ന േപരിലും റിലീസിനെത്തും. ആനയും മനുഷ്യനും തമ്മിലുള്ള ബന്ധമാണ് പ്രമേയം. തമിഴ് പതിപ്പിൽ റാണയ്ക്കൊപ്പം വിഷ്ണു വിശാലും ഹിന്ദി പതിപ്പിൽ പുൽകീതും പ്രധാനവേഷത്തിലെത്തുന്നു. കൽകിയാണ് നായിക.