ADVERTISEMENT

എവിടെയായിരുന്നു ഇത്രകാലം എന്ന ചോദ്യത്തിന് ഒരു ആക്ഷൻ മറുപടിയുമായി സംവിധായകൻ എബ്രിഡ് ഷൈൻ വരുന്നു. ‘ദ് കുങ്‌ഫു മാസ്റ്റർ’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. പേരുപോലെ തന്നെ ആക്ഷനും ജീവിതവും ഡ്രാമയുമെല്ലാം ചേർന്നൊരു സിനിമ. പൂമരത്തിനു ശേഷമുള്ള ഇടവേളയിൽ ഹിമാലയൻ താഴ്‌വരയിൽ ഷൂട്ടിങ്ങിലായിരുന്നു എബ്രിഡ്. ചിത്രം ജനുവരിയിൽ തിയറ്ററുകളിലെത്തും. 

"1983 എന്ന ചിത്രം എന്റെ തന്നെ ജീവിതാനുഭവമായിരുന്നു. ആക്ഷൻ ഹീറോ ബിജുവും പുമരവും ഞാൻ കണ്ട കാഴ്‌ചകളായിരുന്നു. കുങ്‌ഫൂ മാസ്റ്റർ പൂർണമായും ഒരു സിനിമാക്കഥയാണ്. എന്റെ ബാല്യത്തിൽക്കണ്ട ജാക്കിച്ചാൻ, ജെറ്റ്‌ലി, ബ്രൂസ്‌ലി സിനിമകളിൽ നിന്ന് എന്നെ ചാർജ് ചെയ്യിച്ച ആക്ഷൻ രംഗങ്ങൾ ഈ സിനിമയ്ക്ക് പ്രചോദനമായിട്ടുണ്ട്. ഒട്ടും ഡാർക്ക് അല്ലാത്ത കാഴ്‌ചകളിലൂടെ ആസ്വദിക്കാൻ പറ്റിയൊരു സിനിമ."– എബ്രിഡ് ഷൈൻ പറഞ്ഞു.

76910646_2647583162194753_6246160716550635520_n
ADVERTISEMENT

കഠിനമായ യാത്രകൾ വേണ്ടിവന്നു ചിത്രീകരണത്തിന്. ഹിമാലയൻ താഴവരയിലെ രണ്ടു സീസണുകളിലൂടെ ചിത്രീകരണം കടന്നുപോയി. മാർഷ്യൽ ആർട്‌സ് കേന്ദ്രീകൃത സിനിമയായതുകൊണ്ട് കഠിനപരിശീലനം, പ്രാക്ടീസ്, അഭിനേതാക്കളുടെ പരുക്ക് തുടങ്ങി പല പരീക്ഷണങ്ങളുമുണ്ടായി. 

പൂമരത്തിലൂടെ ശ്രദ്ധേയയായ നീത പിള്ളയാണ് ചിത്രത്തിലെ നായിക. ഓഡീഷനിലൂടെ കണ്ടെത്തിയ ജിജി സ്‌കറിയ ആണ് നായകൻ. ചിത്രത്തിനു വേണ്ടി കഠിനമായ പരിശീലനത്തിന്റെ വഴിയിലായിരുന്നു നീതയും ജിജിയും. പൂമരത്തിനു ശേഷം ലഭിച്ച ഓഫറുകളൊക്കെ വേണ്ടെന്നു വച്ചാണ് നീത ഈ സിനിമക്കു വേണ്ടി ആത്മാർത്ഥമായി പരിശ്രമിച്ചത്.

ADVERTISEMENT

മേജർ രവിയുടെ മകൻ അർജുനാണ് ക്യാമറ. കെ.ആർ. മിഥുൻ എഡിറ്റർ. ഫുൾ ഓൺ ഫ്രെയിംസിന്റെ ബാനറിൽ ഷിബു തെക്കുംപുറമാണ് നിർമാതാവ്.

ADVERTISEMENT
ADVERTISEMENT