ADVERTISEMENT

ടെർമിനേറ്റർ സിനിമ കാണാത്ത മലയാളികൾ ഉണ്ടാവില്ല. ഹോളിവുഡ് സൂപ്പർതാരം അർണോൾഡ് ഷ്വാർസ്നൈഗർ മലയാളികൾക്ക് പ്രിയങ്കരൻ ആയത് പോലും ഈ സിനിമയിലൂടെയാണ്. എന്നാൽ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് മാത്രം വഴങ്ങുന്ന അമേരിക്കക്കാരൻ അർണോൾഡ് പച്ചവെള്ളം പോലെ മലയാളത്തിൽ ഡയലോഗ് പറഞ്ഞാൽ എങ്ങനെയിരിക്കുമെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ.? അത് സംഭവിച്ചത്‌ ഇന്നും ഇന്നലെയുമൊന്നും അല്ല. പതിനഞ്ച് വർഷങ്ങൾക്കു മുൻപേ തന്നെ അർണോൾഡ് മലയാളം സംസാരിച്ചു എന്നതാണ് വാസ്തവം.

15 വർഷം മുൻപ് ടെർമിനേറ്റർ സിനിമയിലെ സീനുകൾ എഡിറ്റ് ചെയ്ത്, അതിൽ കിടിലൻ മലയാളം ഡയലോഗുകൾ ചേർത്ത് വിഡിയോ ഉണ്ടാക്കിയത് തിരുവനന്തപുരം സ്വദേശികളായ രണ്ട് വിദ്യാർത്ഥികൾ. തിരുവനന്തപുരം സ്ലാങ്ങിൽ ഡയലോഗ് പറഞ്ഞുകൊണ്ട് കാണാതെ പോയ കളിക്കുടുക്ക തേടിയിറങ്ങിയ അർണോൾഡ്, ഈ വിഡിയോ അന്ന് കാണാത്ത മലയാളികൾ ഉണ്ടായിരുന്നില്ല. ഫെയ്‌സ്ബുക്കും വാട്സ്‌ആപ്പും ടിക്ടോക്കുമൊന്നും ഇല്ലാതിരുന്ന കാലത്ത് ഇറങ്ങിയിട്ടുകൂടി സെൻസേഷനായി മാറിയ ആ വിഡിയോയുടെ പിന്നിൽ പ്രവർത്തിച്ച ആളുകൾ ആരാണെന്ന് അറിയണ്ടേ. ദാ, രണ്ടാളും ഇവിടുണ്ട്. അതിൽ ഒരാൾ കിടിലൻ വെബ്‌സീരീസുകളും പാട്ടുകളും കോമഡിയുമെല്ലാമായി മലയാളികൾക്ക് സുപരിചിതനായ ശ്യാം മോഹൻ. വർഷങ്ങൾക്കു മുൻപേ വൈറലായ വിഡിയോയുടെ കഥ ശ്യാമിന്റെ വാക്കുകളിൽ.

ADVERTISEMENT

"ഞാൻ പ്ലസ് ടുവിൽ പഠിക്കുന്ന സമയത്താണ് ആ വിഡിയോ ചെയ്യുന്നത്. അന്നൊക്കെ ചെറിയ രീതിയിൽ മിമിക്രി ചെയ്യുമായിരുന്നു. സ്‌കൂളിലും നാട്ടിലെ അമ്പലത്തിലുമൊക്കെ മിമിക്രി അവതരിപ്പിച്ചിട്ടുണ്ട്. അന്ന് എന്റെ സുഹൃത്തായ രജനീഷ് ഒരു ആനിമേഷൻ കോഴ്‌സ് പഠിക്കുന്നുണ്ടായിരുന്നു. അവൻ പുതിയ കമ്പ്യൂട്ടർ വാങ്ങിയ സമയത്ത് വെറുതെ ഒരു രസത്തിന് ടെർമിനേറ്റർ സിനിമയുടെ കുറെ ഭാഗങ്ങൾ വെട്ടിച്ചേർത്ത് ഒരു വിഡിയോ ഉണ്ടാക്കി. ഞാൻ അതിന് ശബ്ദം നൽകി. അന്ന് സുരാജ് വെഞ്ഞാറമൂട് തിരുവനന്തപുരം ശൈലിയിൽ കോമഡി ചെയ്ത് താരമായി നിൽക്കുന്ന സമയമാണ്. ഞങ്ങൾ അർണോൾഡിനെക്കൊണ്ട് ആ ശൈലിയിൽതന്നെ ഡയലോഗ് പറയിച്ചു. കാണാതായ കളിക്കുടുക്ക തേടിവന്ന പാറശാലക്കാരൻ സെൽവൻ, അതായിരുന്നു ആർണോൾഡിന് കൊടുത്ത പേര്. വെറുതെ ഞങ്ങൾക്ക് തോന്നിയ ഡയലോഗൊക്കെ ചേർത്ത് വിഡിയോ റെഡിയാക്കി.

ഇന്നത്തെപ്പോലെ ടിക്ടോക്കോ ഫെയ്സ്ബുക്കോ ഇല്ലായിരുന്നതുകൊണ്ടും യൂട്യൂബ് അത്ര സജീവമല്ലാതിരുന്നതുകൊണ്ടും വിഡിയോ കൈയിൽ തന്നെ ഇരുന്നു. ഞങ്ങളുടെ രണ്ടുപേരുടെയും വീട്ടുകാർ വിഡിയോ കണ്ടിട്ട് നല്ല അഭിപ്രായം പറഞ്ഞു. പക്ഷേ, നാട്ടിൽ സിഡി കട നടത്തുന്ന ഒരു ചേട്ടനെ കാണിച്ചപ്പോൾ പുള്ളിക്കാരൻ മോശം അഭിപ്രായം പറഞ്ഞു. അതോടെ ഞങ്ങൾ വേറെയാരെയും കാണിക്കാതെ ആ സംഭവം വിട്ടുകളഞ്ഞു. പിന്നീട്, രജനീഷിന്റെ സുഹൃത്തായ അനീഷ് ഈ വിഡിയോ എടുത്ത് പോപ്പുലർ ആക്കി. ഒരുപാട് പേരിലേക്ക് വിഡിയോ എത്തി. പക്ഷേ, ഇതൊന്നും ഞങ്ങൾ അറിഞ്ഞില്ല.

ADVERTISEMENT

കുറച്ച് നാൾ കഴിഞ്ഞപ്പോഴാണ് ഈ വിഡിയോ സിഡി രൂപത്തിൽ ബീമാപ്പള്ളിയിൽ വില്പനയ്ക്ക് വച്ചിട്ടുണ്ടെന്ന് അറിഞ്ഞത്. ഞങ്ങൾ അവിടെ പോയപ്പോൾ സംഗതി സത്യമാണ്. പിന്നീട് ട്രെയിനിലൊക്കെ യാത്ര ചെയ്യുമ്പോൾ അടുത്തിരിക്കുന്ന ആളുകൾ ഞങ്ങൾ ഉണ്ടാക്കിയ ഡയലോഗുകൾ പറഞ്ഞ് ചിരിക്കുന്നത് കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നി. പക്ഷേ, ഇത്രയും വർഷങ്ങൾക്കു ശേഷവും ആളുകൾ ആ വിഡിയോയും അതിലെ ഡയലോഗുകളും  ഓർത്തിരിക്കുന്നത് വലിയ കാര്യമാണ്. സോഷ്യൽ മീഡിയ വീണ്ടും അതിനെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. വിഡിയോ ചെയ്തത് ഞാനാണെന്ന് പറഞ്ഞപ്പോൾ പലർക്കും അദ്ഭുതമാണ്.

അന്ന് ഞാൻ വിചാരിച്ചത് ഭാവിയിൽ രജനീഷ് സിനിമയിൽ എഡിറ്റർ ആകുമെന്നാണ്. പക്ഷേ, അത് സംഭവിച്ചില്ല. അവൻ ഇന്ന് ബാങ്ക് ജീവനക്കാരനാണ്. ഞങ്ങളുടെ വിഡിയോ ചർച്ചയായ വിഷയം പറഞ്ഞപ്പോൾ അവനും ഭയങ്കര ഹാപ്പിയാണ്."

ADVERTISEMENT

വെബ് സീരീസ്, പരസ്യങ്ങൾ, എന്നിങ്ങനെ അഭിനയ മേഖലയിൽ സജീവമാണ് ശ്യാം മോഹൻ. യൂട്യൂബിലെ പോപ്പുലർ വെബ് സീരിസസുകൾ നിർമിക്കുന്ന "പൊന്മുട്ട മീഡിയ"യിലെ സ്ക്രിപ്റ്റ് റൈറ്ററും അഭിനേതാവുമെല്ലാമാണ് ശ്യാം.

gtyfyegfg877543 രജനീഷ്
ADVERTISEMENT