സിനിമ വിഷ്യലി കഥ പറയാന്‍ തുടങ്ങിയതിനോടൊപ്പം തന്നെ വളര്‍ന്ന മേഖലയാണ് സൗണ്ട് ഡിസൈനിങ്ങും. ചുറ്റമുള്ള ചലനങ്ങളിലും ഓരോ ചെറിയ ശബ്ദങ്ങൾ പോലും ഒപ്പിയെടുത്ത് സിനിമയെ കൂടുതല്‍ റിയലിസ്റ്റിക്ക് ആക്കുന്നതിൽ സൗണ്ട് ഡിസൈന്‍ ചെലുത്തുന്ന പങ്ക് ചെറുതല്ല. 2020 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ഉണ്ട, ഇഷ്‌ക് എന്നീ സിനിമകളിലൂടെ സൗണ്ട് ഡിസൈനിങ്ങിന് പുരസ്‌കാരം ഏറ്റുവാങ്ങിയ ശ്രീശങ്കറും വിഷ്ണുവും, അവാര്‍ഡിനെപറ്റിയും സൗണ്ട് ഡിസൈന്‍ ജിവിതത്തെ പറ്റിയും വനിത ഓണ്‍ലൈനുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.
അവാർഡ്
ഏറ്റവും ബെസ്റ്റ് ഔട്ട്പുട്ട് ഓരോ സിനിമയ്ക്കും കൊടുക്കാൻ ശ്രമിക്കാറുണ്ട്. ആ ശ്രമങ്ങള്‍ക്കുള്ളൊരു അംഗീകാരമായാണ് അവാര്‍ഡിനെ കാണുന്നത്, ഒരുപാട് സന്തോഷം.


പുത്രന്റെ കൂട്ട്
ഞങ്ങള് രണ്ടാളും ചങ്ങനാശ്ശേരി എസ്ബി കോളജിൽ ബിഎസ്സി ഫിസിക്‌സ് ക്ലാസ്‌മേറ്റ്സാണ്. അന്ന് തൊട്ടെ ചെറിയ രീതിയിൽ പാട്ടും പരിപാടിയുമായൊരു ലൈഫായിരുന്നു. ഒരിക്കലും ഓഫിസ് ജോലിയൊന്നും പറ്റില്ലെന്ന തീരുമാനമെടുത്തിട്ടാണ് സൗണ്ട് ഡിസൈനിങ് പഠിക്കാന്‍ ചെന്നൈയ്ക്ക് വണ്ടികേറുന്നത്. അടയാറിലും എസ്എഇയിലും ഒക്കെയായി സൗണ്ട് എന്‍ജിനിയറിങ് പഠനം, അവിടെ വച്ചാണ് അല്‍ഫോണ്‍സ് പുത്രനെ പരിചയപ്പെടുന്നത്. അവന്റെ ഷോര്‍ട് ഫിലിംസിലായിരുന്നു ആദ്യത്തെ സൗണ്ടിങ്ങൊക്കെ. അല്‍ഫോണ്‍സ് വഴി കാര്‍ത്തിക് സുബ്ബരാജ്, നളന്‍ കുമാരസാമിയുമൊക്കെയായി പരിചയമായി. പഠിത്തം കഴിഞ്ഞ് ചില പ്രൊജക്ടുകളില്‍ അസിസ്റ്റ് ചെയ്യുന്ന സമയത്തായിരുന്നു കാര്‍ത്തിക് സുബ്ബരാജ് ‘പിസ’ പ്ലാന്‍ ചെയ്യുന്നത്. അതായിരുന്നു ഞങ്ങൾ സൗണ്ട് ഡിസൈൻ ചെയ്ത ആദ്യത്തെ വർക്ക്. പിസയൊരു ട്രെന്‍ഡ്‌സെറ്ററായിരുന്നു. പിന്നെ നേരം, സൂദ്കാവ്, ജിഗര്‍താണ്ട, പ്രേമം അങ്ങനെ എഴുപതോളം സിനിമയിലെത്തി നില്‍ക്കുന്നു.

ഉണ്ടയും ഇഷ്‌കും
'ഉണ്ട'യുടെ സംവിധായകൻ ഖാലിദ് റഹ്മാനും 'ഇഷ്കി'ന്റെ അനുരാജ് മനോഹറും സൗണ്ടിങ്ങിൽ കാണിച്ച ഇന്ററെസ്റ്റ ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. ഉണ്ടയിൽ കഥ നടക്കുന്ന ടെറെയിന്‍ സെറ്റ് ചെയ്യുക എന്നതായിരുന്നു പ്രധാനം. നമ്മളുമായി ഒരുപാട് ദൂരെ നില്‍ക്കുന്നൊരു സ്ഥലമാണ് ഇതെന്ന് തോന്നിപ്പിക്കണം. ബസ്തര്‍ എന്ന സ്ഥലത്തായിരുന്നു ഷൂട്ടിങ്. ആദ്യം സോണിക്കലി ആ സ്ഥലത്തെ എങ്ങനെ റെപ്രസന്റ് ചെയ്യണമെന്നാണ് ആലോചിച്ചത്. ഹ്യൂമന്‍ അസോസിയേറ്റടായ സ്ഥലമല്ല എന്ന് തോന്നിക്കാന്‍ കാക്കയുടെ ശബ്ദം മനപൂര്‍വ്വം കട്ട് ചെയ്യുകയായിരുന്നു. പകരമായി ചീവിടിന്റെ മൂളലുകള്‍ കൂട്ടി. അതുപോലെ മണി സാറിന്റെ മാനിസകാവസഥയെ വളരെയധികം റിവീല്‍ ചെയ്യുന്ന സീനാണ് ആദ്യത്തെ മാവോയിസ്റ്റിക് അറ്റാക്. ആ സിനിലൊക്കെ തോക്കല്ല പകരം പടക്കമാണ് പൊട്ടിയതെന്ന് കാണിക്കാനായി കൃത്യമായ വ്യത്യാസങ്ങള്‍ ശബ്ദത്തിൽ വരുത്തിയിരുന്നു.

ഇഷ്‌കില്‍ കൂടുതലും സൈലന്‍സിലാണ് ഫോക്കസ് കൊടുത്തിരുന്നത്. നന്നായി ടെന്‍ഷന്‍ ബില്‍ഡ് ചെയ്യാന്‍ സൈലന്‍സ് ഒരുപാട് സഹായിക്കും. സൈലന്‍സിന് ശേഷം വരുന്നു അറ്റാക്കിന് നമ്മല്‍ പ്രതീക്ഷിക്കുന്നതിലും ഇരട്ടി ഫീലായിരിക്കും ഉണ്ടാവുക. അതുപോലെ കാറിനുള്ളിലെ സീനുകളെ ട്രീറ്റ് ചെയ്യുമ്പോള്‍ പ്രേക്ഷകനും അതിനുള്ളില്‍ ട്രാപ്പ് ചെയ്യാനുള്ള ഡിസൈനിങ് ടെക്‌നീക്കാണ് ഉപയോഗിച്ചിരുന്നത്.

സൗണ്ട് ഡിസൈനിങ്
ഒരു ഡീസല് ഓട്ടോയ്ക്ക് പെട്രോള്‍ വണ്ടിയുടെ സൗണ്ടിട്ടാല്‍ ശരിയല്ലല്ലോ എന്ന് തോന്നുന്നൊരു കോമണ്‍സെന്‍സ് തന്നെയാണ് സൗണ്ട് ഡിസൈനിങിൽ വേണ്ടത്. പിന്നെ , ആകെയുള്ളൊരു പ്രശ്‌നം സൗണ്ട് ഡിസൈനിങ്ങിനെ മ്യൂസിക്കുമായി ചേര്‍ത്ത് വായിക്കുന്നതാണ്. ഇത് രണ്ടും യഥാര്‍ഥത്തില്‍ രണ്ട് ഡിപ്പാര്‍ട്ട്‌മെന്റ് തന്നെയാണ്. സൗണ്ട് മിക്‌സിങ്ങില്‍ ഡയലോഗ്, മ്യൂസിക് ആന്‍ഡ് ബിജിഎം, സൗണ്ട് ഇഫെക്ട് ഇങ്ങനെ മൂന്ന് ഘടകങ്ങളുണ്ട്. അവ ചേര്‍ത്തുണ്ടാകുന്ന ഇഫെക്ടാണ് ഒരു സീനിന്റെ് സൗണ്ടിങ്ങില്‍ വരുന്നത്.
ഒരു വിഡിയോ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ നമുക്ക് ആവശ്യമുള്ള ശബ്ദം മാത്രമായിരിക്കില്ല വരുന്നത്. മറ്റ് ബഹളങ്ങളൊക്കെ അതിലേക്ക് കേറാന്‍ സാധ്യതയുണ്ട്. ഇതേപോലെ തന്നെ സിനിമയുടെ ഷൂട്ടിങ്ങിലും , അനാവശ്യ ശബ്ദങ്ങൾ മാറ്റിനിര്‍ത്തി ആ അമ്പിയന്‍സിന് ചേരുന്നവയെ ക്രിയേറ്റ് ചെയ്യുകയോ റെക്കോര്‍ഡ് ചെയ്യുകയോ ആണ് സൗണ്ട് ഡിസൈനിങ്ങില്‍ ചെയ്യുന്നത്. ഇതിനായി പലരീതിയും ഉപയോഗിക്കും. അത്തരത്തിൽ സിനിമയിലെ ഡബ്ബിങ്‌പോലെ തന്നെയുള്ളൊരു രീതിയാണ് ഫോളി. ഒരു സിനിമയില്‍ അഭിനയിച്ച ശേഷം അഭിനേതാക്കള്‍ അതിനുവേണ്ടി ഡബ്ബ് ചെയ്യുന്നത് സ്‌ക്രീനീലെ അഭിനയം നോക്കിയാണ്. ഇതേപോലെ ആ സീനില്‍ അഭിനയിക്കുന്ന നടന്റെ ചുറ്റും ഉണ്ടാകുന്ന് ഷര്‍ട്ടിന്റെ അനക്കം, നടക്കുമ്പൊ ഉള്ള ശബ്ദം എന്നിവയൊക്കെ ഫോളി ആര്‍ടിസ്റ്റ് സ്റ്റുഡിയോയില്‍ റിപ്പീറ്റ് ചെയ്യും. അത് ക്യാപ്ച്ചര്‍ ചെയ്താണ് ആ സീനിലേക്ക് ചേര്‍ക്കുന്നത്.
ചാലഞ്ചിങ് അനുഭവങ്ങൾ
എല്ലാം ചാലഞ്ചിങ്ങാണ്. കൂടുതല്‍ ബുദ്ധിമുട്ട് മഴയും ഇടിയും കടലുമൊക്കെ ക്യാപ്ചര്‍ ചെയ്യാനാണ്. പ്രകൃതി ഉണ്ടാക്കുന്ന അത്രയും ക്വാളിറ്റികിട്ടാന്‍ പാടാണ്. പലപ്പോഴും വളരെ എക്‌സൈറ്റിങ്ങാകും റെക്കോര്‍ഡിങ്. സൂര്യയുടെ സോറരൈ പോട്രിനായി ഹൈദരാബാദിലെത്തി പഴയ കിരണ്‍ ജെറ്റിന്റെ ശബ്ദം അടുത്തിടയ്ക്ക് റിക്കോര്‍ഡ് ചെയ്തിരുന്നു.ഈയടുത്ത് നമ്മെവിട്ടുപിരിഞ്ഞ സച്ചിയേട്ടന്റെ അയ്യപ്പനും കോശിയിലും അദ്ദേഹം സൂചിപിച്ചിരുന്നത് ഒരു കാറ്റിനെ പറ്റിയായിരുന്നു. അട്ടപ്പാടിയിലെ കാറ്റിനൊരു പ്രത്യേക ശബ്ദമുണ്ട്, അത് സിനിമയില്‍ കേൾക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ചില സീനുകളില്‍ ബാക്ഗ്രൗണ്ട് സ്‌കോറിന് പകരം അദ്ദേഹം ആ കാറ്റ് ഉപയോഗിക്കാനും പറഞ്ഞിരുന്നു. പ്രേമത്തില്‍ ഉറുമ്പ് നടക്കുന്ന ശബ്ദം റിക്കോര്‍ഡ് ചെയ്ത് ആഡ് ചെയ്തിരുന്നു. ഒന്ന് രണ്ടുപേര് ആ ശബ്ദം കേട്ടെന്നു പറഞ്ഞ് വിളിച്ചപ്പൊ വല്ലാത്ത സന്തോഷമായിരുന്നു.
പുതിയ സിനിമകൾ
മാലിക്, സോററൈ പോട്ര്, ഓപ്പറേഷന്‍ ജാവ എന്നിവയാണ് ഇനി ഇറങ്ങാനുള്ള സിനിമകള്‍....
ശ്രീശങ്കര്‍ കോട്ടയം സ്വദേശിയാണ്. അചഛന്‍ പിഎസ് ഗോപിനാഥനും അമ്മ നളിനിയും ഭാര്യ സുമിയുമാണ് വീട്ടിലുള്ളത്. തിരുവല്ല സ്വദേശിയാണ് വിഷ്ണു. അച്ഛന്‍ ഗോവിന്ദന്‍ നമ്പൂതിരിയും അമ്മ ഗൗരി അന്തര്‍ജനവും ചേട്ടൻ അരവിന്ദും അനിയൻ ഗോവിന്ദും ചേരുന്നതാണ് കുടുംബം.