മികച്ച ഫീമെയിൽ ഡബ്ബിങ് ആർടിസ്റ്റനുള്ള അവാർഡ് പ്രഖ്യാപിച്ചപ്പൊ എല്ലാവരും ഒന്ന് ഞെട്ടിക്കാണും.മലയാളികളുടെ പ്രിയങ്കരിയായ നടി ശ്രുതി രാമചന്ദ്രനായിരുന്നു ‘കമല’ക്ക് ശബ്ദം നൽകിയിരുന്നതെന്ന് ആരും അറിഞ്ഞിട്ടില്ലെന്നത് തന്നെയായിരുന്നു ആ ഞെട്ടലിന് കാരണം. ആദ്യ അവാർഡിന്റെയും കമലയുടെ ഡബ്ബിങ് വിശേഷവും ശ്രൂതി രാമചന്ദ്രൻ വനിത ഓൺലൈനുമായി പങ്കുവയ്ക്കുന്നു.
സർപ്രൈസ് അവാർഡ്
ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. കൂട്ടുകാര് വിളിച്ച് പറഞ്ഞപ്പോഴും ഞാൻ കരുതിയത് എന്തെങ്കിലും പ്രാങ്ക് ആണെന്നാണ്. പിന്നെ, ഡയറക്ടർ മനു ആശോകൻ വിളിച്ചപ്പോഴാണ് ഞാൻ വിശ്വസിച്ചത്. ആദ്യമായാണ മറ്റൊരാൾക്ക് ഡബ്ബ് ചെയ്യുന്നത്. അതിൽ തന്നെ അവാർഡ് കിട്ടിയതിൽ ഒരുപാട് സന്തോഷമുണ്ട്.
ഡബ്ബിങ്ങില്ലാത്ത തുടക്കം
ആദ്യം അഭിനയിച്ച സിനിമ ‘ഞാൻ’ ആയിരുന്നു. അതൊരു പീരിയിഡ് സിനിമയായതുകൊണ്ട് എന്നെകൊണ്ട് ഡബ്ബ് ചെയ്യിച്ചിരുന്നില്ല. ആ സിനിമ കഴിഞ്ഞ് ഞാൻ സ്പെയിനിൽ പോയി ആർക്കിടെക്ചറിൽ എംഎ ചെയ്യാൻ. അതു കഴിഞ്ഞ് നാട്ടിലെത്തി പഠിപ്പിക്കുന്ന സമയത്താണ് ‘പ്രേതം’ സിനിമയിൽ അഭിനയിക്കാൻ ചാൻസ് കിട്ടുന്നത്. അവിടെയും ആദ്യം എന്നോട് ഡബ്ബ് ചെയ്യേണ്ടെന്ന് പറഞ്ഞെങ്കിലും ഞാൻ തന്നെയാണ് ഡബ്ബ് ചെയ്തത്. അത് കഴിഞ്ഞ് സൺഡേ ഹോളിഡേ വഴി തെലുങ്കിൽ വിജയ് ദേവർകൊണ്ടയുടെ ‘ഡിയർ കോമറേഡിലും” അഭിനയിക്കാൻ അവസരം കിട്ടി. ആറ് വർഷമായി സിനിമയിലെത്തിയിട്ടും ഞാൻ എട്ട് സിനിമകളിൽ മാത്രമേ അഭിനിയിച്ചിട്ടൂള്ളൂ.
തികച്ചും യാദൃശ്ചികം

പലമുഖങ്ങളുള്ള കമലയിലേക്ക് റുഹാനി ശർമയ്ക്കായി സംവിധായകൻ രഞ്ജിത്ത് ശങ്കർ പലരുടെയും ശബ്ദം നോക്കിയിരുന്നു. അവസാനം ഡബ്ബിങ് നടക്കുന്ന സ്ഥലത്തിന് തൊട്ടടുത്തായിരുന്നു വീടെന്നത് കൊണ്ട് എന്നെകൂടെ ട്രൈ ചെയ്യാമെന്ന് വിചാരിച്ച് നോക്കിയതാണ്. ഭാഗ്യത്തിന് ക്ലിക്കായി. പല പേഴ്സണാലിറ്റിയിലൂടെ കടന്നുപോകുന്ന കഥാപാത്രമാണ് കമല. കമലയുടെ ഫിസാ എന്നൊരു ക്യാരക്ടറിന്റെ ഡബ്ബിങ്ങായിരുന്നു ഉള്ളതിൽ കൂടുതൽ ബുദ്ധിമുട്ടിയത്. അവാർഡിന്റെ കാര്യം പറഞ്ഞ് വിളിച്ചപ്പൊ രഞ്ജിത്ത് ശങ്കറിനും അത്ഭുതമായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ സർപ്രൈസിന്റെ ഞെട്ടൽ മാറി വരുന്നതേയുള്ളൂ.
തിരക്കഥയിലും ഒരുകൈ
ഭർത്താവ് ഫ്രാൻസിസാണ് ‘അന്വേഷണം’ സിനിമയ്ക്ക് തിരക്കഥയെഴുതിയത്. ലോക്ഡൗണ്‍ സമയത്താണ് ആമസോൺ തമിഴ് വെബ്സീരിസിന് പലരെയും കോണടാക്ട് ചെയ്യുന്നത് അറിഞ്ഞത്. അങ്ങനെയാണ് ‘ഇരുദി സുട്രിന്റെ’ സംവിധായിക സുധാ കോങ്ഗ്രയുടെ സിനിമയ്ക്ക് തിരക്കഥയെഴുതാൻ അവസരം കിട്ടിയത്. ഞാനും ഭർത്താവ് ഫ്രാൻസിസും ചേർന്നാണ് ‘പുത്തൻ പുതു കാലൈ’ എന്ന വെബ് സീരിസിലെ ‘ഇളമൈ ഇതോ ഇതോ’ എന്ന സെഗ്മെന്റെ എഴുതിയിരിക്കുന്നത്. ജയറാമേട്ടനും ഉർവശി ചേച്ചിയും കാളിദാസും കല്യാണിയുമാണ് ആ സെഗ്മെന്റിൽ വരുന്നത്. എല്ലാവർക്കും ഇഷ്ടപ്പെടുന്നൊരു സീരിസായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. വളരെ റിഫ്രഷിങ്ങായൊരു കഥയാണ് ഇളമൈ ഇതോ ഇതോ എന്ന് ഉറപ്പുതരാം.
ഫാമിലി
ഭർത്താവിനൊപ്പം കടവന്ത്രയിലാണിപ്പൊ താമസിക്കുന്നത്. സിനിമയുടെ പിറകേ ആയതുകൊണ്ട് ഫുൾ ടൈം ആർക്കിടെക്ചർ നടക്കില്ല. അതുകൊണ്ടിപ്പൊ ഇന്റീരിയൽ സ്റ്റൈലിങ്ങുമായാണ് ആർക്കിടെക്ചർ ലൈഫ് പോകുന്നത്...