ADVERTISEMENT

20 വർഷം മുൻപ് ‘അലൈപായുതേ’ റിലീസായതിനൊപ്പം രണ്ടു കാര്യങ്ങൾ കൂടി സംഭവിച്ചു. ഇന്ത്യൻ സിനിമാ ലോകം കണ്ട ഏറ്റവും ക്യൂട്ട് കണ്ണുകളുള്ള നായകൻ ജനിച്ചു. ഭാവിവരന് ‘മാഡി’യെ പോലെ നുണക്കുഴിച്ചിരി വേണമെന്നു ഇന്നാട്ടിലെ പെണ്ണുങ്ങൾ കൊതിച്ചു. തമിഴും സൗത്തും കടന്ന് അങ്ങു ബോളിവുഡിൽ വരെ നായകസ്ഥാനമുറപ്പിച്ച മാധവന് ഇന്നുംഒരു മാറ്റവുമില്ല. കണ്ണുകളിലെ  നിഷ്കളങ്കതയും നുണക്കുഴി വിരിയുന്ന നാണച്ചിരിയും അങ്ങനെ തന്നെ. ‘വനിത’യ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിനിടെ മാഡിയുടെ ഓർമകളും ഫ്ലാഷ്ബാക്കിലേക്കു പോയി.

വെളുക്കാനുള്ള വഴി ചോദിച്ച ആരാധകന് കൊടുത്ത മറുപടി വൈറലായി?

ADVERTISEMENT

ഞാൻ എങ്ങനെ വെളുത്തു എന്നാണ് ഒരാൾ ട്വീറ്റിൽ ചോദിച്ചത്. വെളുക്കാനായി പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല. വെയിൽ കൊണ്ടാൽ പെട്ടെന്നു തന്നെ ഇരുണ്ടുപോകുന്ന ചർമവുമാണ്. ഗോൾഫ് കളിച്ചു മടങ്ങിയെത്തുമ്പോൾ നിറം മങ്ങും. അതു മാറുന്നതോടെ നിറം കൂടിയതായി ചിലർക്ക് തോന്നും. ഇതൊക്കെ തമാശയായി മാത്രമേ എടുക്കാറുള്ളൂ. വെളുപ്പും കറുപ്പും ഉയരവുമൊന്നുമല്ല ജീവിതത്തിൽ പ്രധാനം. നിങ്ങൾ നിങ്ങളിൽ എത്രത്തോളം കംഫർട്ടബിൾ ആണെന്ന് ചിന്തിക്കുക. ഒപ്പം പ്രവർത്തിക്കാൻ മറ്റുള്ളവർ എത്ര കംഫർട്ടബിൾ ആണെന്നും അറിയുക. അതുമാത്രം മതി എന്നാണ്  ഞാൻ പറഞ്ഞത്.

പ്രണയത്തിലും ‘മോട്ടിവേഷനാ’യോ ?

ADVERTISEMENT

ബന്ധുക്കളിലൊരാൾ ശുപാർശ ചെയ്തിട്ടാണ് സരിത എന്റെ ക്ലാസ് അറ്റൻഡ് ചെയ്യാൻ വന്നത്. ക്ലാസിൽ നിന്നു ലഭിച്ച ആത്മവിശ്വാസത്തിന്റെ ബലത്തിൽ അവൾ എയർഹോസ്റ്റസ് ഇന്റർവ്യൂ പാസായി. കോഴ്സ് കഴിയുമ്പോഴേക്കും  ഞങ്ങൾ പ്രണയത്തിലായി. ‘അലൈപായുതേ’ക്ക് തൊട്ടുമുൻപായിരുന്നു വിവാഹം. വിവാഹശേഷം എന്റെ ചിത്രങ്ങളിൽ സരിത കോസ്റ്റ്യൂം ഡിസൈനറായി.

നടന്റെ ഭാര്യയാകുന്നത് കുറച്ചു റിസ്കുള്ള  കാര്യമാണെന്ന് അറിയാവുന്നതു കൊണ്ടുതന്നെ ലൊക്കേഷനിലേക്ക് ഒന്നിച്ചാണ് പോയിരുന്നത്. ഒന്നുരണ്ടു സിനിമയോടെ തന്നെ അഭിനയവും  ഷൂട്ടിങ്ങുമൊക്കെ എങ്ങനെയെന്ന് സരിതയ്ക്കു മനസ്സിലായി. 2005ലാണ് മകൻ വേദാന്ത് ജനിക്കുന്നത്. അതോടെ ചെന്നൈയിലേക്ക് താമസം മാറി. ഹിന്ദിയിൽ തിരക്കായപ്പോൾ വീണ്ടും മുംബൈയിലേക്ക്. ഈ വർഷം ആദ്യമാണ് ദുബായിലേക്ക് താമസം മാറിയത്.

ADVERTISEMENT

‘ബച്ചനാണെന്റെ ഹീറോ’

‘‘കരിയറിൽ വലിയ വിജയങ്ങൾ നേടിയിട്ടുള്ള ആളാണ് ഞാൻ. പക്ഷേ, അതിന്റെയൊന്നും ക്രെഡിറ്റ് എന്തു കൊണ്ടോ എനിക്കു കിട്ടിയിട്ടില്ല. അതിൽ വിഷമവുമില്ല. എല്ലാവർക്കും ഷാരൂഖ് ഖാനും രജനീകാന്തും ആകാൻ ആഗ്രഹം കാണും, എനിക്കും ഉണ്ട്. പക്ഷേ, ഓരോ റിലീസിന് മുൻപും അവർ നേരിടുന്ന മാനസിക സംഘർഷം അനുഭവിക്കാൻ എന്നെ കിട്ടില്ല.

അങ്ങനെ നോക്കുമ്പോൾ അമിതാഭ് ബച്ചനാണെന്റെ ഹീറോ. ഈ പ്രായത്തിലും അദ്ദേഹം നായകനായി സിനിമകൾ വരുന്നു. പലതും നൂറു കോടി ക്ലബിൽ. സിനിമ ഹിറ്റാകുമോ എന്ന് എനിക്കു മുൻകൂട്ടി പറയാനാകും. എന്റെ പൊട്ടിയ സിനിമകളുടെ ഭാവിയും പ്രവചിക്കാൻ കഴിഞ്ഞിരുന്നു. പൊതുവേ സാമ്പത്തിക കാര്യങ്ങളിൽ ഞാൻ വലിയ മിടുക്കനല്ല. പണം സമ്പാദിക്കാൻ അറിയാം. അത് സരിതയെ ഏൽപ്പിക്കും. അവളാണ് എല്ലാം കൈകാര്യം ചെയ്യുന്നത്. കുടുംബത്തിലെ കാര്യങ്ങളെല്ലാം അവളാണ് നോക്കുന്നത്, എന്നെയും...’’

ADVERTISEMENT