ഇത് ഭയാനകമായ ഓർമ്മപ്പെടുത്തലാണ്...: കീർത്തി സുരേഷിനും കോവിഡ്
Mail This Article
നടി കീർത്തി സുരേഷിനും കോവിഡ്. കീർത്തി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
ആവശ്യമായ എല്ലാ മുൻകരുതലുകളും സുരക്ഷാ നടപടികളും എടുത്തിട്ടും നേരിയ ലക്ഷണങ്ങൾ അനുഭവപ്പെട്ട തനിക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുകയാണെന്നും ഇത് വൈറസിന്റെ വ്യാപനനിരക്കിനെക്കുറിച്ചുള്ള ഭയാനകമായ ഓർമ്മപ്പെടുത്തലാണെന്നും താരം പറയുന്നു.
‘എല്ലാവരും കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ എല്ലാം പാലിക്കുകയും സുരക്ഷിതരായിരിക്കുകയും ചെയ്യുക. ഞാനിപ്പോ ഐസൊലേഷനിലാണ്. ഞാനുമായി അടുത്തിടപഴകിയവർ എല്ലാവരും ദയവായി ടെസ്റ്റ് ചെയ്യുക’.– കീർത്തി കുറിച്ചു.
നിങ്ങളിതുവരെ വാക്സിൻ സ്വീകരിച്ചിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് വാക്സിൻ എടുക്കൂ. ഗുരുതരമായ ലക്ഷണങ്ങൾ വരാതെ അതു നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും സംരക്ഷിക്കും. ഉടനെ രോഗം ഭേദമായി തിരിച്ചെത്താനാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കീർത്തി കുറിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി നടന് സത്യരാജ്, നടിയും നര്‍ത്തകിയുമായ ശോഭന, തൃഷ, സംവിധായകന് പ്രിയദര്ശന്, ഖുശ്ബു, ഗായിക ലത മങ്കേഷ്കർ, മീന എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.