ADVERTISEMENT

ധാക്ക രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഏഷ്യൻ സിനിമകളുടെ മത്സരവിഭാഗത്തിൽ ഏറ്റവും മികച്ച നടനുള്ള അവാർഡ് നടൻ ജയസൂര്യയ്ക്ക്. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത 'സണ്ണി' എന്ന സിനിമയിലെ അഭിനയത്തിനാണു പുരസ്കാരം. എഴുപത് രാജ്യങ്ങളിൽ നിന്നുള്ള 220 ഓളം സിനിമകളാണ് പല വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ടത്.

രഞ്ജിത്ത് ശങ്കർ - ജയസൂര്യ കൂട്ടുകെട്ടിൽ പിറന്ന ജയസൂര്യയുടെ നൂറാമത്തെ സിനിമയാണു 'സണ്ണി'. ഒന്നര മണിക്കൂർ മാത്രം ദൈർഘ്യമുള്ള ചിത്രം ആമസോൺ പ്രൈമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. കോവിഡും ക്വാറന്റൈനുമാണ് സണ്ണിയുടെ പശ്ചാത്തലം.

ADVERTISEMENT

ദുബായിൽ നിന്നു നാട്ടിലെത്തിയ സണ്ണിയുടെ ഏഴു ദിവസത്തെ ക്വാറന്റൈൻ ആണ് സിനിമ. അപകടകരമായ മാനസികാവസ്ഥയിലൂടെയാണ് സണ്ണിയുടെ ജീവിതം കടന്നു പോകുന്നത്. കോവിഡിനു മുമ്പിൽ പകച്ച്, പ്രതീക്ഷകൾ അസ്തമിച്ച്, ജീവിതത്തിൽ ഇനിയെന്ത് എന്ന ചോദ്യവുമായി നിൽക്കുന്ന ഓരോ സാധാരണക്കാരനും സണ്ണിയെ അവരവരിൽ കാണാം. നടനെന്ന നിലയ്ക്ക് ജയസൂര്യയുടെ വളർച്ച സണ്ണിയിൽ കാണാം. സൂക്ഷ്മതയോടെ കഥാപാത്രത്തെ ജയസൂര്യ സിനിമാസ്വാദകരിലേക്ക് എത്തിക്കുന്നു.

dhaka-international-film-festival-movies

ഇന്ത്യയിൽ നിന്ന് ഓസ്കാർ നോമിനേഷൻ ലഭിച്ച, റോട്ടർഡാം രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പുരസ്കാരം നേടിയ തമിഴ്‌ സിനിമ 'കൂഴങ്ങൾ' ആണ് മികച്ച ഫീച്ചർ സിനിമ. 'സണ്ണി' യെ കൂടാതെ ഡോ.ബിജു സംവിധാനം ചെയ്ത The Portraits, ഷരീഫ് ഈസ സംവിധാനം ചെയ്ത ആണ്ടാൾ, മാർട്ടിൻ പ്രക്കാട്ടിന്റെ നായാട്ട്, സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ത എന്നിവർ എന്നീ സിനിമകളാണ് ഫിക്ഷൻ വിഭാഗത്തിൽ മലയാളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്.

dhaka-international-film-festival-movie-documentary
ADVERTISEMENT

നോൺ ഫിക്ഷൻ വിഭാഗത്തിൽ മലയാളത്തിൽ നിന്ന് രാമദാസ് കടവള്ളൂരിന്റെ 'മണ്ണ്' പ്രദർശന യോഗ്യത നേടി. മൂന്നാറിലെ തേയിലത്തോട്ടം തൊഴിലാളികളുടെ ദുരിതജീവിതമാണ് രാംദാസ് കടവല്ലൂരിന്റെ ‘മണ്ണ്' എന്ന ഡോക്യുമെന്ററി. നിരാലംബരും നിസ്സഹായരുമായ തോട്ടംതൊഴിലാളികളുടെ ജീവിതമാണ് മണ്ണിൽ പച്ചയായി ചിത്രീകരിച്ചിരിക്കുന്നത്.

ADVERTISEMENT
ADVERTISEMENT