‘എന്റെ അനുക്കുട്ടി അമ്മയായി...ഞങ്ങളുടെ വീട്ടിലേക്കൊരു സുന്ദരിമോളെത്തി’: സന്തോഷം പങ്കുവച്ച് മൃദുല
Mail This Article
മലയാളത്തിന്റെ പ്രിയ മിനിസ്ക്രീന്‍ താരങ്ങളാണ് മൃദുല വിജയ്‍യും അനിയത്തി പാർവതിയും. നടൻ യുവകൃഷ്ണയാണ് മൃദുലയുടെ ജീവിതപങ്കാളി. ക്യാമറാമാൻ അരുണാണ് പാർവതിയുടെ നല്ലപാതി. ഇപ്പോഴിതാ കുടുംബത്തിലേക്ക് ഒരു പൊന്നോമന എത്തിയതിന്റെ സന്തോഷത്തിലാണ് ഈ താരകുടുംബം. പാർവതി കഴിഞ്ഞ ദിവസം ഒരു പെൺകുഞ്ഞിന് ജൻമം നൽകി. കഴിഞ്ഞ മൂന്നാം തീയതി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് പാർവതിക്കും അരുണിനും ആദ്യത്തെ കൺമണി പിറന്നത്.
‘‘അങ്ങനെ വല്യമ്മയായി. അതിന്റെ സന്തോഷത്തിലാണ് ഞാൻ. നോർമല്‍ ഡെലിവറിയായിരുന്നു. ഇന്ന് അമ്മയും കുഞ്ഞും വീട്ടിലെത്തും. പേര് കണ്ടെത്തിയിട്ടുണ്ട്. ഇരുപത്തിയെട്ട് കഴിഞ്ഞ് എല്ലാവരോടും പറയാം എന്നാണ് തീരുമാനം’’.– അനിയത്തി അമ്മയായതിന്റെ സന്തോഷം മൃദുല ‘വനിത ഓൺലൈനോട്’ പങ്കുവച്ചു.
മൃദുലയും ഇപ്പോൾ തന്റെ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ്.
‘‘എനിക്കിപ്പോൾ മൂന്നു മാസമായി. ചേച്ചിയും അനിയത്തിയും ഒരു വീട്ടിൽ ഗർഭിണിമാരായി കഴിഞ്ഞ ദിവസങ്ങൾ വളരെ രസകരമായിരുന്നു. യാദൃശ്ചികമായി അങ്ങനെ വന്നപ്പോൾ എല്ലാവർക്കും വലിയ കൗതുകമായി. ഒരാൾ എത്തി. ഇനി അടുത്തയാൾക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് എല്ലാവരും’’. – മൃദുല പറയുന്നു.
നിറവയറോടെ പാർവതിയും മൃദുലയും ചേർന്നു നൃത്തം ചെയ്യുന്ന ഒരു വിഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വളരെ വേഗമാണ് ആരാധകർ വിഡിയോ ഏറ്റെടുത്തത്. എന്നാൽ ചിലർ വിഡിയോയ്ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. അതിനെയൊക്കെ ഒരു ചിരിയോടെ തള്ളിക്കളയുകയാണ് മൃദുല.
‘‘വിമർശനങ്ങൾ എന്തായാലും ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. നെഗറ്റീവ് കമന്റുകൾ എത്തുമ്പോഴാണ് കൂടുതൽ ആളുകളിലേക്ക് എത്തുന്നതെന്ന് മനസ്സിലായി. അത്രയേറെ റീച്ച് അതിനു കിട്ടി. ഡാൻസ് കളിക്കുന്ന നമ്മളേക്കാൾ അസ്വസ്ഥതയാണ് കണ്ടു നിൽക്കുന്നവർക്ക്. നമുക്ക് കുഴപ്പമൊന്നുമില്ല. അവർക്കാണ് പ്രശ്നം’’. – മൃദുല പറയുന്നു.
തൽക്കാലം സീരിയലില്‍ നിന്നു വിട്ടുനിൽക്കുകയാണ് മൃദുല. മറ്റ് പ്രോഗ്രാമുകളിൽ പങ്കെടുക്കാനാണ് തീരുമാനം. പ്രസവ ശേഷമേ ഇനി സജീവമായി അഭിനയരംഗത്തേക്ക് മടങ്ങിയെത്തുകയുള്ളൂവെന്നും താരം വ്യക്തമാക്കുന്നു. പാർവതി ഇപ്പോൾ രണ്ടു വർഷമായി സീരിയലിൽ നിന്നു വിട്ടു നിൽക്കുകയാണ്. നല്ല വേഷങ്ങൾ ലഭിച്ചാൽ തിരിച്ചു വരാനാണ് തീരുമാനം. ഭർത്താവ് ക്യാമാറാമാനായതിനാൽ പാർവതിക്കും ആ സീരിയലിൽ തന്നെ അവസരം കിട്ടിയാൽ അത്രയും നല്ലതെന്ന് മൃദുല ചിരിയോടെ പറയുന്നു.
