ഡബ്ല്യുസിസിയില്‍ നിന്ന് ആരെയും വിളിച്ചപ്പോള്‍ കിട്ടിയില്ല, താങ്കള്‍ക്ക് എന്താണ് ? അലൻസിയറിന്റെ മറുപടി വൈറൽ
Mail This Article
സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഉണ്ണി ഗോവിന്ദരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹെവന്‍’. ഒരു പൊലീസ് ഉദ്യോഗസ്ഥനായി സുരാജ് എത്തുന്ന ഈ കുറ്റാന്വേഷണ ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, സുദേവ് നായര്‍, അലന്‍സിയര്‍, വിനയ പ്രസാദ്, ജോയ് മാത്യു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ജൂൺ 17 ന് തിയറ്ററുകളിലെത്തും.
ഇപ്പോഴിതാ, ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായ വാർത്താസമ്മേളനത്തില്‍ നടൻ അലൻസിയർ പറഞ്ഞതാണ് വൈറൽ.
‘ഡബ്ല്യുസിസിയില്‍നിന്ന് ആരെയും വിളിച്ചപ്പോള്‍ കിട്ടിയില്ല. താങ്കള്‍ക്ക് എന്താണ്? കുറേ നേരമായല്ലോ ചോദ്യങ്ങള്‍ ചോദിച്ച് ചൊറിയാന്‍ തുടങ്ങിയിട്ട്. സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയായി അഭിനയിക്കാന്‍ ഡബ്ല്യുസിസിയില്‍ നിന്ന് ആരെയും കിട്ടിയില്ല, നിങ്ങള്‍ എഴുതിക്കോ’ എന്നാണ് സ്ത്രീകഥാപാത്രങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അലൻസിയറിന്റെ മറുപടി നൽകിയത്.
ചിത്രത്തില്‍ നായികാ കഥാപാത്രമില്ലെന്നു സുരാജ് പറഞ്ഞു. ചിത്രത്തിൽ ആകെയുള്ള സ്ത്രീകഥാപാത്രം വിനയ പ്രസാദ് ആണ്. തന്റെ അമ്മയുടെ വേഷത്തിലാണ് വിനയ പ്രസാദ് എത്തുന്നതെന്നും സുരാജ് പറഞ്ഞു.
കട്ട് ടു ക്രിയേറ്റ് പിക്ചേഴ്സിന്റെ ബാനറിൽ എ.ഡി.ശ്രീകുമാർ, രമ ശ്രീകുമാർ, കെ.കൃഷ്ണൻ, ടി.ആർ.രഘുരാജ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഹെവന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളിയാണ്. പി.എസ്. സുബ്രഹ്മണ്യൻ തിരക്കഥയെഴുതുന്നു.