‘ശ്രീനി പഴയ ശ്രീനിയായി മാറി, എല്ലാ അർത്ഥത്തിലും’: സന്തോഷം പങ്കുവച്ച്, കുറിപ്പുമായി സത്യൻ അന്തിക്കാട്

Mail This Article
ശ്രീനിവാസനൊപ്പമുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച്, കുറിപ്പുമായി സംവിധായകന് സത്യൻ അന്തിക്കാട്.
‘മഴവിൽ മനോരമയുടെ പുരസ്കാരം സ്വീകരിച്ചുകൊണ്ട് നിറഞ്ഞ സദസ്സിനോട് ശ്രീനിവാസൻ പറഞ്ഞു-
‘ഞാൻ രോഗശയ്യയിലായിരുന്നു.
അല്ല, രോഗിയായ ഞാൻ ശയ്യയിലായിരുന്നു’.
ഉറവ വറ്റാത്ത നർമ്മത്തിന്റെ ഉടമയെ ചേർത്തു പിടിച്ച് ഞാൻ പറഞ്ഞു,
‘‘ശ്രീനിവാസന്റെ മൂർച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും. പവിഴമല്ലി വീണ്ടും പൂത്തുലയും’’
പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ അതു സംഭവിക്കുന്നു.
രണ്ടു ദിവസം മുമ്പ് ശ്രീനി അഭിനയിക്കുന്ന ‘കുറുക്കൻ’ എന്ന സിനിമയുടെ സെറ്റിൽ ഞാൻ പോയി. ശ്രീനി പഴയ ശ്രീനിയായി മാറി: എല്ലാ അർത്ഥത്തിലും.
നന്ദി പറയേണ്ടത് പുതിയ സിനിമയുടെ ശിൽപികളോടും വിനീതിനോടും ഒരു നിമിഷംപോലും അരികിൽനിന്നു മാറി നിൽക്കാത്ത ശ്രീനിയുടെ സ്വന്തം വിമലയോടുമാണ്.
സ്നേഹമുള്ളവരുടെ പ്രാർത്ഥനകൾക്ക് ഫലമുണ്ടാകുമെന്ന് ഇനി വിശ്വസിച്ചേ പറ്റു’.– സത്യൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
ശ്രീനിവാസൻ അഭിനയിച്ചുകൊണ്ടിരിക്കുന്ന ‘കുറുക്കൻ’എന്ന സിനിമയുടെ ലൊക്കേഷനിലാണ് സത്യൻ അന്തിക്കാട് അദ്ദേഹത്തെ സന്ദർശിച്ചത്.