ADVERTISEMENT

ഷാറുഖ് ഖാനും ദീപിക പദുക്കോണും ഒരുമിച്ച ചിത്രം പഠാൻ വൻ വിജയത്തിലേക്ക് കുതിക്കുകയാണ്. മുന്‍പും ഇരുവരും ഒരുമിച്ച ചിത്രങ്ങള്‍ വലിയ ഹിറ്റുകളായിരുന്നു. 'പഠാന്റെ' വിജയാഘോഷത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വികാരനിര്‍ഭരമായി ഷാറുഖ് ഖാൻ പറഞ്ഞ വാക്കുകള്‍ വൈറലാകുകയാണ്. സാഹോദര്യവും സ്നേഹവും ദയയുമാണ് സിനിമയുടെ വിജയത്തിനു കാരണമെന്ന് പറയുകയാണ് ഷാറുഖ് ഖാൻ.  

‘‘സിനിമ ഏതു ഭാഷയിൽ, ആരു ചെയ്താലും അത് സാഹോദര്യവും സ്നേഹവും ദയയും പകരുന്നതാകണം. സിനിമയിലെ കഥാപാത്രം വില്ലനോ ദുഷ്ടനോ ആരോ ആകട്ടെ പക്ഷേ ആ കഥാപാത്രം അഭിനയിക്കുന്ന നടൻ അല്ലെങ്കിൽ നടി മോശക്കാരാകുന്നില്ല. അയാളുടെ സ്വഭാവമല്ല സിനിമയിൽ കാണുന്നത്. ഞാൻ, ജോൺ, ദീപിക തുടങ്ങി എല്ലാ താരങ്ങളും പ്രേക്ഷകരെ സന്തോഷിപ്പിക്കാനാണ് സിനിമ ചെയ്യുന്നത്. സിനിമയിൽ ഞങ്ങൾ പറയുന്ന സംഭാഷണം ആരെയും മുറിവേൽപ്പിക്കാനല്ല മറിച്ച് പ്രേക്ഷകരെ ആസ്വദിപ്പിക്കാൻ മാത്രമുള്ളതാണ്. 

ADVERTISEMENT

തമാശയ്ക്കോ ആസ്വാദനത്തിനോ വേണ്ടി സിനിമയിൽ എന്തെങ്കിലും കാണിക്കുകയോ പറയുകയോ ചെയ്യുന്നെങ്കിൽ അത് ഗൗരവതരമായി എടുക്കരുത്. അമർ അക്ബർ ആന്റണി ഒരുമിച്ച് ചേരുമ്പോഴാണ് സിനിമ ഉണ്ടാകുന്നത്. ദീപിക അമറും ഞാൻ അക്ബറും ജോൺ ഏബ്രഹാം ആന്റണിയും ആയപ്പോഴാണ് പഠാൻ വിജയമായി മാറിയത്. ഞങ്ങൾ പേക്ഷകരെ സ്നേഹിക്കുന്നു. അതുപോലെ പ്രേക്ഷകരും തിരിച്ചു ഞങ്ങളെ സ്നേഹിക്കണമെന്ന് ആഗ്രഹിക്കുന്നു. അല്ലാതെ കോടികളുടെ കണക്ക് പറയുകയല്ല ഞങ്ങളുടെ ലക്ഷ്യം. പ്രേക്ഷകരുടെ സ്നേഹത്തേക്കാൾ വലിയ പ്രതിഫലവും വിജയവുമില്ല.’’- ഷാറുഖ് ഖാൻ പറയുന്നു. 

ADVERTISEMENT
ADVERTISEMENT