ഡയാന മറിയം കുര്യൻ എന്ന തിരുവല്ലക്കാരി പെൺകുട്ടിയിൽ നിന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ പദവിയിലേക്കുള്ള നയൻതാരയുടെ വളർച്ച അനുഭവങ്ങളുടെ കരുത്തും പരിചയസമ്പത്തും തണൽ വിരിച്ച വഴിയിലൂടെയായിരുന്നു. ഏതു നായകനോളവും തലപ്പൊക്കമുള്ള വിജയങ്ങളിലൂടെയും ആരാധക പിന്തുണയിലൂടെയും പൊന്നും വിലയുള്ള താരറാണിയിലേക്കുള്ള അവരുടെ വളർച്ചയ്ക്കു പിന്നിൽ ഒരു സിനിമാക്കഥയോളം വഴിത്തിരിവുകളുണ്ട്.
ഇന്ന് നയൻതാരയുടെ മുപ്പത്തിയൊമ്പതാം പിറന്നാളാണ്. 1984 നവംബർ 18 ന് തിരുവല്ലയിലെ ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിൽ ജനനം. ചാർട്ടേഡ് അക്കൗണ്ടന്റാകുക എന്നതായിരുന്നു മോഹം. എന്നാൽ എത്തപ്പെട്ടത് സിനിമയിൽ. ആദ്യ ചിത്രം മലയാളത്തിൽ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസ്സിനക്കരെ’യിലെ നാടൻ നായികയെ അനായാസ പ്രകടനത്തിന്റെ മികവിനാൽ നയൻതാര മനോഹരമാക്കി. തുടർന്ന് മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെ വൻതാരങ്ങളുടെ നായികയായി മലയാളത്തിൽ ഒരു പിടി ചിത്രങ്ങൾ. ശേഷം തമിഴിൽ. അവിടെ ശരത്കുമാർ, രജനീകാന്ത്, ചിമ്പു, സൂര്യ, വിജയ്, അജിത്, ധനുഷ് തുടങ്ങി വൻ താരങ്ങൾക്കൊപ്പം മിന്നും പ്രകടനവുമായി താരപദവി.
എന്നാൽ അഭിനയത്തിന്റെ സെക്കന്റ് ഇന്നിങ്സിൽ ശക്തമായൊരു തിരിച്ചു വരവായിരുന്നു നയൻതാര നടത്തിയത്. വിവാദങ്ങളും ഗോസിപ്പുകളും അസ്ഥാനത്താക്കി അനുഭവങ്ങൾ നൽകിയ കരുത്തുമായി, അവർ ഉയരങ്ങൾ കീഴടക്കുന്നതാണ് പിന്നീട് തെന്നിന്ത്യ കണ്ടത്. ഏതൊരു സൂപ്പർതാരത്തിനൊപ്പവും വിലയുള്ള അഭിനേത്രിയായി, നായികയായി അവർ വളർന്നു. ‘രാജാ റാണി’ മുതൽ ‘ജവാൻ’ വരെ എത്തി നിൽക്കുന്നു ആ വിജയത്തേരോട്ടം. അതിനിടെ, ഒന്നിനൊന്നു വേറിട്ട സോളോ ഹീറോയിൻ വിജങ്ങളും അവർ സ്വന്തം പേരിൽ ചേർത്തു. നയൻസിന്റെ ഡേറ്റിനു വേണ്ടി നിർമാതാക്കളും സംവിധായകരും കാത്തു നിൽക്കുന്നിടത്തോളം അവരുടെ താരമൂല്യം കുത്തനെ ഉയർന്നു. ഇടയ്ക്കിടെ മലയാളത്തിലും അവർ വന്നു പോകുന്നു. തെലുങ്കിലും സാന്നിധ്യമറിയിക്കുന്നു.

പതിനാറു വര്‍ഷത്തിനിടെ, നിരവധി ഉയർച്ച താഴ്ചകളിലൂടെ കടന്നു വന്ന അവരുടെ കരിയര്‍, മറ്റൊരു നടിക്കും ഉടനെയെങ്ങും എത്തിപ്പിടിക്കുവാനാകാത്ത ഉയരങ്ങളിൽ തിളങ്ങി നിൽക്കുമ്പോൾ ഓരോ മലയാളിക്കും അഭിമാനിക്കാം.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ട്രോൾ തന്നെയാണ് ആ വളർച്ചയെ കൃത്യമായി അടയാളപ്പെടുത്തുന്നത്. ‘വനിത’ യുടെ ഫോട്ടോക്യൂൻ പംക്തിയിൽ ഡയാന മറിയം കുര്യൻ എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട നയൻതാരയുെട പഴയ ചിത്രവും അവരുടെ ഏറ്റവും പുതിയ ഒരു ചിത്രവും ചേർത്തു വച്ചുള്ള ട്രോൾ ഇതിനോടകം വൈറൽ ആണ്. ഡയാന മറിയം കുര്യൻ എന്ന പേര് എന്നേക്കുമായി ഉപേക്ഷിച്ച നയൻതാര വിജയത്തിന്റെ പടവുകൾ ഓരോന്നായി ചവിട്ടിക്കയറിക്കൊണ്ടേയിരിക്കുന്നു.

കരിയറിനൊപ്പം ജീവിതത്തിലും ഏറ്റവും സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് നയൻതാര കടന്നു പോകുന്നത്. സംവിധായകൻ വിഘ്നേശ് ശിവനുമായുള്ള പ്രണയത്തിൽ അവർ അതീവ സന്തുഷ്ടയാണ്. തങ്ങളുടെ പ്രണകാലം ആഘോഷിക്കുന്ന ഇരുവരും ഒന്നിച്ചുള്ള സ്നേഹ നിമിഷങ്ങളുടയും സന്തോഷങ്ങളുടേയും ചിത്രങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എല്ലാ സന്തോഷങ്ങളുടേയും ആകെത്തുകയായി ഉയിര്‍, ഉലഗം എന്നിങ്ങനെ രണ്ട് കൺമണികളും അവർക്കൊപ്പമുണ്ട്.
വിഘ്നേശ് സംവിധാനം ചെയ്ത, ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ
നിന്നാണ് ഇവരുടെ പ്രണയത്തിന്റെ തുടക്കം. ചിത്രത്തിൽ നയൻസായിരുന്നു നായിക.

അടുത്തിടെ നയൻതാരയുടെതായി പുറത്തിറങ്ങിയ ജവാൻ’ കാത്തു വക്ക്ലെ രണ്ടു കാതൽ എന്നീ ചിത്രങ്ങളൊക്കെയും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചവയാണ്. ഇനിയും എത്രയോ വിജയഗാഥകൾ ഈ ലേഡീ സൂപ്പർ സ്റ്റാർ രചിക്കാനിരിക്കുന്നു. ..കയ്യടിക്കാം, വിജയത്തിന്റെ സുവർണ കിരീടം ചൂടിയുള്ള ഈ മനോഹര യാത്രയ്ക്ക്...