ADVERTISEMENT

ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആവേശം തിയറ്ററുകളിൽ വിജയപ്രദർശനം തുടരുമ്പോൾ, ചിത്രവുമായി ബന്ധപ്പെട്ട ഒരു രസികൻ ട്രോൾ പങ്കുവച്ച് സംവിധായകൻ അൻവർ റഷീദ്. അൻവർ ആവേശത്തിന്റെ നിർമാതാക്കളിലൊരാളാണ്. ഈദ് - വിഷു റിലീസായി ഏപ്രിൽ 11-നാണ് ആവേശം തീയറ്ററിലെത്തിയത്.

ചിത്രത്തിലെ ഫഹദിന്റെ തകർപ്പൻ പ്രകടനവുമായി ബന്ധപ്പെട്ട്, ‘ആവേശത്തിൽ ഫഹദിനെ സംവിധായകന്‍ അഴിച്ചു വിട്ടിരിക്കുവാ’ എന്നൊരു അഭിപ്രായം പ്രമോഷൻ പരിപാടികൾക്കിടെ സജീവമായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ട്രോൾ. ‘മഴവിൽകാവടി’ എന്ന ഹിറ്റ് ചിത്രത്തിലെ രംഗവും പറവൂർ ഭരതന്റെ മീമുമാണ് ട്രോളിനായി എടുത്തിരിക്കുന്നത്.

അൻവർ റഷീദ് എന്റർടൈൻമെന്‍സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്നാണ് ആവേശം നിർമിച്ചിരിക്കുന്നത്. ഫഹദിന് പുറമെ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, റോഷൻ ഷാനവാസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങി നിരവധി പേർ ചിത്രത്തിൽ എത്തുന്നുണ്ട്.

സമീർ താഹിർ ആണ് ഛായാഗ്രഹണം. വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാമാണ് സംഗീതം പകർന്നിരിക്കുന്നത്. എഡിറ്റർ - വിവേക് ഹർഷൻ.

ADVERTISEMENT
ADVERTISEMENT