‘രഞ്ജിത്ത് മാപ്പ് പറയണം, കേരളത്തില്‍ വന്ന് പരാതി നല്‍കാന്‍ ബുദ്ധിമുട്ട്’; ആരെങ്കിലും സഹായിച്ചാല്‍ നിയമനടപടിയെന്ന് ശ്രീലേഖ മിത്ര
Mail This Article
അഭിനയിക്കാന്‍ വിളിച്ചു വരുത്തിയ ശേഷം മുറിയിലേക്ക് ക്ഷണിച്ച് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് മാപ്പ് പറയണമെന്ന് നടി ശ്രീലേഖ മിത്ര. കേരളത്തില്‍ വന്ന് പരാതി നല്‍കാന്‍ ബുദ്ധിമുട്ടുണ്ട്. രഞ്ജിത്തിനെതിരായ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നു. ആരെങ്കിലും സഹായിച്ചാല്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അവര്‍ പറഞ്ഞു.
ശ്രീലേഖ രേഖാമൂലം പരാതി നല്‍കിയാല്‍ കേസെടുക്കാമെന്നും ഊഹാപോഹത്തിന്റെ അടിസ്ഥാനത്തില്‍ രഞ്ജിത്തിനെതിരെ നടപടിക്കില്ലെന്നുമായിരുന്നു സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞത്. രഞ്ജിത്ത് പ്രഗത്ഭനായ സംവിധായകനാണെന്നും കുറ്റം ചെയ്യാത്തയാളെ ക്രൂശിക്കാനാകുമോ? നിരപരാധിയെന്ന് വന്നാല്‍ എന്തുചെയ്യുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രഞ്ജിത്തിനെ അക്കാദമി ചെയര്‍മാനാക്കിയത് രാഷ്ട്രീയ തീരുമാനമാണെന്നും ആ സ്ഥാനത്ത് നിലനിര്‍ത്തുമോയെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. സ്ത്രീകളുടെ പരാതിയില്‍ സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമാണ്, വേട്ടക്കാര്‍ക്കൊപ്പമല്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.