ADVERTISEMENT

‘എമ്പുരാൻ’ റിലീസിനൊരുങ്ങുമ്പോൾ മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനോടുള്ള ചിത്രം പങ്കുവച്ച് കുറിപ്പുമായി സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്.

‘10 വയസുള്ളപ്പോൾ ആലുവ മാതാ മാധുര്യയിൽ മണിച്ചിത്രത്താഴ് കാണാൻ അപ്പനും അമ്മയും ഞങ്ങളെ കൊണ്ട് പോയി. ടിക്കറ്റ് കിട്ടാതെ വന്നപ്പോൾ അടുത്ത ഷോക്ക് ടിക്കറ്റ് എടുത്തിട്ട് താഴെ മാധുര്യയിൽ വേറെ പടത്തിന് കേറി, ആ പടവും ഹൗസ്ഫുൾ ‘പവിത്രം’. അത് മുഴുവൻ തീരാൻ നിക്കാതെ മണിച്ചിത്രത്താഴ് കാണാൻ വീണ്ടും മേളിലേ തിയേറ്ററിലേക്ക്. മോഹൻലാൽ ആരാധകരായ ഒരു അപ്പനും അമ്മയ്ക്കും ജനിച്ച മോഹൻലാൽ ആരാധനായ മകന്റെ ആദ്യ തിയേറ്റർ പ്രാന്ത് അനുഭവം അതായിരുന്നു. പിന്നെ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോൾ നരസിംഹം കാണാൻ ചാലക്കുടി പാലത്തിലെ ബ്ലോക്കിൽ കിടന്ന ബസിൽ നിന്നും ഇറങ്ങി ഓടി ഷോ തുടങ്ങുന്നതിനു മുൻപ് കിതച്ചത്തിയതും, എഞ്ചിനീയറിംഗ് പഠിക്കുമ്പോൾ ഉദയനാണ് താരം കാണാൻ കാസറഗോഡ് ഇടി കൊണ്ട് ക്യൂവിൽ നിന്നതും ബാംഗ്ലൂർ ഇൻഫോസിസിൽ ജോലി ചെയ്യുമ്പോൾ ശിവജിനഗർ തീയറ്ററിൽ ഫുൾ മലയാളി ഓടിയൻസിന്റെ ഓളത്തിൽ നരനും ഹലോയും കണ്ടതും. പുലിമുരുകൻ വന്നപ്പോ അമ്മൂമ്മമാർ വരെ ക്യൂ നിക്കുന്നത് കണ്ടതും സ്വന്തം അമ്മൂമ്മയെ കൊണ്ട് പോയതും ഒക്കെ ഒരു മോഹൻലാൽ ആരാധകഭ്രാന്തന് മാത്രം മനസിലാകുന്ന സുഖമുള്ള ഓർമകളാണ്. ഇന്ന് എമ്പുരാൻ ഇറങ്ങാൻ പോകുമ്പോൾ ഉണ്ടാകുന്ന ഈ ഓളം കണ്ടിട്ട് ഒരു ലാലേട്ടൻ ആരാധകൻ എന്ന നിലയിലും മലയാള സിനിമ പ്രേമി എന്ന നിലയിലും രോമം എണീറ്റ് നിന്ന് സല്യൂട്ട് അടിക്കുന്നു. ലാലേട്ടാ ഇത് നിങ്ങള്ക്ക് മാത്രം സാധിക്കുന്ന ഒരു മാജിക്‌ ആണ്. മലയാളികളുടെ തിയേറ്റർ രസതന്ത്രത്തിന്റെ തമ്പുരാൻ’.– ജൂഡ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

ADVERTISEMENT

 

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT