മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് ഇന്ന് 65 ആം പിറന്നാൾ. ആരാധകരും സഹപ്രവർത്തകരുമടക്കം ലക്ഷങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രിയതാരത്തിന് ആശംസകൾ അറിയിക്കുന്നത്.
ഒരു മാസത്തെ ഇടവേളയില്‍ തിയറ്ററുകളിലെത്തിയ മോഹന്‍ലാല്‍ സിനിമകളായ എമ്പുരാന്‍, തുടരും എന്നിവ ആഗോള ബോക്സ് ഓഫിസില്‍ നിന്ന് നേടിയത് 500 കോടിയോളം രൂപയാണ്. അതും ഈ പിറന്നാൾ ദിനത്തിന്റെ സന്തോഷം ഇരട്ടിയാക്കുന്നു.
18 വയസില്‍ സുഹൃത്തുക്കളുടെ കൂട്ടായ്‍മയില്‍ ഒരുങ്ങിയ ‘തിരനോട്ടം’ എന്ന ചിത്രത്തില്‍ അഭിനയിച്ചാണ് മോഹന്‍ലാല്‍ സിനിമയിലേക്കെത്തുന്നത്. എന്നാൽ ആ ചിത്രം അക്കാലത്ത് തിയറ്ററിലെത്തിയില്ല. തുടർന്ന് ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ പ്രതിനായക വേഷത്തിലൂടെ സജീവമായി. തുടർന്ന് വില്ലനായും സഹനായകനായും ഒരു പിടി ചിത്രങ്ങൾ. നായകനിരയിലേക്കെത്തിയ ശേഷം ഒരിക്കലും മോഹൻലാലിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 26 ആം വയസിലാണ് ടി പി ബാലഗോപാലന്‍ എം എ എന്ന സിനിമയിലെ അഭിനയത്തിന് മോഹന്‍ലാലിന് ആദ്യ സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്. തുടർന്ന് നാല് ദേശീയ പുരസ്കാരങ്ങളും ഏഴ് സംസ്ഥാന പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവം ആണ് മോഹൻലാലിന്റെതായി ഇനി റിലീസിനൊരുങ്ങുന്നത്. ഒപ്പം ജീത്തു ജോസഫിന്റെ റാം ഉൾപ്പടെയുള്ള സിനിമകളും അണിയറയിൽ ഒരുങ്ങുന്നു.