‘എന്നെ വിഷമത്തിലേക്ക് പോകാൻ പോലും അനുവദിക്കില്ലായിരുന്നു’; ഉള്ളുരുകും ഓർമ: വിഡിയോയുമായി രഹ്ന Kalabhavan Navas: The Unforgettable Moments
Mail This Article
നാളുകൾ കടന്നു പോകുമ്പോഴും ആ വേദനയുടെ ആഴം കൂടുന്നേയുള്ളൂ. കലാഭവൻ നവാസ് നൽകിയ ശൂന്യതയും നോവും അദ്ദേഹത്തിന്റെ കുടുംബത്തെ എത്രമാത്രം ബാധിച്ചിരിക്കുന്നു എന്നത് ആ കുറിപ്പുകളിൽ നിന്നും വ്യക്തം. ഇപ്പോഴിതാ കലാഭവൻ നവാസിന്റെ ഭാര്യ രഹ്‌ന നവാസ് പങ്കുവച്ച ഇൻസ്റ്റഗ്രാം വിഡിയോ ഏവരുടെയും ഹൃദയങ്ങളെ നോവിക്കുകയാണ്. ഇരുവരും ചേർന്ന് സന്തോഷത്തോടെ ചെലവഴിച്ച നിമിഷങ്ങൾ കോർത്തണിക്കിയ വിഡിയോയാണ് സഹൃദയരെ കണ്ണീരണിയിക്കുന്നത്. ബീച്ചിൽ ഒരു വള്ളത്തിന് സമീപം ദൂരേക്ക് നോക്കി എന്തോ ചിന്തിച്ച് വിഷമിച്ചിരിക്കുന്ന ഭാര്യയെ പാട്ടുപാടി സന്തോഷിപ്പിക്കുന്ന നവാസിനെയാണ് വിഡിയോയിൽ കാണുന്നത്. തന്നെ വിഷമിച്ചിരിക്കാൻ പോലും നവാസ് അനുവദിക്കില്ലായിരുന്നു എന്ന ഓർമ്മ പങ്കുവച്ചുകൊണ്ടാണ് രഹ്ന ഈ വികാരനിർഭരമായ വിഡിയോ പങ്കുവച്ചത്.
‘എന്നെ വിഷമത്തിലേയ്ക്കു പോകാൻ പോലും അനുവദിക്കില്ലായിരുന്നു’’–വിഡിയോയ്ക്കൊപ്പം രഹ്ന കുറിച്ചു. രഹ്നയെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.
2025 ഓഗസ്റ്റ് 1 ന് രാത്രിയാണ് 'പ്രകമ്പനം' എന്ന സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് താമസിച്ചിരുന്ന ചോറ്റാനിക്കരയിലെ ഹോട്ടലിൽ നവാസിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമായിരുന്നു മരണ കാരണം. കരിയറിൽ ശക്തമായി തിരിച്ചു വരുന്നതിനിടയിലായിരുന്നു നവാസിന്റെ വിയോഗം.
നവാസിന്റെ അപ്രതീക്ഷിത വിയോഗം സിനിമ മേഖലയിലെ സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കും വലിയ വേദനയാണ് സമ്മാനിച്ചത്. നവാസ് ഇല്ലാത്തതിന്റെ വദനയിൽ നിന്നും കരകയറാൻ ഭാര്യ രഹ്നയ്ക്കും മക്കൾക്കും കഴിയട്ടേ എന് പ്രാർഥനയിലായിരുന്നു അന്നുതൊട്ടിന്നു വരെ ഉറ്റവർ. ഇതിനിടെ, ഭർത്താവിന്റെ ഓർമ്മകൾ പങ്കുവച്ചുകൊണ്ടുള്ള രഹ്നയുടെ വീഡിയോ ആരാധകരെയും സഹപ്രവർത്തകരെയും ദുഃഖിപ്പിക്കുകയും ഒപ്പം ആ പഴയ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നുണ്ട്.
വാപ്പിച്ചി പോയ വേദന തങ്ങളുടെ നെഞ്ചിലെ ഭാരമാണെന്നു ഉമ്മിച്ചി ജീവിച്ചിരിക്കുന്നത് തന്നെ ഒരുപാട് പേരുടെ പ്രാർത്ഥനയുടെ ഫലമാണെന്നും നവാസിന്റെ മക്കൾ കുറിച്ചിരുന്നു.
കലാകുടുംബത്തിൽ ജനിച്ച കലാഭവൻ നവാസ്, 2002 ഒക്ടോബറിലാണ് പള്ളുരുത്തി സ്വദേശിയും നടിയുമായ രഹ്നയെ ജീവിതസഖിയാക്കിയത്. ഒരു സ്റ്റേജ് പരിപാടിക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയതും പ്രണയത്തിലായതും.