പ്രണവിന്റെ ഇൻട്രോസീനിലെ ഡയറക്ടർ ബ്രില്ല്യൻസ്! ഡിയസ് ഈറെ’യിലെ വീടിനു പിന്നിലൊരു കഥയുണ്ട് Designing a Home as a Character in Dies Irae
Mail This Article
കരകര ശബ്ദത്തോടെ തുറന്നടയുന്ന മാറാല കെട്ടിയ വാതിലുകൾ, ചിറകിട്ടടിച്ച് പറന്നുയരുന്ന നരിച്ചീറുകൾ, വലിയ തോട്ടത്തിനു നടുവിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ഇടിഞ്ഞു പൊളിഞ്ഞ വീടുകൾ... മലയാള സിനിമയിലെ ‘ഭാർഗവീ നിലയ’ങ്ങൾക്കെല്ലാം ഏതാണ്ട് ഒരേ മുഖമായിരുന്നു, ഡിയസ് ഈറെ ഇറങ്ങുന്നതു വരെ. കന്റെംപ്രറി ശൈലിയിലുള്ള അതിമനോഹരമായ ആഡംബരഭവനം പ്രേക്ഷകരിൽ ഭയത്തിന്റെ വിത്തുപാകി കഥാപാത്രമായി നിറഞ്ഞാടുകയാണ് ഇതിൽ.
ആർക്കിടെക്ട് രോഹൻ ശങ്കറായി പ്രണവ് മോഹൻലാലിന്റെ പ്രകടനത്തിനൊപ്പം പ്രശംസ നേടുന്നു പ്രണവിന്റെ വീടും. റീൽ ലൈഫിലെ ആർക്കിടെക്ട് വീട് റിയൽ ലൈഫിലും അങ്ങനെത്തന്നെ. ഡിയസ് ഈറെ കണ്ടിറങ്ങിയ പ്രേക്ഷകർ അന്വേഷിക്കുന്ന ഈ വീട് വടകരയിലാണ്. പ്രവാസി ദമ്പതികളായ അമീറിന്റെയും ഫരീദയുടെയും ഉടമസ്ഥതയിലുള്ള വീട് ഒരുക്കിയത് ഡിസൈനർമാരായ മകനും മരുമകളും (ഷാക്കിർ അമീർ, നൗറിൻ ഷൈൻ) ചേർന്നാണ്.
ആദ്യം വീട്, പിന്നെ കഥാപാത്രങ്ങൾ
വീടിനെ ചുറ്റിപ്പറ്റിയാണ് സിനിമയിലെ കഥാപാത്ര രൂപീകരണം തന്നെയെന്ന് പറയുന്നു സംവിധായകൻ രാഹുൽ സദാശിവൻ. പ്രണവിന്റെ കഥാപാത്രത്തെ ആർക്കിടെക്ട് ആക്കിയതു തന്നെ അയാളുടെ വീടിന് അത്രയും പ്രാധാന്യമുള്ളതു കൊണ്ടാണ്. ഒരുപാട് അന്വേഷണങ്ങൾക്കൊടുവിലാണ് ഈ വീട്ടിലേക്ക് എത്തിയതെന്ന് രാഹുൽ പറയുന്നു.
‘‘ഹൊറർ സിനിമകളിൽ സ്ഥിരം കാണുന്ന വീടിന്റെ പാറ്റേൺ പൊളിച്ചെഴുതണം എന്നു കരുതിത്തന്നെയാണ് ഇങ്ങനെയൊരു വീട് തിരഞ്ഞെടുത്തത്. പ്രണവിന്റെ കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളും അയാളുടെ ഏകാന്തതയുമെല്ലാം അനുഭവിപ്പിക്കാൻ ഈ വീട് സഹായിച്ചു.’’ ഭൂതകാലം, ഭ്രമയുഗം തുടങ്ങി രാഹുലിന്റെ മുൻചിത്രങ്ങളിലും വീട് ഒരു പ്രധാന കഥാപാത്രമാണ്.
വീട് കണ്ടെത്തിയതിനു ശേഷം അതിനനുസരിച്ച് പല സീനുകളും രൂപപ്പെടുത്തുകയായിരുന്നുവെന്ന് രാഹുൽ പറയുന്നു. അതിനുദാഹരണമാണ് പ്രണവിന്റെ ഇൻട്രോഡക്‌ഷൻ സീൻ. ‘‘ ആ സ്റ്റെയർകെയ്സ് കണ്ടപ്പോഴാണ് മുകളിൽ നിന്ന് താഴെ പാർട്ടിയിലേക്ക് അയാൾ ഇറങ്ങി വരുന്ന രീതിയിൽ ആ സീൻ ഉണ്ടാവുന്നത്. സ്പേസിനെ സപ്പോർട് ചെയ്യുന്ന രീതിയിൽ ക്യാമറ, ആർട് എന്നീ വിഭാഗങ്ങളുമായി ചർച്ച ചെയ്താണ് വിഷ്വൽസ് എല്ലാം ക്രമീകരിച്ചത്.
ആർട് ഡയറക്ടർ ജ്യോതിഷ് ശങ്കറിന്റെ നേതൃത്വത്തിൽ ചെടികൾ, പെയിന്റിങ്, കർട്ടൻ, ബെഡ് ഷീറ്റ്, ചില ഫർണിച്ചർ എന്നിവയെല്ലാം സിനിമയുടെ മൂഡിനനുസരിച്ച് നൽകി. വീടിന്റെ ശില്പികളായ ഷാക്കിർ അമീറും നൗറിനും വീടിന്റെ ആർക്കിടെക്ചറിനെ അലോസരപ്പെടുത്താതെ വരുത്തിയ, കഥയാവശ്യപ്പെടുന്ന മാറ്റങ്ങളിൽ സന്തുഷ്ടരാണ്. അപ്രതീക്ഷിതമായി വീടിന് കിട്ടിയ സ്വീകരണത്തിലുള്ള സന്തോഷത്തിലാണ് ഇരുവരും.
‘‘ആധുനികവും കാലാതീതവുമായ ഡിസൈൻ ആയിരുന്നു ലക്ഷ്യം. വളരെ കുറച്ച് മെറ്റീരിയലുകൾ, അവയിലധികവും പ്രീമിയം. ആവശ്യമില്ലാത്ത അലങ്കാരങ്ങൾ ഒഴിവാക്കി, മിതവും ശാന്തവുമായ ഡിസൈനിനുള്ള കാൻവാസ് ഞാൻ ഒരുക്കി നൽകി. അതിൽ നൗറിന്റെ ഇന്റീരിയർ ഡിസൈൻ ഊഷ്മളതയും വ്യക്തിത്വവും ലാളിത്യത്തെ ഹനിക്കാതെയുള്ള ബാലൻസും കൊണ്ടുവന്നു,’’ ഷാക്കിർ അമീർ പറയുന്നു.
ഗ്ലാസ് ഹിറ്റ് ആയി
തദ്ദേശീയരായ തൊഴിലാളികളുടെ മികവ് പ്രയോജനപ്പെടുത്തി കാലാവസ്ഥയ്ക്കിണങ്ങും വിധമാണ് ഈ സുസ്ഥിര നിർമിതി ഒരുക്കിയിട്ടുള്ളത്. 42 സെന്റിൽ 7000 ചതുരശ്രയടിയുളള വീടിന്റെ പുറംചുമരുകളുടെ 80 ശതമാനത്തിലധികം ഗ്ലാസ് ആണ്. ഡബിൾ ഹൈറ്റിലുള്ള ഗ്ലാസ് ചുമരുകളാണ് പ്രധാന ആകർഷണം. ചരിച്ചു നൽകിയ ഗ്ലാസ് സ്കൈലൈറ്റുകൾ വീടിനുള്ളിൽ വെളിച്ചമെത്തിക്കുന്നു. പെർഫോമൻസ് ഗ്ലാസ് ഉപയോഗിച്ചതിനാൽ യുവി രശ്മികളും ചൂടും തടുക്കുന്നു. ഓവർഹാങ്ങിങ്ങുകൾ കൃത്യമായി നൽകുകയും കാലാവസ്ഥയ്ക്കും ദിശകൾക്കും അനുസരിച്ച് തന്ത്രപരമായി ഡിസൈൻ ഒരുക്കുകയും ചെയ്ത് ഗ്ലാസ്സിന്റെ വെല്ലുവിളികൾ മറികടന്നു. തൃശൂരിലെ ഷൈൻ ബിൽഡേഴ്സ് & കൺസൽറ്റന്റ്സ് ആണ് സ്ട്രക്ചർ നിർമിച്ചത്.
സിനിമയിൽ കനിയുടെ സഹോദരൻ കിരൺ രോഹനോടു പറയുന്നുണ്ട്, ‘വീട് അടിപൊളിയാണല്ലോ’ എന്ന്. കഥാപാത്രങ്ങൾ മാത്രമല്ല, പ്രേക്ഷകരും സമ്മതിക്കും മലയാള സിനിമയിലെ പ്രേതഭവന സങ്കല്പങ്ങളെ പൊളിച്ചെഴുതിയ ഈ വീട് ‘അടിപൊളിയാണ്!’
ചിത്രങ്ങൾ: ഷാക്കിർ അമീർ
Area: 7000 sqft, Owner: വി.വി.അമീർ & ഫരീദ, Location: വടകര, കോഴിക്കോട്, Design: Nou Designs, കോഴിക്കോട്, ഖത്തർ, Email: hello@noudesigns.in
