മണിച്ചിത്രത്താഴ് ക്ലൈമാക്സ് ഒന്നു മാറ്റിപ്പിടിച്ചാലോ? മാടമ്പള്ളിയിൽ ആ രാത്രി സംഭവിച്ചത്: എഐ വിസ്മയം Manichitrathazhu: A Haunting Vision
Mail This Article
ജീവൻതുടിക്കുന്ന ചിത്രങ്ങളും അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും കൊണ്ട് നമ്മെ വിസ്മയിപ്പിക്കും എഐ. പ്രേക്ഷക മനസുകളിൽ ഇടംനേടിയ സിനിമകൾക്ക് എഐ ഭാവനകളിലൂടെ പുനരാവിഷ്കാരം നൽകുന്നതാണ് പുതിയ ട്രെൻഡ്. ഇപ്പോഴിതാ മലയാളത്തിലെ ക്ലാസിക് ഹിറ്റുകളിലൊന്നായ ‘മണിച്ചിത്രത്താഴ്’ സിനിമയിലെ കഥാപാത്രങ്ങളുടെ എഐ പുനരാവിഷ്കാരമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
മാടമ്പള്ളി തറവാട്ടിൽ എന്തു സംഭവിച്ചു എന്ന ഭാവനയുടെ എഐ ആവിഷ്കാരമാണ് പ്രേക്ഷകരെ ഞെട്ടിക്കുന്നത്. സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ മരിച്ചുകിടക്കുന്നതായാണ് എഐയിൽ കാണിച്ചിരിക്കുന്നത്. ‘സ്വർണ്ണ വില ഒരു ലക്ഷം കടന്നത്തോടെ അല്ലിയുടെ കല്യാണം മുടങ്ങി. ശേഷം ഇതാണ് മാടമ്പള്ളി തറവാടിന്റെ അവസ്ഥ!’ എന്ന അടിക്കുറിപ്പോടെയാണ് ‘കനവുകഥ’ എന്ന പേജിൽ വിഡിയോ പ്രത്യക്ഷപ്പട്ടിരിക്കുന്നത്.
തകർന്നുവീഴാറായ, മാറാല മൂടിയ മാടമ്പള്ളി തറവാടാണ് പശ്ചാത്തലം. ‘മണിച്ചിത്രത്താഴി’ലെ എല്ലാ പ്രധാന കഥാപാത്രങ്ങളെയും വിഡിയോയിൽ കാണാം. തറവാടിന്റെ ഓരോ കോണിലും ഓരോ കഥാപാത്രങ്ങളും മരിച്ചു കിടക്കുന്നുണ്ട്. തിലകനും ഇന്നസെന്റും മോഹൻലാലും സുരേഷ് ഗോപിയും തുടങ്ങി പ്രധാന കഥാപാത്രങ്ങളെല്ലാം ഇവിടെയുണ്ട്. നാഗവല്ലി തറവാടിന്റെ വാതിൽ കൊട്ടിയടക്കുന്ന രംഗത്തോടെയാണ് വിഡിയോ അവസാനിക്കുന്നത്.
രസകരമായ ചില കണ്ടെത്തലുകളും സോഷ്യൽ മീഡിയ നടത്തുന്നുണ്ട്. നകുലന് പാതി ജീവനുണ്ടെന്നും ആളുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. കഥാപാത്രങ്ങളെ അവതരിപ്പിച്ചതിലുള്ള ഒറിജിനാലിറ്റിയാണ് വിഡിയോ കണ്ടവർ എടുത്തുപറയുന്നത്. വിഡിയോ ഞെട്ടിപ്പിക്കുന്നതാണെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.