മക്കളേ... എന്നു വിളിച്ച സ്നേഹസാമീപ്യം, അന്നത്തെ 200 രൂപ ശമ്പളക്കാരന് നൽകിയ അനുഗ്രഹം: അനൂപ് മേനോന്റെ കുറിപ്പ് Anoop Menon's Heartfelt Tribute to Mohanlal's Mother
Mail This Article
മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മയുടെ വിയോഗത്തിൽ വികാരനിർഭരമായ കുറിപ്പുമായി നടനും സംവിധായകനുമായ അനൂപ് മേനോൻ. ആ സ്നേഹ സാമീപ്യവും കരുതലും ആവോളം അനുഭവിച്ചയാളാണ് താനെന്ന് വ്യക്തമാക്കുന്നതാണ് അനൂപ് മേനോന്റെ കുറിപ്പ്. കരിയറിന്റെ തുടക്കകാലത്ത് ഒരു ടെലിവിഷൻ അവതാരകനായി അമ്മയെ കാണാൻ പോയ അനുഭവം അനൂപ് വിവരിക്കുന്നുണ്ട്.
തന്നെ കാണാൻ എത്തുന്നവരെയെല്ലാം 'മക്കളേ' എന്ന് വിളിച്ച് നെഞ്ചോട് ചേർക്കുന്ന അമ്മയുടെ വാത്സല്യത്തെക്കുറിച്ച് അനൂപ് മേനോൻ വാചാനലാകുന്നുണ്ട്. ഒരു സൂപ്പർതാരത്തിന്റെ അമ്മ എന്ന ജാഡകളൊന്നുമില്ലാതെ, നിസ്സഹായനായ ഒരു ചെറുപ്പക്കാരന് സിനിമയിലേക്കുള്ള വഴി തുറന്നുകൊടുത്ത ആ അനുഗ്രഹത്തെക്കുറിച്ചും അനൂപ് മേനോൻ കുറിച്ചു.
അനൂപ് മേനോന്റെ കുറിപ്പിന്റെ പൂർണ്ണരൂപം:
‘‘അമ്മ. ആ പേര് അവരുടേത് മാത്രമായിരുന്നു. അവരെ പരിചയപ്പെട്ട ഓരോരുത്തർക്കും, ആ ഹൃദയസ്പർശിയായ "മക്കളേ" എന്ന വിളിയിലൂടെ അവർ ശരിക്കും അമ്മയായി മാറി. ചാനലിനു വേണ്ടി ലാലേട്ടന്റെ അമ്മയെ ഇന്റർവ്യൂ ചെയ്യാൻ എത്തിയപ്പോഴാണ് ഞാൻ അമ്മയെ ആദ്യമായി കാണുന്നത്. അന്ന് എനിക്ക് 23 വയസ്സ്, ലാലേട്ടനെ എനിക്ക് വ്യക്തിപരമായി അറിയില്ല. ഒരു സൂപ്പർസ്റ്റാറിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ അമ്മയോട് സംസാരിക്കാൻ പോകുന്നതിന്റെ പരിഭ്രമത്തിലായിരുന്നു ആ കൊച്ചു അവതാരകൻ. പേടിച്ച് വിറച്ച്, വയറ്റിൽ തീപിടിച്ച അവസ്ഥയിലായിരുന്നു ഞാൻ.
അപ്പോഴാണ് ആ സമാധാനമേറിയ പുഞ്ചിരിയോടെയും ദയയുള്ള കണ്ണുകളോടെയും അവർ വന്നത്. ആ നിമിഷം തന്നെ ആ വീട് എന്റേതുകൂടിയാണെന്ന് എനിക്ക് തോന്നിപ്പോയി. എന്റെ കരിയറിൽ ആദ്യമായി, ഒരവതാരകൻ എന്ന നിലയിൽ ഞാൻ അങ്ങോട്ട് ചോദ്യങ്ങൾ ചോദിക്കുകയല്ലായിരുന്നു; പകരം അമ്മ എന്നെക്കുറിച്ച് ചോദിച്ചറിയുകയായിരുന്നു. ഇടയ്ക്കിടെ തന്റെ "ലാലുവിനെ" കുറിച്ചുള്ള കഥകൾ ഒരു പഴയ ബന്ധുവിനോടന്നപോലെ അമ്മ പറഞ്ഞുതന്നു.
അമ്മ ഞങ്ങൾക്ക് ഉച്ചഭക്ഷണം നൽകി, ചായ കുടിക്കാൻ നിർബന്ധിച്ചു. യാത്ര പറയുമ്പോൾ എന്റെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് എന്നെ അനുഗ്രഹിച്ചു: ‘‘മോൻ സിനിമയിൽ വരും കേട്ടോ’’. ഒരു ദിവസത്തെ ജോലിക്ക് വെറും 200 രൂപ മാത്രം പ്രതിഫലം വാങ്ങിയിരുന്ന, നിസ്സഹായനായ ആ 23-കാരന് ലഭിച്ച ഏറ്റവും വലിയ പ്രതീക്ഷയുടെ നാളമായിരുന്നു ആ വാക്കുകൾ.
വർഷങ്ങൾക്ക് ശേഷം ലാലേട്ടനെ കണ്ടപ്പോൾ ആ അമ്മ പകർന്നുനൽകിയ അതേ സ്നേഹം അദ്ദേഹത്തിലും ഞാൻ കണ്ടു. 'കനൽ' എന്ന സിനിമയുടെ ഷൂട്ടിങിനിടയിൽ, അമ്മയുടെ അസുഖത്തെക്കുറിച്ച് പറയുമ്പോഴെല്ലാം അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹത്തെപ്പോലെ അമ്മയെ ഇത്രയധികം സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്ന ഒരു മകനെ ഞാൻ വേറെ കണ്ടിട്ടില്ല. പക്ഷേ ലാലേട്ടാ, അത് നിങ്ങളുടെ മനസ്സിന്റെ നന്മ മാത്രമല്ല, മറിച്ച് അവർ അത്തരമൊരു അമ്മയും വ്യക്തിയും ആയതുകൊണ്ട് കൂടിയാണ്. ആ സ്നേഹം പൂർണമായും അവരുടേതായിരുന്നു. അമ്മേ, ഞങ്ങൾക്കെല്ലാവർക്കും അമ്മയെ മിസ്സ് ചെയ്യും.’’– അനൂപ് മേനോൻ കുറിച്ചു.