അമ്മയെ മാറോടണച്ചു കവിളിൽ മുത്തം കൊടുക്കുന്ന ലാലു ചേട്ടൻ: ആ കാഴ്ച ഭാഗ്യം: ഡോ. ജ്യോതിദേവിന്റെ കുറിപ്പ് Jyothidev Kesavadev's Touching Tribute
Mail This Article
മോഹൻലാലിന്റെ അമ്മ ശാന്തകുമാരിക്ക് വിടചൊല്ലുകയാണ് നാട്. പ്രിയതാരത്തിന്റെ സ്നേഹനിധിയയാ അമ്മയെക്കുറിച്ച് വികാരനിർഭരമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് കുടുംബസുഹൃത്തും ഡോക്ടറുമായ ജ്യോതിദേവ് കേശവദേവ്. അമ്മ 90 വയസ്സ് വരെ ജീവിച്ചിരുന്നു എന്നതിന്റെ രഹസ്യം, ഈ മകനും കുടുംബവും നൽകിയ സ്നേഹവും വാത്സല്യവും പരിചരണവും കൊണ്ടാണെന്ന് ജ്യോതിദേവ് കുറിച്ചു.
ജ്യോതിദേവ് കേശവദേവിന്റെ കുറിപ്പ്:
‘മോഹൻലാലിന്റെ അമ്മ ശാന്ത ആന്റി’
നമ്മുടെയെല്ലാം പ്രിയങ്കരിയായ ശാന്ത ആന്റി, ഇതെഴുതുമ്പോൾ ഇന്ന് നമ്മളോടൊപ്പമില്ല. എനിക്ക് ഓർമവച്ച നാൾ മുതൽ അയൽക്കാരി എന്ന നിലയിലും, ഉറ്റ സുഹൃത്തെന്ന നിലയിലും, എന്റെ അമ്മ സീതാലക്ഷ്മിദേവ്, ആന്റിയുമായി വളരെ അടുപ്പത്തിലായിരുന്നു.
ശാന്ത ആന്റിയെ ഞാൻ അവസാനമായി കാണുന്നത് ഡിസംബർ 28-ാം(മിനിഞ്ഞാന്ന്) തീയതി ശനിയാഴ്ച കൊച്ചിയിലെ വീട്ടിൽ വച്ചാണ്. അപ്പോഴേക്കും വാർദ്ധക്യസഹജമായ രോഗങ്ങൾ ആന്റിയെ വല്ലാതെ തളർത്തിയിരുന്നു. ഞാൻ ഒക്ടോബർ 20-ാം തീയതി കൊച്ചിയിലെ വീട്ടിൽ എത്തുമ്പോൾ പതിവുപോലെ നിർബന്ധിച്ച് ഭക്ഷണം തന്നിട്ട് മാത്രമേ എന്നെ പോകാൻ അനുവദിച്ചുള്ളൂ. വീൽ ചെയറിൽ, തീൻ മേശക്കരികിലെത്തി എല്ലാ വിഭവങ്ങളും ഞാൻ ആസ്വദിച്ച് കഴിച്ചുവെന്ന് ആന്റി ഉറപ്പാക്കി. അന്നേ ദിവസം ലാലു ചേട്ടനും, സുചിത്രയും, ആന്റണി പെരുമ്പാവൂരും വീട്ടിലുണ്ടായിരുന്നു. അന്നെനിക്കറിയില്ലാരുന്നു ശാന്ത ആന്റിക്കൊപ്പം ഇങ്ങനെയൊരു അവസരം ഇനി ഒരിക്കലും ഉണ്ടാകില്ല എന്നത്!
ഈ അമ്മയും മകനും തമ്മിലുള്ള അടുപ്പം പതിറ്റാണ്ടുകളായി ഞാൻ അടുത്തറിഞ്ഞിട്ടുള്ള ഒരാളാണ്. ലാലുച്ചേട്ടന് എത്ര തിരക്കാണെങ്കിലും, ലോകത്തെവിടെയാണെങ്കിലും അമ്മയെ എന്നും വിളിക്കും.
അമ്മയെ മാറോടണച്ചു കെട്ടിപ്പിടിച്ച് കവിളത്ത് മുത്തം കൊടുക്കുന്നത് പലയാവർത്തി കാണുവാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ശാന്ത ആന്റി 90 വയസ്സ് വരെ ജീവിച്ചിരുന്നു എന്നതിന്റെ രഹസ്യവും, ഈ മകനും കുടുംബവും നൽകിയ സ്നേഹവും വാത്സല്യവും പരിചരണവും കൊണ്ടാണ്. ശാന്ത ആന്റി അവശയായിട്ട് കുറച്ച് വർഷങ്ങളായെങ്കിലും നമ്മൾ അങ്ങോട്ട് പറയുന്നതെല്ലാം മനസ്സിലാകും. ആംഗ്യ ഭാഷയിലും ശബ്ദത്തിലൂടെയും, നമ്മൾക്കും കാര്യങ്ങൾ മനസ്സിലാകും. ഞങ്ങൾ കണ്ടുമുട്ടുമ്പോഴെല്ലാം മുടവൻമുകളിലെ വിശേഷങ്ങൾ പറയും; ഇമവെട്ടാതെ ആന്റി ശ്രദ്ധിച്ചു കേൾക്കും.
മുടവൻമുകളിലെ ഞങ്ങളുടെ അയൽക്കാരായ പ്രസന്നയും ഭർത്താവ് ഷൺമുഖവും കഴിഞ്ഞ 14 വർഷങ്ങളായി ആന്റിക്കൊപ്പം കൊച്ചിയിൽ തന്നെയാണ്. ആന്റിയുടെ ആംഗ്യഭാഷ അവർ എനിക്കും സുനിതക്കും (എന്റെ ഭാര്യ), കൃഷ്ണദേവിനും (എന്റെ മകൻ) പരിഭാഷപ്പെടുത്തി തരും. പ്രസന്ന, ആന്റിയെ പരിചരിക്കുന്നത് കാണുമ്പോൾ ഞാൻ ദൈവത്തിനോട് നന്ദി പറയും. അത്ര ആത്മാർത്ഥതയോട് കൂടിയാണവർ ആ കൃത്യം വർഷങ്ങളായി നിർവഹിച്ചുവരുന്നത്!
ശാന്ത ആന്റി മരണപ്പെട്ടു എന്ന വാർത്ത ആത്‍മമിത്രമായ എന്റെ അമ്മയോട് പറയാനുള്ള ധൈര്യം എനിക്കില്ല. രണ്ട് മാസങ്ങൾക്കു മുൻപാണ് അവർ വിഡിയോ കാളിൽ പരസ്പരം കണ്ടതും ആശയവിനിമയം നടത്തിയതും. ഈ രണ്ടമ്മമാർക്കും ഉയർന്ന വിദ്യാഭ്യാസമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ കുഞ്ഞുനാൾ മുതൽ ഞാൻ ശ്രദ്ധിച്ചിരുന്ന ഒരു പ്രത്യേകത ഇവർ രണ്ടുപേരും സമയത്തിന് നൽകിയ പ്രാധാന്യമായിരുന്നു.
ദീർഘകാലം ശാന്ത ആന്റി എന്റെ ചികിത്സയിലായിരുന്നു. ആന്റി ഫോൺ ചെയ്താൽ 2 മിനിറ്റ്പോലും ദീര്‍ഘിപ്പിക്കുകയില്ല. “മക്കൾക്ക് നല്ല തിരക്കാണെന്നു എനിക്കറിയാം. ഒരുപാടുപേർ കാത്തിരിക്കുന്നുണ്ടാകും”. ശാന്ത ആന്റിയുടെ ‘ടൈം മാനേജ്മെന്റ് സ്കിൽസ്’ തന്നെയാകാം മകന്റെ വിജയത്തിനു പിന്നിലും. ലാലുച്ചേട്ടൻ ഒരു ഇതിഹാസ കഥാപാത്രമായി മാറിയതിന്റെ പിന്നിലും മാതാവിന്റെ പങ്കു വളരെ വളരെ ഏറെയാണ്.
ലാലുച്ചേട്ടൻ അദ്ദേഹത്തിന്റെ ഒരു സ്വപ്നം ഞാനുമായി അടുത്തിടെ പങ്കുവയ്ക്കുകയുണ്ടായി. അതിബൃഹത്തായ ഒരു മലയാള സിനിമ മ്യൂസിയമാണത്. അദ്ദേഹത്തിന്റെ അച്ഛൻ വിശ്വനാഥൻ അങ്കിളിനും ശാന്ത ആന്റിക്കും അവിടെ ഒരു സവിശേഷ സാന്നിധയം ഉണ്ടാകുമെന്ന് ഉറപ്പാണ്.
മോഹൻലാലിനും സുചിത്രയ്ക്കുമൊപ്പം, മായമോളും (വിസ്മയ മോഹൻലാൽ), അപ്പുമോനും(പ്രണവ് മോഹൻലാൽ) അവരുടെ അച്ഛമ്മയെ ഒരുപാട് സ്നേഹിക്കുന്നവരാണ്. എത്ര തിരക്കാണെങ്കിലും എത്ര അകലെയാണെങ്കിലും മിക്കപ്പോഴും അവർ ഒരുമിച്ചു കൂടാറുണ്ട്. എല്ലാവരുടെയും പ്രിയപ്പെട്ട ശാന്ത ആന്റിയുടെ ആത്മാവിന്റെ നിത്യശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം.
(ഈ അനുഭവം ഇവിടെ വിവരിച്ചതിനു മറ്റൊരു ഉദ്ദേശം കൂടിയുണ്ട്. നാം ഇവിടെ കണ്ടത് വാർദ്ധക്യത്തിൽ, അമ്മയോടൊപ്പം സാന്നിധ്യം കൊണ്ടും സ്നേഹംകൊണ്ടും പരിചരിച്ച ഒരു മകന്റെയും കുടുംബത്തിന്റെയും കഥയാണ്. പക്ഷേ കേരളത്തിന്റെ പൊതുവായ ഇന്നത്തെ അവസ്ഥ ഇതല്ല. മിക്ക വീടുകളിലും വൃദ്ധജനങ്ങൾ കേരളത്തിൽ ഇപ്പോൾ ഒറ്റയ്ക്കാണ്. അവരുടെ മക്കൾ, മരുമക്കൾ, കൊച്ചുമക്കൾ ഒക്കെയും കേരളത്തിന് പുറത്തോ അല്ലെങ്കിൽ വിദേശത്തോ ആണ് പഠിക്കുന്നതും ജോലി ചെയ്യുന്നതും. നമ്മെ നമ്മളാക്കി മാറ്റിയ അച്ഛനമ്മമാരുടെ വാർദ്ധക്യത്തിൽ അവരെ സംരക്ഷിക്കുവാനും സ്നേഹിക്കുവാനും പരിചരിക്കുവാനുമാകാത്ത ഒരു ജീവിതമെന്തിന്? ആ നഷ്ടം എങ്ങനെ നികത്താനാകും?
നമുക്കാവശ്യം കേരളത്തിൽ ജീവിച്ചുകൊണ്ട്, ആത്മാർത്ഥമായി, കഠിനാധ്വാനം ചെയ്യുന്ന യുവതീയുവാക്കളെയാണ്. ശരിയല്ലേ?’’-ജ്യോതിദേവ് കേശവദേവിന്റെ വാക്കുകൾ.