അച്ഛമ്മയെ അവസാനമായി ഒരുനോക്ക് കാണാൻ പ്രണവ് മുടവൻമുഗളിലെത്തി: കണ്ണീർ നിമിഷം Pranav Mohanlal's Emotional Farewell to Grandmother
Mail This Article
തന്റെ പ്രിയപ്പെട്ട അച്ഛമ്മയെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യ ചുംബനമേകാനും പ്രണവ് മോഹൻലാൽ തിരുവനന്തപുരത്തെത്തി. പ്രിയതാരം മോഹൻലാലിന്റെ അമ്മ അന്തരിച്ച ശാന്തകുമാരിയമ്മയുടെ ഭൗതികദേഹം പൊതുദർശനത്തിന് വച്ചിരിക്കുന്ന മുടവൻമുകളിലെ കുടുംബവീട്ടിലാണ് പ്രണവ് എത്തിയത്. കേരളത്തിന് പുറത്തായിരുന്നു പ്രണവ്. മരണ വിവരം അറിഞ്ഞ ഉടൻ യാത്ര തിരിക്കുകയായിരുന്നു. .
അച്ഛമ്മയുടെ ഭൗതിക ദേഹത്തിനരികിലേക്ക് പ്രണവ് എത്തുന്ന കാഴ്ച ഹൃദയഭേദകമാണ്. എന്നും ഓർത്തുവയ്ക്കുന്ന സ്നേഹവാത്സല്യങ്ങൾ പകർന്നാണ് ശാന്തകുമാരി ആ കുടുംബത്തിൽ നിന്നും യാത്രയാകുന്നത്. അച്ഛമ്മയുമൊത്തുള്ള സ്നേഹ നിമിഷങ്ങളും ഹൃദയഹാരിയായ ചിത്രങ്ങളും പ്രണവും സഹോദരി വിസ്മയയും മുൻപും പങ്കുവച്ചിട്ടുണ്ട്. അച്ഛമ്മയെ അനുസ്മരിപ്പിക്കുന്ന വിധം കണ്ണട ധരിച്ചെത്തിയ വിസ്മയയുടെ ചിത്രം സമീപകാലത്ത് വൈറലായിരുന്നു.
ചൊവ്വാഴ്ച അന്തരിച്ച ശാന്തകുമാരിയമ്മയുടെ ഭൗതികശരീരം ഇന്ന് പുലർച്ചയോടെയാണ് കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തെത്തിച്ചത്. മരണസമയത്ത് മോഹൻലാൽ അമ്മയ്ക്കരികിൽ തന്നെ ഉണ്ടായിരുന്നു.മൃതദേഹത്തെ അനുഗമിച്ച് മോഹൻലാലും ഭാര്യ സുചിത്രയും മകൾ വിസ്മയയും ഉണ്ടായിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി ശാന്തകുമാരിയമ്മയും ഭർത്താവ് വിശ്വനാഥൻ നായരും മക്കളും താമസിച്ചിരുന്ന ഈ വീട് മോഹൻലാലിന്റെ കുടുംബത്തിന് ഏറെ പ്രിയപ്പെട്ടതാണ്.
ഭർത്താവ് വിശ്വനാഥൻ നായരും മൂത്ത മകൻ പ്യാാരിലാലും അന്ത്യവിശ്രമം കൊള്ളുന്ന മുടവൻമുകളിലെ മണ്ണിൽ തന്നെയാണ് ശാന്തകുമാരിയമ്മയ്ക്കും ചിതയൊരുങ്ങുന്നത്. കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ഔദ്യോഗിക കർമ്മങ്ങൾ പൂർത്തിയാക്കിയ ശേഷം വൈകുന്നേരം നാലുമണിക്ക് സംസ്കാര ചടങ്ങുകൾ നടക്കും.