ADVERTISEMENT

സ്കൂളിൽ പഠിക്കുമ്പോൾ പേരുകൊണ്ട് ‘പണി’ കിട്ടിയവരാണ് ലവനും കുശനും. പ്രശാന്തനെയും അൻവറിനെയും ജാക്സണെയുമൊക്കെ പോലെ അടിമുടി മോഡേൺ പേരുള്ള കുട്ടിക്കൂട്ടത്തിനിടയിൽ ദാ നിൽക്കുന്നു ലവനും കുശനും. കോട്ടിട്ടവർക്കു മുന്നിൽ മുണ്ടുടുത്ത പോലെ... പോരേ, കളിയാക്കലിന്റെ കലപില.

‘‘പേര് മാറ്റാൻ ഗസറ്റിൽ കൊടുത്താലോ എന്നു പോലും ആ ലോചിച്ചതാണ്. എന്നാൽ, വളർന്നു കഴിഞ്ഞപ്പോഴാണ് പേരിന്റെ ഗമ മനസ്സിലായത്. ഒറ്റത്തവണ പേരു പറഞ്ഞാൽ മതി, ആളുകളത് ഒാർത്തിരിക്കും. സംവിധായകൻ ലാൽജോസ് സാർ പറഞ്ഞിട്ടുണ്ട്-നിങ്ങളുടെ മുഖം ഞാൻ മറന്നു പോവും. പക്ഷേ, ഈ പേര് മനസ്സിലെന്നും നിൽക്കും.’’ കൊച്ചിയിലെ ഡിജിറ്റൽ ടർബോ മീഡിയയിലിരുന്നു ലവൻ പ്രകാശനും കുശൻ പ്രകാശനും പറഞ്ഞു തുടങ്ങി.

ADVERTISEMENT

പേരിലുള്ള അദ്ഭുതം ലവനും കുശനും സിനിമയിലും കാണിക്കുന്നുണ്ട്. സിനിമയിൽ ഇല്ലാത്തത് ഉണ്ടെന്നു കാണിക്കുന്ന ‘വിഷ്വൽ ഇഫട്കുകൾ’ കൊണ്ട് ഠമാർ പഠാർ കളിക്കുകയാണ് ഈ സഹോദരങ്ങൾ.

ഗുരുവായൂരമ്പലനടയിൽ എന്ന സിനിമയി ൽ അമ്പലവും നടപ്പന്തലുമെല്ലാം ലവനും കുശനും ഒരുക്കിയ അദ്ഭുതങ്ങളാണ്. കാന്താരയിലെ കാടും തീയും ദൈവത്തിന്റെ വരവും വേട്ടയ്യനിലെ കടലിലെ ഫൈറ്റ്. ഇവയെല്ലാം കാണു മ്പോൾ പ്രേക്ഷകർ ആവേശത്തോടെ കയ്യടിക്കും. പക്ഷേ, അതില്‍ പലതും ലവനും കുശനും ഉണ്ടാക്കുന്ന ‘തോന്നലുകളാണ്.’

ADVERTISEMENT

പത്തു വർഷം കൊണ്ട് ഇ ങ്ങനെ ‘തോന്നിപ്പിച്ച’ അറൂന്നൂറിലധികം സിനിമകൾ. കാഴ്ചകൾ കൊണ്ടു കയ്യടി നേടുകയാണു ലവനും കുശനും.

പരസ്യം കണ്ടു മോഹിച്ച കാലം

ADVERTISEMENT

ലവൻ- ഏതു ജോലി ചെയ്യുന്ന ആളും അവർ‌ ചെയ്യുന്നത് മറ്റുള്ളവർ കാണണം എന്നാഗ്രഹിക്കുന്നവരാണ്. എന്നാൽ ഞങ്ങളുടേത് അങ്ങനെയല്ല. ഞങ്ങൾ ചെയ്യുന്നത് പ്രേക്ഷകർ തിരിച്ചറിയരുത്. ശരിക്കും നടന്നതു പോലെ തോന്നണം. എന്നാേല വിഷ്വൽ ഇഫക്ട് വിജയിക്കു.

കുശൻ- അറുന്നൂറിലധികം സിനിമകൾ പതിനൊന്നു വർഷം കൊണ്ടു ചെയ്തത് സ്വപ്നം പോലെ തോന്നുന്നു. ഞ ങ്ങളുടെ തുടക്കം അങ്ങനെയായിരുന്നു. കൊടുങ്ങല്ലൂരിലെ ഒരു സാധാരണ കുടുംബത്തിലാണു ജനിച്ചത്. ചേട്ടനാണ് ആദ്യം ഈ മേഖലയിലേക്ക് ഇറങ്ങുന്നത്.

ലവൻ- മൈക്കിൾ ജാക്സന്റെ വിഡിയോ പോലുള്ള ഒരു പരസ്യം അന്നുണ്ടായിരുന്നു, തൃശൂർ ഗോൾഡ് പാർക്ക് ജ്വല്ലറിയുടേത്. അതു കണ്ടാണ് വിഎഫ്എക്സ് മോഹം മനസ്സിലേക്കു വരുന്നത്.

വലിയ പൈസ മുടക്കി പഠിക്കാനുള്ള സാമ്പത്തികാവസ്ഥയൊന്നും വീട്ടിലില്ല. തേവര കോളജിൽ കംപ്യൂട്ടർ സയൻസ് ബിരുദമെടുത്ത് ഞാൻ മുബൈയിൽ ഒരു സ്ഥാപനത്തിൽ ഇൻസ്ട്രക്ടർ ആയി ചേർന്നു.

കംപ്യൂട്ടറുമായുള്ള പരിചയം മുംബൈയിലെ സ്റ്റുഡിയോയിലേക്ക് എത്തിച്ചു. അവിടെ നിന്നാണു വിഷ്വൽ എഫക്ടിന്റെ ആദ്യ പാഠങ്ങൾ അറിയുന്നത്. പല സ്റ്റൂഡിയോകളിൽ ജോലി ചെയ്തു പരിശീലനം നേടി.

കുശൻ- ചേട്ടനു പറയാൻ കംപ്യൂട്ടർ പശ്ചാത്തലം ഉണ്ട്. ഞാൻ പഠിച്ചത് വെൽഡിങ് വർക്കാണ്. അക്കാലത്തു ദുബായിൽ എക്സറേ വെൽഡർമാർക്കു വലിയ മാർക്കറ്റായിരുന്നു. ഒരു ലക്ഷം രൂപയ്ക്കു മേലെയാണു ശമ്പളം. കോഴ്സ് കഴിഞ്ഞു ദുബായ്‍യിലേക്കു പോയി.

പക്ഷേ, ഒരു പ്രതിസന്ധിയുണ്ടായി. വെൽഡിങ് ചെയ്യുമ്പോൾ കണ്ണിനു പ്രശ്നമായി. ഇൻഫക്‌ഷൻ കൊണ്ടു മൂക്കില്‍ നിന്നു ചോര വന്നു തുടങ്ങി. നാട്ടിലേക്കു തിരികെ പോരേണ്ടി വന്നു. ചേട്ടൻ എന്നെ സുഹൃത്തുക്കളുടെ സ്റ്റുഡ‍ിയോയിൽ ചേർത്തു. അന്നാണ് ആദ്യമായിട്ട് ഫോട്ടോഷോപ്പ് കാണുന്നത്. സിനിമയിലെ ഡയലോഗ് പോലെ ‘കൗതുകം കുറച്ചു കൂടുതലായതു’ കൊണ്ട് വിഎഫ്എക്സ് പെട്ടെന്നു പഠിച്ചെടുത്തു.

ലവൻ- ഞങ്ങൾ‌ രണ്ടും എടുത്ത തീരുമാനങ്ങൾ അത്ര എളുപ്പമുള്ളതായിരുന്നില്ല. ഇൻസ്ട്രക്ടറായി 35,000 രൂപയ്ക്ക് ജോലി നോക്കുമ്പോഴാണ് അതുപേക്ഷിച്ച് 2,500 രൂപയ്ക്ക് സ്റ്റുഡിയോയിൽ ജോലിക്കു കയറുന്നത്.

ഉയർന്ന ശമ്പളത്തിൽ ദുബായ്‍യിൽ ജോലി ചെയ്യുന്ന കുശൻ തിരികെ നാട്ടിലെത്തുന്നതും പിന്നെ മുംബൈയിലേക്ക് വരുന്നതും ഇതുപോലെ റിസ്ക് എടുത്തിട്ടാണ്. ഈ തീരുമാനങ്ങളൊക്കെ വലിയ റിസ്ക് ആയിരുന്നു. ഭാഷ പോലും പഠിച്ചു വരുന്നേയുള്ളൂ. ജീവിതത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ഒരന്ധാളിപ്പൊക്കെയുണ്ട്. എങ്കിലും പിടിച്ചു നിന്നു.

കുശൻ‌- ജൂനിയർ ലെവലിൽ ജോലിയൊക്കെ പഠിച്ചു മുന്നോട്ടു പോവുന്ന സമയം. തെറ്റില്ലാത്ത ശമ്പളമുണ്ട്. എല്ലാം ട്രാക്കിലാണ്. അപ്പോഴാണു ഞങ്ങൾ അടുത്ത തീരുമാനം എടുത്തത്. കൊച്ചിയിൽ ഒരു സ്റ്റുഡിയോ തുടങ്ങണം.

അഭിമുഖത്തിന്റെ പൂർണരൂപം ഈ ലക്കം വനിതയിൽ

ADVERTISEMENT