ADVERTISEMENT

സ്കൂളിൽ പഠിക്കുമ്പോൾ പേരുകൊണ്ട് ‘പണി’ കിട്ടിയവരാണ് ലവനും കുശനും. പ്രശാന്തനെയും അൻവറിനെയും ജാക്സണെയുമൊക്കെ പോലെ അടിമുടി മോഡേൺ പേരുള്ള കുട്ടിക്കൂട്ടത്തിനിടയിൽ ദാ നിൽക്കുന്നു ലവനും കുശനും. കോട്ടിട്ടവർക്കു മുന്നിൽ മുണ്ടുടുത്ത പോലെ... പോരേ, കളിയാക്കലിന്റെ കലപില.

‘‘പേര് മാറ്റാൻ ഗസറ്റിൽ കൊടുത്താലോ എന്നു പോലും ആ ലോചിച്ചതാണ്. എന്നാൽ, വളർന്നു കഴിഞ്ഞപ്പോഴാണ് പേരിന്റെ ഗമ മനസ്സിലായത്. ഒറ്റത്തവണ പേരു പറഞ്ഞാൽ മതി, ആളുകളത് ഒാർത്തിരിക്കും. സംവിധായകൻ ലാൽജോസ് സാർ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ മുഖം ഞാൻ മറന്നു പോവും. പക്ഷേ, ഈ പേര് മനസ്സിലെന്നും നിൽക്കും.’’ കൊച്ചിയിലെ ഡിജിറ്റൽ ടർബോ മീഡിയയിലിരുന്നു ലവൻ പ്രകാശനും കുശൻ പ്രകാശനും പറഞ്ഞു തുടങ്ങി.

ADVERTISEMENT

പേരിലുള്ള അദ്ഭുതം ലവനും കുശനും സിനിമയിലും കാണിക്കുന്നുണ്ട്. സിനിമയിൽ ഇല്ലാത്തത് ഉണ്ടെന്നു കാണിക്കുന്ന ‘വിഷ്വൽ ഇഫട്കുകൾ’ കൊണ്ട് ഠമാർ പഠാർ കളിക്കുകയാണ് ഈ സഹോദരങ്ങൾ.

lavafamily1
ഭാര്യ അമൃത, മകൻ റയാൻ, മകൾ അമീലി, ലവൻപ്രകാശൻ. ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ഗുരുവായൂരമ്പലനടയിൽ എന്ന സിനിമയി ൽ അമ്പലവും നടപ്പന്തലുമെല്ലാം ലവനും കുശനും ഒരുക്കിയ അദ്ഭുതങ്ങളാണ്. കാന്താരയിലെ കാടും തീയും ദൈവത്തിന്റെ വരവും വേട്ടയ്യനിലെ കടലിലെ ഫൈറ്റ്. ഇവയെല്ലാം കാണു മ്പോൾ പ്രേക്ഷകർ ആവേശത്തോടെ കയ്യടിക്കും. പക്ഷേ, അതില്‍ പലതും ലവനും കുശനും ഉണ്ടാക്കുന്ന ‘തോന്നലുകളാണ്.’

ADVERTISEMENT

പത്തു വർഷം കൊണ്ട് ഇ ങ്ങനെ ‘തോന്നിപ്പിച്ച’ അറൂന്നൂറിലധികം സിനിമകൾ. കാഴ്ചകൾ കൊണ്ടു കയ്യടി നേടുകയാണു ലവനും കുശനും.

പരസ്യം കണ്ടു മോഹിച്ച കാലം

ADVERTISEMENT

ലവൻ– ഏതു ജോലി ചെയ്യുന്ന ആളും അവർ‌ ചെയ്യുന്നത് മറ്റുള്ളവർ കാണണം എന്നാഗ്രഹിക്കുന്നവരാണ്. എന്നാൽ ഞങ്ങളുടേത് അങ്ങനെയല്ല. ഞങ്ങൾ ചെയ്യുന്നത് പ്രേക്ഷകർ തിരിച്ചറിയരുത്. ശരിക്കും നടന്നതു പോലെ തോന്നണം. എന്നാേല വിഷ്വൽ ഇഫക്ട് വിജയിക്കു.

കുശൻ– അറുന്നൂറിലധികം സിനിമകൾ പതിനൊന്നു വർഷം കൊണ്ടു ചെയ്തത് സ്വപ്നം പോലെ തോന്നുന്നു. ഞ ങ്ങളുടെ തുടക്കം അങ്ങനെയായിരുന്നു. കൊടുങ്ങല്ലൂരിലെ ഒരു സാധാരണ കുടുംബത്തിലാണു ജനിച്ചത്. ചേട്ടനാണ് ആദ്യം ഈ മേഖലയിലേക്ക് ഇറങ്ങുന്നത്.

ലവൻ– മൈക്കിൾ ജാക്സന്റെ വിഡിയോ പോലുള്ള ഒരു പരസ്യം അന്നുണ്ടായിരുന്നു, തൃശൂർ ഗോൾഡ് പാർക്ക് ജ്വല്ലറിയുടേത്. അതു കണ്ടാണ് വിഎഫ്എക്സ് മോഹം മനസ്സിലേക്കു വരുന്നത്.

kusafamily
കുശൻ പ്രകാശൻ, ആരവ്, അഞ്ജു,അമൻ ഫോട്ടോ:ശ്രീകാന്ത് കളരിക്കൽ

വലിയ പൈസ മുടക്കി പഠിക്കാനുള്ള സാമ്പത്തികാവസ്ഥയൊന്നും വീട്ടിലില്ല. തേവര കോളജിൽ കംപ്യൂട്ടർ സയൻസ് ബിരുദമെടുത്ത് ഞാൻ മുബൈയിൽ ഒരു സ്ഥാപനത്തിൽ ഇൻസ്ട്രക്ടർ ആയി ചേർന്നു.

കംപ്യൂട്ടറുമായുള്ള പരിചയം മുംബൈയിലെ സ്റ്റുഡിയോയിലേക്ക് എത്തിച്ചു. അവിടെ നിന്നാണു വിഷ്വൽ എഫക്ടിന്റെ ആദ്യ പാഠങ്ങൾ അറിയുന്നത്. പല സ്റ്റൂഡിയോകളിൽ ജോലി ചെയ്തു പരിശീലനം നേടി.

കുശൻ– ചേട്ടനു പറയാൻ കംപ്യൂട്ടർ പശ്ചാത്തലം ഉണ്ട്. ഞാൻ പഠിച്ചത് വെൽഡിങ് വർക്കാണ്. അക്കാലത്തു ദുബായിൽ എക്സറേ വെൽഡർമാർക്കു വലിയ മാർക്കറ്റായിരുന്നു. ഒരു ലക്ഷം രൂപയ്ക്കു മേലെയാണു ശമ്പളം. കോഴ്സ് കഴിഞ്ഞു ദുബായ്‍യിലേക്കു പോയി.

പക്ഷേ, ഒരു പ്രതിസന്ധിയുണ്ടായി. വെൽഡിങ് ചെയ്യുമ്പോൾ കണ്ണിനു പ്രശ്നമായി. ഇൻഫക്‌ഷൻ കൊണ്ടു മൂക്കില്‍ നിന്നു ചോര വന്നു തുടങ്ങി. നാട്ടിലേക്കു തിരികെ പോരേണ്ടി വന്നു. ചേട്ടൻ എന്നെ സുഹൃത്തുക്കളുടെ സ്റ്റുഡ‍ിയോയിൽ ചേർത്തു. അന്നാണ് ആദ്യമായിട്ട് ഫോട്ടോഷോപ്പ് കാണുന്നത്. സിനിമയിലെ ഡയലോഗ് പോലെ ‘കൗതുകം കുറച്ചു കൂടുതലായതു’ കൊണ്ട് വിഎഫ്എക്സ് പെട്ടെന്നു പഠിച്ചെടുത്തു.

ലവൻ– ഞങ്ങൾ‌ രണ്ടും എടുത്ത തീരുമാനങ്ങൾ അത്ര എളുപ്പമുള്ളതായിരുന്നില്ല. ഇൻസ്ട്രക്ടറായി 35,000 രൂപയ്ക്ക് ജോലി നോക്കുമ്പോഴാണ് അതുപേക്ഷിച്ച് 2,500 രൂപയ്ക്ക് സ്റ്റുഡിയോയിൽ ജോലിക്കു കയറുന്നത്.

ഉയർന്ന ശമ്പളത്തിൽ ദുബായ്‍യിൽ ജോലി ചെയ്യുന്ന കുശൻ തിരികെ നാട്ടിലെത്തുന്നതും പിന്നെ മുംബൈയിലേക്ക് വരുന്നതും ഇതുപോലെ റിസ്ക് എടുത്തിട്ടാണ്. ഈ തീരുമാനങ്ങളൊക്കെ വലിയ റിസ്ക് ആയിരുന്നു. ഭാഷ പോലും പഠിച്ചു വരുന്നേയുള്ളൂ. ജീവിതത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ഒരന്ധാളിപ്പൊക്കെയുണ്ട്. എങ്കിലും പിടിച്ചു നിന്നു.

കുശൻ‌– ജൂനിയർ ലെവലിൽ ജോലിയൊക്കെ പഠിച്ചു മുന്നോട്ടു പോവുന്ന സമയം. തെറ്റില്ലാത്ത ശമ്പളമുണ്ട്. എല്ലാം ട്രാക്കിലാണ്. അപ്പോഴാണു ഞങ്ങൾ അടുത്ത തീരുമാനം എടുത്തത്. കൊച്ചിയിൽ ഒരു സ്റ്റുഡിയോ തുടങ്ങണം.

സ്ക്രാപ്പിൽ നിന്നു വാങ്ങിയ കംപ്യൂട്ടറുകൾ

ലവൻ‍– ഞാനും ഭാര്യ അമൃതയും ‘ടർബോ’ എന്ന ത്രീഡി കാർട്ടൂൺ കാണുന്ന സമയത്താണു കുശൻ വിളിച്ച് ഈ കാര്യം പറയുന്നത്. ഞങ്ങൾ അപ്പോൾ തന്നെ സ്റ്റുഡിയോയ്ക്ക് പേരിട്ടു–ഡിജിറ്റൽ ടർബോ മീഡിയ. ലോഗോയും ഉ ണ്ടാക്കി. അങ്ങനെ ഞങ്ങൾ മുംബൈയിൽ നിന്നു കൊച്ചിയിലേക്കു പോന്നു. ഒരു ബാക്ക് അപ്പും ഇല്ല.

തുടക്കകാലം പ്രതിസന്ധിയുണ്ടാവുമെന്നുറപ്പ്. അമൃതയും സ്റ്റുഡിയോയിൽ തന്നെയാണു ജോലി ചെയ്യുന്നത്. ഹൗസിങ് ലോൺ ‍അമൃത ഏറ്റു. സാമ്പത്തിക ഞെരുക്കം ഉണ്ടായേക്കാം. എങ്കിലും സ്വപ്നത്തിനു പിറകേ പോയി.

കുശൻ–കമ്പനിക്ക് ലോഗോയും പേരും ആയി. പക്ഷേ സ്വന്തമായൊരു മുറി വേണ്ടേ? പനമ്പിള്ളി നഗറിൽ വേണമെന്നായിരുന്നു മോഹം. അയ്യായിരം രൂപയാണ് ഞങ്ങളുടെ ബജറ്റ്. പക്ഷേ, അവിടെ മുറി കിട്ടാൻ ചുരുങ്ങിയത് പന്ത്രണ്ടായിരം എങ്കിലും വേണം.

ത്രീഡി വർക്കുകൾ െചയ്യുന്ന സുഹൃത്ത് കൊച്ചിയിൽ സ്ഥലം തേടുന്നുണ്ടായിരുന്നു. ഒരു ടേബിൾ അവനു കൊടുത്തു. അങ്ങനെ പതിനായിരം രൂപയായി. ബാക്കി രണ്ടായിരം വേണം. മറ്റൊരു സുഹൃത്തിനു കൊറിയർ വരാനായി കൊച്ചിയിൽ ഒരു അഡ്രസ് വേണമായിരുന്നു. അവനെയും കൂട്ടി. അങ്ങനെ 2015 ൽ കൊച്ചിയിൽ ഡിടിഎം ആരംഭിച്ചു.

ലവൻ– ആ കാലത്തു മലയാള സിനിമയിലെ പല വിഎഫ്എക്സ് ജോലികളും മുംബൈയിലും ബെംഗളൂരിലും ഒക്കെയാണ് ചെയ്യുന്നത്. പോരെങ്കിൽ ഞങ്ങൾക്കു ഗോഡ്ഫാദർമാരാരും ഇല്ല. ഒാഫിസിൽ മീറ്റിങിന് പലരും വ രും. സംസാരിക്കും ഞങ്ങൾ ചെയ്ത വർക്കുകൾ കാണും. പ ക്ഷേ ഒന്നും ശരിയാവുന്നില്ല.

‌പതുക്കെയാണു കാര്യങ്ങൾ മനസിലായത്. അന്നാകെ രണ്ടു സിസ്റ്റമേയുള്ളൂ. മുംബൈയിലൊക്കെയുള്ള സ്റ്റുഡിയോകളിൽ മുപ്പതും നാൽപ്പതും പേർ ഒരുമിച്ച് ജോലിചെയ്യും. അതുമായി താരതമ്യം ചെയ്താൽ ഞങ്ങളുടെ സ്റ്റുഡിയോ ഒന്നും അല്ല.

അപ്പോഴാണ് െഎഡിയ ഉദിച്ചത്. സൗത്ത് പാലത്തിന്റെ താഴെയുള്ള ആക്രിക്കടയിൽ പോയി. 1500 രൂപയ്ക്ക് ഇരുപത് കംപ്യൂട്ടർ മോണിറ്ററുകള്‍ വാങ്ങി. അത് ടേബിളിൽ‌ നിരത്തി വച്ചു. മേശയുടെ താഴെ ഭാഗം റെക്സിന്‍ കൊണ്ടു മറച്ചു. ചുരുക്കത്തിൽ ഇരുപതോളം പേർ ആ മുറിയിൽ ജോലി ചെയ്യുന്ന ‘വിഷ്വൽ ഇഫക്ട്’ ഞങ്ങളുണ്ടാക്കി.

ക്ലൈന്റ് വരുമ്പോൾ ജോലിചെയ്യുന്നവർ ചായകുടിക്കാ ൻ പോയെന്നും മറ്റും കുഞ്ഞു കളവുകൾ പറയും. അതു ക്ലിക്ക് ആയി.

കമ്മട്ടിപ്പാടത്തിൽ നിന്ന്

കുശൻ– കമ്മട്ടിപ്പാടമായിരുന്നു ആദ്യം ശ്രദ്ധിക്കപ്പെട്ട സിനിമ. സത്യത്തിൽ കമ്മട്ടിപ്പാടം വിഎഫ്എക്സ് ചെയ്തതിൽ ഞങ്ങൾ സംതൃപ്തരായിരുന്നില്ല. അതുകൊണ്ടു തന്നെ ബ്രേക്ക് ഡൗണ്‍ വിഡിയോ(വിഎഫ്എക്സ് ചെയ്യുന്നതിനും മുൻപും ശേഷവും ഉള്ള കാഴ്ചകൾ ഏകോപിപ്പിച്ച വിഡിയോ) സോഷ്യൽമീഡിയയിൽ ഇടേണ്ടെന്നു തീരുമാനിച്ചു. ഒരു ദിവസം എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ എന്ന മട്ടിൽ ഞാനതു പ്ലേ ചെയ്യുകയായിരുന്നു.

അപ്പോഴാണ് എഡിറ്റർ അയൂബ് ഖാനും കുറച്ചു സുഹൃത്തുക്കളും കൂടി വന്നത്. അതിലൊരാൾ‌ ഈ വിഡിയോ കണ്ട് അദ്ഭുതത്തോടെ ചോദിച്ചു ഈ സീനൊന്നും ശരിക്കും ഷൂട്ട് ചെയ്തതല്ലേ? നിങ്ങൾ ഉണ്ടാക്കിയതാണോ? അതു ഞങ്ങൾക്ക് ആത്മവിശ്വാസം തന്നു. അങ്ങനെ ആ ബ്രേക്ക് ഡൗൺ വിഡിയോ സോഷ്യൽ മീഡിയയിൽ ഇട്ടു. അന്നതു വലിയ ഹിറ്റായി.

ലവൻ– വിഎഫ്എക്സ് എന്ന ഡിപ്പാർട്മെന്റ് ഇന്നത്തെയത്ര സജീവമായിരുന്നില്ല. ബജറ്റ് പോലും വളരെ കുറവായിരുന്നു. ഞങ്ങളെന്താണു ചെയ്യുന്നതെന്നു പോലും കൃത്യമായ ധാരണ പല പ്രൊഡ്യൂസർമാർക്കും ഉണ്ടായിരുന്നില്ല. ഇന്നതിനൊക്കെ വ്യത്യാസം വന്നു.

വേട്ടയ്യൻ എന്ന സിനിമ ഞങ്ങളാണു ചെയ്തത്. കേരളത്തിൽ നിന്നുള്ള ഒരു സ്ഥാപനത്തിന് ആ ചിത്രത്തിന്റെ വർക്ക് കിട്ടി എന്നത് അന്നു പലർക്കും അവിശ്വസനീയമായിരുന്നു. പണ്ടു കേരളത്തിൽ നിന്നുള്ള സിനിമകൾ പോസ്റ്റ് പ്രൊഡക്‌ഷൻ‌ ജോലികൾക്കായി പുറത്തേക്ക് പോവുകയായിരുന്നു പതിവ്. ഇപ്പോൾ കേരളത്തിനു പുറത്തു നിന്ന് ഇങ്ങോട്ടു വന്നു തുടങ്ങി.

കുശൻ– രണ്ടോ മൂന്നോ സിസ്റ്റത്തില്‍ തുടങ്ങിയ കമ്പനിയിൽ ഇന്നു നൂറോളം പേർ നേരിട്ടും അല്ലാതെയും ജോലിചെയ്യുന്നുണ്ട്. സുപ്രഭാതത്തിലുണ്ടായതല്ല ഈ വിജയം. തുടക്കത്തിൽ മുപ്പതു ദിവസവും ജോലി നോക്കിയിട്ടുണ്ട്. രണ്ടോ മൂന്നോ മണിക്കൂർ മാത്രമേ ഉറങ്ങിയിട്ടുള്ളൂ. രാവിലെ മുതൽ വൈകീട്ട് വരെ ജോലി ചെയ്യും. എന്നിട്ടു കുളിച്ച് ഉടുപ്പു മാറി പിന്നെയും വരും. അടുത്ത ഡ്യൂട്ടിക്കു കയറിയതാണെന്നു ഞങ്ങളെ തന്നെ ബോധ്യപ്പെടുത്താനാണതു ചെയ്യുന്നത്. വർഷങ്ങളോളം ഒരാഘോഷവും ഞങ്ങൾ അറി‍‌ഞ്ഞിട്ടില്ല.

പുതുതലമുറയോട്

കുശൻ– വിഎഫ്എക്സ് പഠിപ്പിക്കുന്ന ഒരു ഇൻസ്റ്റിറ്റ്യൂട്ട് ഞങ്ങൾ നടത്തുന്നുണ്ട്. അവിടെ വരുന്ന കുട്ടികളോടു പറയാറുണ്ട്, പാഷൻ ഉണ്ടെങ്കിൽ മാത്രം വരാവുന്ന ജോലിയാണിത്. ടാലന്റിനാണു പ്രതിഫലം.

ലവൻ‌– ഞങ്ങളുെട പാഷനോടൊപ്പം കുടുംബവും നിന്നു. അതാണു വിജയത്തെ മധുരമാക്കുന്നത്. വീട്ടിലെ എത്രയോ ആഘോഷത്തിനൊപ്പം നിൽക്കാനായിട്ടില്ല. ഭാര്യ അമൃത വിഎഫ്എക്സ് മേഖലയിൽ തന്നെയായിരുന്നു ജോലി ചെയ്തിരുന്നത്.

കുശൻ– അഞ്ജു ആണ് ഭാര്യ. അഞ്ജുവിന് സിനിമയുടെ സബ്ടെറ്റിലുകൾ ചെയ്യുന്ന കമ്പനിയുണ്ട്.

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച എവിജിസി (അനിമേഷൻ, വിഷ്വൽഇഫക്ട്സ്, ഗെയിമിങ്, കോമിക്) പുരസ്കാരം സ്വന്തമാക്കിയ തെലുങ്കു ചിത്രം ഹനുമാൻ, മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഉള്ളൊഴുക്ക് മികച്ച തമിഴ് ചിത്രമായ പാർക്കിങ് മികച്ച ഹിന്ദി ചിത്രമായ ഖട്ടൽ എ ജാക് ഫൂട്ട് മിസ്റ്ററി ഇവയുടെ വിഎഫ്എക്സ് ജോലികൾ ചെയ്തത് ഡിടിഎമ്മിലാണ്. നാലു ഭാഷകളിൽ ഒരേ സമയം പുരസ്കാരം ലഭിച്ച സിനിമകളിൽ ജോലി ചെയ്യാനായത് അപൂർവമാണ്.

ലവൻ– പഴയ ഒാഫിസിന്റെ ഒരു ഫോട്ടോ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. എവിടെ നിന്നെത്തി എന്നോർമിക്കാൻ ആ പഴയ ഫോട്ടോ ഇടയ്ക്കിടെ എടുത്തു നോക്കാറുണ്ട്.

The Journey of Digital Turbo Media:

Lavan and Kushan are visual effects artists making waves in the Malayalam film industry. Focusing on creating believable illusions, they have contributed to over 600 films, gaining recognition for their work.

ADVERTISEMENT