‘ആഴത്തിലുള്ള വിഷാദം, വിവാഹജീവിതം തന്നെ നഷ്ടപ്പെട്ടതായി തോന്നുന്നു’: ആശങ്ക നിറയും കുറിപ്പുമായി ദുർഗ കൃഷ്ണ Durga Krishna Opens Up About Postpartum Struggles
Mail This Article
മാതൃത്വം എന്ന ജീവിതത്തിലെ മനോഹരമായ അധ്യായത്തിലൂടെ കടന്നു പോകുകയാണ് നടി ദുർഗ കൃഷ്ണ. തന്റെ പൈതലിനൊപ്പമുള്ള മനോഹര നിമിഷങ്ങൾ ദുർഗ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്. പക്ഷേ ദുർഗ പങ്കുവച്ചൊരു ഇൻസ്റ്റഗ്രാം സോറ്റോറിയെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച മുഴുവൻ. അമ്മയായതിനു പിന്നാലെ താൻ അനുഭവിക്കുന്ന സമ്മർദ്ദത്തെക്കുറിച്ചും ഒറ്റപ്പെടലിനെ കുറിച്ചുമാണ് ദുർഗയുടെ കുറിപ്പ്.
‘നിങ്ങൾ നിങ്ങളുടെ കുഞ്ഞിനെ ചേർത്തുപിടിക്കുന്നു, പക്ഷേ നിങ്ങളെ ആര് ചേർത്തുപിടിക്കുന്നു?’ എന്ന വേദന നിറയുന്ന ആമുഖത്തോടെയാണ് ദുർഗ തന്റെ വേദനയുടെ കഥ സോഷ്യൽ മീഡിയയിൽ അവതരിപ്പിക്കുന്നത്.
ഗർഭകാലത്ത് തന്നെ പൊന്നുപോലെ നോക്കിയിരുന്ന പങ്കാളി ഇപ്പോൾ തന്നെ കാണുന്നില്ലെന്നും അദ്ദേഹം കേവലം ഒരു 'കോ-പാരന്റ്' മാത്രമായി മാറിയെന്നും ദുർഗ പറയുന്നു. തന്റെ കരിയറും ശരീരവും ഉറക്കവും ആരോഗ്യവും വരെ ത്യാഗം ചെയ്താണ് ഒരു ജീവന് ജന്മം നൽകിയതെന്നും, എന്നാൽ ആ സമയമെല്ലാം ഭർത്താവ് മറ്റൊരു മുറിയിൽ സുഖമായി ഉറങ്ങുകയായിരുന്നു എന്നും നടി വേദനയോടെ കുറിച്ചു. താൻ സൃഷ്ടിച്ച ജീവനോട് വല്ലാത്ത ഇഷ്ടമാണെന്നും, പക്ഷേ ഇപ്പോൾ അനുഭവിക്കുന്ന ഏകാന്തത തന്നെ വിഷാദത്തിലാക്കുന്നുവെന്നും ദുർഗ പറഞ്ഞു.
പ്രസവാനന്തരം ആരും നിങ്ങൾക്ക് മുന്നറിയിപ്പ് തരാത്ത ഏറ്റവും പ്രയാസമേറിയ കാര്യം എന്താണ്? എന്ന പ്രേക്ഷകന്റെ ചോദ്യത്തിന് മറുപടിയായാണ് ദുർഗയുടെ കുറിപ്പ്. കുഞ്ഞിനോടുള്ള സ്നേഹക്കൂടുതലിനിടയിലും താൻ അദൃശ്യയായി മാറുന്നതിലെ സങ്കടം പങ്കുവച്ചുകൊണ്ടുള്ള താരത്തിന്റെ ഈ വെളിപ്പെടുത്തൽ ആരാധകരെയും സിനിമാ ലോകത്തെയും ഒരുപോലെ ആശങ്കപ്പെടുത്തുകയാണ്.
‘എനിക്ക് ഇത് ഉറക്കെ പറയേണ്ടതുണ്ട്, എന്റെ കുഞ്ഞിനോട് എനിക്ക്അളവില്ലാത്ത സ്നേഹമാണുള്ളത്. പക്ഷേ പുറമേ നിന്ന് നോക്കുന്നവർക്ക് തിരിച്ചറിയാൻ കഴിയാത്ത വിധത്തിലുള്ള ആഴത്തിലുള്ള ഒരു സങ്കടത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. ഈ സ്നേഹക്കൂടുതലിനിടയിൽ ഞാൻ ശ്വാസം മുട്ടുകയാണ്. സത്യം പറഞ്ഞാൽ, എനിക്ക് എന്റെ ഭർത്താവിനെ നഷ്ടപ്പെട്ടതായും പകരം ഒരു 'കോ-പാരന്റിനെ' മാത്രം ലഭിച്ചതായും തോന്നുന്നു. ഗർഭകാലത്ത് എന്നെ നോക്കിയിരുന്ന ആ വ്യക്തി എവിടെയോ മറഞ്ഞുപോയിരിക്കുന്നു. അദ്ദേഹത്തിന് ഇപ്പോൾ കുഞ്ഞിനെ മാത്രമേ കാണാൻ കഴിയുന്നുള്ളൂ. ഞാൻ അവിടെ അദൃശ്യയായി മാറി.
എന്റെ കരിയർ, എന്റെ ശരീരം, എന്റെ ആരോഗ്യം, എന്റെ ഉറക്കം എന്നിവയെല്ലാം ത്യാഗം ചെയ്തത് ഞാനാണ്. അദ്ദേഹം മറ്റൊരു മുറിയിൽ ഉറങ്ങുമ്പോൾ, രാത്രിയുടെ നിശബ്ദതയിൽ ഉണർന്നിരിക്കുന്നത് ഞാനാണ്. എന്റെ ശേഷിക്കുന്ന കരുത്തെല്ലാം ഉപയോഗിച്ച് ഞാൻ കുഞ്ഞിനെ പിടിച്ചിരിക്കുകയാണ്. എന്റെ ശേഷിക്കുന്ന കരുത്ത് ഉപയോഗിച്ച് ഞാൻ കുഞ്ഞിനെ പിടിച്ചിരിക്കുകയാണ്, പക്ഷേ എന്നെ താങ്ങാൻ ആരുമില്ലാത്തതിനാൽ എന്റെ കൈകൾ വിറയ്ക്കുന്നു. എനിക്ക് എന്റെ വിവാഹജീവിതം തന്നെ നഷ്ടപ്പെട്ടതായി തോന്നുന്നു. ഞാൻ സൃഷ്ടിച്ച ഈ ജീവനോട് എനിക്ക് വല്ലാത്ത ഇഷ്ടമാണ്, പക്ഷേ ഇപ്പോൾ ഞാൻ ജീവിക്കുന്ന ഈ ഏകാന്തത എന്നെ വിഷാദത്തിലാക്കുന്നു,' ദുർഗ കൃഷ്ണ പറഞ്ഞു. റെഡിറ്റിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ദുർഗയുടെ ഈ കുറിപ്പ് ശ്രദ്ധ നേടുന്നുണ്ട്.
2021-ലായിരുന്നു ദുർഗയും അർജുൻ രവീന്ദ്രനും വിവാഹിതരായത്. 2025 നവംബറിലാണ് ഇവർക്ക് ഒരു പെൺകുഞ്ഞ് പിറന്നത്. ഉടൽ, വിമാനം, പ്രേതം 2 , കുട്ടിമാമ തുടങ്ങി നിരവധി സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് ദുർഗ കൃഷ്ണ. 2024-ൽ പുറത്തിറങ്ങിയ 'തങ്കമണി'യിലാണ് ദുർഗ അവസാനമായി അഭിനയിച്ചത്. മോഹൻലാൽ നായകനാകുന്ന 'റാം' ആണ് ദുർഗയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.