ബ്രിട്ടനിലെ സിൽവർസ്റ്റോൺ റേസിങ് ട്രാക്കിൽ നടന്ന മിഷേലിൻ ലെ മാൻസ് കപ്പ് മത്സരത്തില്‍ പങ്കെടുത്ത് നടൻ അജിത് കുമാര്‍. അജിത്തിന്റെ ‘അജിത്ത് റെഡ്ആൻഡ് ബൈ വിരാജ്’ (Ajith RedAnt by Virage) ടീം മത്സരത്തിൽ 38-ാം സ്ഥാനത്ത് ഫിനിഷ് ചെയ്തെങ്കിലും റേസിനേക്കാൾ ശ്രദ്ധ നേടിയത് ‘തല’ അജിത്തും ‘ദളപതി’ വിജയ് യും ഒരേ വേദിയിൽ പങ്കിട്ട സൗഹൃദനിമിഷങ്ങളായിരുന്നു.
റേസിന് മുന്നോടിയായി അജിത്തിനെ കാണാനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് അദ്ദേഹത്തെ സ്നേഹപൂർവം ആലിംഗനം ചെയ്തു. തിരക്കേറിയ ഔദ്യോഗിക പരിപാടികൾക്കിടയിലും റേസ് കാണാൻ വിജയ് സമയം കണ്ടെത്തിയതിൽ നന്ദിയുണ്ടെന്നും അജിത് പറഞ്ഞു. രാജ്യാന്തര നിലവാരത്തിലുള്ള മോട്ടർസ്പോർട്സ് മത്സരങ്ങൾ ഇന്ത്യയിലും പ്രത്യേകിച്ച് ചെന്നൈയിലും നടത്താൻ കഴിയണമെന്ന ആഗ്രഹവും അദ്ദേഹം പങ്കുവച്ചു.
വിജയ് യുടെ സിൽവർസ്റ്റോൺ സന്ദർശനത്തിന് കായികപരമായ പ്രാധാന്യവും ഉണ്ടായിരുന്നു. തമിഴ്നാട്ടിൽ നിർദേശിക്കപ്പെട്ട മോട്ടർസ്പോർട്സ് സിറ്റിക്കായി ലോകോത്തര റേസിങ് വേദിയിലെ സൗകര്യങ്ങളും അടിസ്ഥാന സംവിധാനങ്ങളും മനസ്സിലാക്കാനുള്ള അവസരമായിരുന്നു സന്ദർശനം. 44 കാറുകൾ അണിനിരന്ന മത്സരത്തിന് വിജയ് ഔദ്യോഗികമായി പച്ചക്കൊടി വീശി.
മത്സരത്തിൽ അജിത്തും ഫ്രഞ്ച് ഡ്രൈവർ റൊമെയ്ൻ വോസ്നിയാക്കും ചേർന്ന ‘അജിത്ത് റെഡ്ആൻഡ് ബൈ വിരാജ്’ ടീം 38-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. നേരത്തെ LMP3 Pro/Am വിഭാഗത്തിൽ എട്ടാം സ്ഥാനത്തായിരുന്നു ടീം യോഗ്യത നേടിയത്. എന്നാൽ രണ്ട് മണിക്കൂർ നീണ്ട പ്രധാന മത്സരത്തിൽ ആ സ്ഥാനം നിലനിർത്താനായില്ല.
അജിത്തിന്റെ റേസിങ് കാണാൻ തമിഴ് സിനിമയിലെ മറ്റു പ്രമുഖരും സിൽവർസ്റ്റോണിലെത്തി. നടി തൃഷ കൃഷ്ണൻ, നടി രാധിക ശരത്കുമാര്‍ എന്നിവരും റേസിങ് കാണാനെത്തി. സിൽവർസ്റ്റോണില്‍ നടന്ന അപൂർവ താരസംഗമം അജിത്തിന്റെയും വിജയ്യുടെയും ആരാധകര്‍ ചേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കി.