Thursday 13 October 2022 02:43 PM IST

‘കോവിഡ് കാലം കഴിയും വരെയേ കാത്തിരിക്കേണ്ടി വന്നുള്ളൂ, ആ ഭാഗ്യം അപർണയെ തേടി വന്നു’

Rakhy Raz

Sub Editor

aparna-das-new

ആദിത്യ മോനും അതിഥി മോളും തൃശൂര് ട്രെയ്നില് പോയി... തൃശൂര് ട്രെയ്നില് പോയി... അവിടെ ഗുഡ്സ് ട്രെയ്നിനെ ഗുഡ്സ് ട്രെയ്നിനെ ആദ്യം കണ്ടത് യാര്..’

അപർണയുടെ ചുണ്ടിൽ ഇപ്പോൾ തത്തിക്കളിക്കുന്ന പാട്ട് കേട്ടാൽ ആരും ചോദിച്ചു പോകും ‘അടുത്ത സിനിമയിൽ തൃശൂര്കാരിയായിട്ടാ?’

‘‘അയ്യോ അല്ല, ഇതൊരു തമിഴ് പാട്ടാണ്’’. റിലീസിന് ഒരുങ്ങുന്ന അപർണയുടെ പുതിയ തമിഴ് ചിത്രത്തിലേതാണ് ഈ പാട്ട്. ‘‘സിനിമയിൽ ഞാൻ മലയാളിയില്ല. പക്ഷേ, ഗാനരചയിതാവ് മലയാളി ആണ്. അതാണ് തനി തമിഴ് പാട്ടിന് ഇങ്ങനെയാരു തുടക്കം.’’.

മലയാളത്തിലും തമിഴിലും നല്ല തുടക്കം കിട്ടിയ അപർണ കൂടുതൽ സിനിമകൾക്കായി ഒാടിനടന്നില്ല. ‘‘ഏതു ഭാഷയിലായാലും നല്ല കഥാപാത്രങ്ങൾ കിട്ടണം.’’ കോവിഡ് കാലം കഴിയും വരെയേ അപർണയ്ക്ക് കാത്തിരിക്കേണ്ടി വന്നുള്ളൂ. ആ ഭാഗ്യം തേടി വന്നു.

നല്ല ജോലിയിൽ നിന്നാണല്ലോ സിനിമയിലെത്തിയത് ?

സിനിമയോടായിരുന്നു എന്നും പാഷൻ. എനിക്ക് തിരിച്ചറിവ് വന്ന കാലം മുതൽ സിനിമയിൽ വരണം എന്ന് ആഗ്രഹിച്ചിരുന്നു. ബിബിഎ പഠനം കഴിഞ്ഞപ്പോൾ ഇനി സ്വന്തമായി സമ്പാദിക്കണം എന്നു തോന്നി. അങ്ങനെ ജോലി ചെയ്യാൻ തീരുമാനിച്ചു. പഠിച്ച വിഷയവുമായി യാതൊരു ബന്ധവും ഇല്ലാത്ത ജോലി.

അക്കൗണ്ട്സ് ആൻഡ് ലോജിസ്റ്റിക്സ് കമ്പനിയിലെ ജോലിക്കൊപ്പം എംബിഎയും ചെയ്തെങ്കിലും ജോലിയി ൽ പ്രവേശിച്ച് മൂന്നു വർഷം കഴിഞ്ഞപ്പോൾ മനസ്സിലിരുന്ന് ആരോ പറയുന്നു. ‘ഒൻപതു മുതൽ അഞ്ചു വരെയുള്ള ജോലിയല്ല നിന്റെ വഴി’ എന്ന്.

ഇത്രയും കാലം മനസ്സിൽ കൊണ്ടുനടന്ന സിനിമ എന്ന പാഷൻ വിട്ടു കളഞ്ഞാൽ ഒരുപാട് വൈകിപ്പോകും എന്നു മനസ്സിലായി. അപ്പോൾ മുതൽ ഞാൻ ഫിലിം പ്രൊഡക‌്‌ഷൻ ടീമുകൾക്ക് പ്രൊഫൈൽ അയയ്ക്കാൻ തുടങ്ങി.

സത്യൻ സിനിമയിലൂടെ തുടങ്ങാൻ സാധിച്ചു ?

അവധിക്ക് ഞാൻ നാട്ടിൽ വന്ന സമയത്താണ് അഖിൽ സത്യൻ ഇൻസ്റ്റഗ്രാമിൽ മെസേജ് ചെയ്തത്. ‘ഒഡീഷ ൻ വിഡിയോ അയയ്ക്കൂ’ എന്ന്. കാത്തിരുന്ന അവസരം അ താ, വാതിൽക്കൽ വന്ന് നിൽക്കുന്നു. വിഡിയോ അയച്ചു.സത്യൻ സാറിനെ നേരിട്ട് പോയി കാണുകയും ചെയ്തു. ‘ഞാൻ പ്രകാശനി’ൽ ലഭിച്ച റോൾ ചെറുതായിരുന്നെങ്കിലും തുടക്കം നന്നായി. രണ്ടാമത്തെ മലയാള സിനിമയായ ‘മനോഹര’ത്തിന്റെ സംവിധായകന് എന്റെ പ്രൊഫൈൽ അയച്ചു കൊടുത്തത് സത്യൻ അന്തിക്കാടിന്റെ മകൻ അ ഖിൽ സത്യൻ തന്നെയായിരുന്നു. അതിലെ മറ്റൊരു കഥാപാത്രത്തിനാണ് ആദ്യം അവരെന്നെ തിരഞ്ഞെടുത്തത്. അൽപം കഴിഞ്ഞ് ഒന്നുകൂടി ഒഡീഷൻ ചെയ്തു. അങ്ങനെ ആ ചിത്രത്തിൽ നായികയായി.

മൂന്നാം ചിത്രം വിജയ്ക്കൊപ്പം ‘ബീസ്റ്റ്’. അതൊരു വലിയ നേട്ടമായി ?

സിനിമ കരിയർ തുടങ്ങിയ ഘട്ടത്തിലാണ് കോവിഡിന്റെ വരവ്. കരിയറിന്റെ തുടക്കത്തിൽ തന്നെ വെറുതേയിരിക്കേണ്ടി വന്നല്ലോ എന്ന് വലിയ വിഷമമായി. പക്ഷേ, കോവിഡ് കഴിഞ്ഞ് വീണ്ടും സിനിമ ‘ഓൺ’ ആയിത്തുടങ്ങിയ സമയത്താണ് അതിശയിപ്പിച്ചുകൊണ്ട് ‘ബീസ്റ്റ്’ തേടി വരുന്നത്. കോയമ്പത്തൂരിൽ പഠിച്ചതുകൊണ്ട് തമിഴ് അത്യാവശ്യം അറിയാമായിരുന്നു. ‘ബീസ്റ്റി’ന്റെ സംവിധായകനെ ചെന്ന് കണ്ടു ഞാൻ തമിഴിൽ സംസാരിച്ചു. അദ്ദേഹത്തിന് ഇഷ്ടമായി. അങ്ങനെ അന്യഭാഷയിലെ തുടക്കം വളരെ വലിയൊരു പ്രൊഡക്‌ഷന്റെ ഭാഗമായിക്കെണ്ടാകാൻ കഴിഞ്ഞു.

അഭിനയം തന്ന ഏറ്റവും വലിയ ഭാഗ്യമെന്താണ്?

ഞാൻ ബിഗ് സ്ക്രീനിൽ ആരാധനയോടെ കണ്ട വ്യക്തികളെ പരിചയപ്പെടാനും അവരെ ഫോണിൽ വിളിക്കാനുമൊക്കെ പറ്റുന്നുണ്ടല്ലോ. അതിലും വലിയ സന്തോഷമെന്താ?

തമിഴിൽ ‘ഡാഡ’ എന്ന ചിത്രത്തിന്റെ ഷൂട്ട് തീർന്നിട്ടില്ല. അതിനു ശേഷം മലയാളത്തിൽ പറഞ്ഞുറപ്പിച്ച പ്രൊജക്റ്റുകളുണ്ട്. പാലക്കാട് നെന്മാറയാണ് നാട്. അച്ഛനും അമ്മയ്ക്കും മസ്കത്തിലാണ് ജോലി. അച്ഛൻ കൃഷ്ണദാസ് ബിസിനസ് ചെയ്യുന്നു. അമ്മ പ്രസീത ദാസ് ഒരു കമ്പനിയുടെ മാർക്കറ്റിങ് ഹെഡ്. ഏഴാം ക്ലാസ് വരെ ഞാൻ നാട്ടിൽ, ഗംഗോത്രി ഇംഗ്ലിഷ് മീഡിയം സ്കൂളിലാണ് പഠിച്ചത്. പിന്നീട് മസ്കത്തിൽ ഇന്ത്യൻ സ്കൂളിൽ ചേർന്നു. ബിബിഎ കോയമ്പത്തൂരും.

സിനിമ കരിയറായ ശേഷം ഞാനും അനുജൻ അഭിഷേക് ദാസും കൊച്ചിയിലാണ് താമസം. അഭിഷേക് രാജഗിരി കോളജിൽ നിന്നു ബികോം കഴിഞ്ഞു.

സിനിമയിലെ പുത്തൻ മാറ്റങ്ങൾ എങ്ങനെ കാണുന്നു?

വലിയ സിനിമകൾ തിയറ്ററിലും ചെറിയ സിനിമകൾ ഒടിടിയിലും കാണുന്ന രീതിയല്ലേ ഇന്ന് കൂടുതലും കാണുന്നത്. എന്നിട്ടു പോലും ‘പ്രിയൻ ഓട്ടത്തിലാണ്’ എന്ന ചെറിയ സിനിമയ്ക്ക് എനിക്ക് വളരെയധികം അഭിപ്രായവും അഭിനന്ദനങ്ങളും കിട്ടി. ‘ബീസ്റ്റും’ ‘പ്രിയൻ ഓട്ടത്തിലാണ്’ എ ന്ന ചിത്രവും ഒരേ സമയമാണ് ഷൂട്ടിങ് നടന്നത്. അതുകൊണ്ട് അവ രണ്ടും എന്റെ മൂന്നാമത്തെ സിനിമയാണ്. തുടരെ തുടരെ സിനിമ കിട്ടണം എന്ന നിർബന്ധമില്ല. പക്ഷേ, എന്നെ ആളുകൾ എന്നും ഒാർക്കണം എന്ന് വാശിയുണ്ട്.

രാഖി റാസ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ